Ramzan Banner

ദയാലുവായ ദൈവത്തില്‍ വിശ്വസിക്കുക

Posted on: 28 Aug 2009

പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി



മനുഷ്യന്റെ ജീവിതം സൗഭാഗ്യപൂര്‍ണമായിത്തീരുന്നതിനാവശ്യമായ നിയമങ്ങളും നിര്‍ദ്ദേശങ്ങളും തത്ത്വങ്ങളുമടങ്ങിയ ഗ്രന്ഥമത്രെ വിശുദ്ധ ഖുര്‍ആന്‍. തന്നെയും താന്‍ ജീവിക്കുന്ന ഈ മഹാപ്രപഞ്ചത്തെയും സൃഷ്ടിക്കുകയും പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തിലും അവന്‍ പ്രവാചകന്മാരും മഹാപുരുഷന്മാരും മുഖേന മനുഷ്യര്‍ക്ക് നല്‍കിയ സന്മാര്‍ഗോപദേശങ്ങളിലുമുള്ള വിശ്വാസമാണ് ജീവിതവിജയത്തിന്റെ അടിസ്ഥാനം. ഖുര്‍ആന്‍ ദര്‍ശനത്തില്‍ ദൈവം അനാദിയും അനന്തനും അരൂപിയും അദൃശ്യനും ആകാശലോകങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും സംരക്ഷകനുമായ പരാശക്തിയാണ്. ദൈവത്തിന്റെ അസ്തിത്വം ബോധ്യപ്പെടാന്‍ പ്രകൃതിയുടെ അത്ഭുതകരമായ ഘടനയെയും മനുഷ്യര്‍ അനുഭവിക്കുന്ന എണ്ണമറ്റ അനുഗ്രഹങ്ങളെയും പറ്റി ചിന്തിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.

ആദ്യമായി സ്വത്വത്തെപ്പറ്റിയുള്ള ചിന്തയാണ് മനുഷ്യനില്‍ ഉണര്‍ത്തുന്നത്. നിങ്ങള്‍ വിസര്‍ജിക്കുന്ന രേതസ്സില്‍നിന്ന് ഒരു കുഞ്ഞിനെ സൃഷ്ടിച്ചത് നിങ്ങളോ അതോ നമ്മളോ? - ദൈവം ചോദിക്കുന്നു. മനുഷ്യന്റെ ഓരോ അവയവത്തിന്റെയും ഘടനയും പ്രയോജനവും എത്ര അത്ഭുതകരമാണ്. ''നാം അവന് രണ്ട് കണ്ണുകളും നാവും ചുണ്ടുകളും നല്‍കിയില്ലേ?.'' ദൈവത്തെ കണ്ടെത്താനും അവന്റെ പ്രകൃതിവ്യവസ്ഥയെയും മനുഷ്യര്‍ക്ക് ഒരുക്കിവെച്ച അനുഗ്രഹങ്ങളെയും മനസ്സിലാക്കാനും പ്രകൃതിപ്രതിഭാസങ്ങള്‍ ഓരോന്നും ചൂണ്ടിക്കാണിച്ച് അവയെപ്പറ്റി ചിന്തിക്കാന്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നു.

സര്‍വജ്ഞനും സര്‍വശക്തനും പരമദയാലുവും നിരാശ്രയനുമായ ദൈവം ഏകനാണ്. മനുഷ്യനെ സൃഷ്ടിക്കുകയും അവന്റെ സുഖസൗകര്യങ്ങള്‍ക്കായി പ്രകൃതിയിലെ ഈ വസ്തുക്കളെല്ലാം ഒരുക്കിക്കൊടുക്കുകയും ചെയ്ത ദൈവത്തെ സ്നേഹിക്കുകയും അവന് നന്ദികാണിക്കുകയും വേണം. മനുഷ്യന് സൗഭാഗ്യത്തിന്റെ മാര്‍ഗം കാണിച്ചുകൊടുക്കാനായി മഹാപുരുഷന്മാരിലൂടെയും വേദഗ്രന്ഥങ്ങളിലൂടെയും അവന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ആരാധനകളും വഴിപാടുകളും ദൈവത്തിനേ സമര്‍പ്പിക്കാവൂ. അവന്‍ മനുഷ്യന്റെ ജീവനാടിപോലെ സമീപസ്ഥനാണ്. അതുകൊണ്ട് ദൈവത്തെ സമീപിക്കാന്‍ ഒരു ഇടനിലക്കാരന്റെയും ശുപാര്‍ശകന്റെയും ആവശ്യമില്ല. പ്രാര്‍ത്ഥന അവനോട് നേരിട്ടായിരിക്കണം.

മനുഷ്യനെ അദൃശ്യമായ നിലയ്ക്ക് സഹായിക്കാനും അവന് രക്ഷ നല്‍കാനും ദൈവത്തിന് മാത്രമേ കഴിയൂ - ഇങ്ങനെ ദൈവത്തെ വിശേഷിപ്പിക്കുന്ന ഖുര്‍ആന്‍ പ്രാര്‍ത്ഥിക്കുന്ന മനുഷ്യനെ ദൈവം സഹായിച്ച നിരവധി സന്ദര്‍ഭങ്ങളില്‍ ഒന്ന് ഇങ്ങനെ വിവരിക്കുന്നു: ഒരുകൂട്ടം കപ്പല്‍ സഞ്ചാരികള്‍. കടല്‍ ശാന്തം. സുഖകരമായ കാറ്റ്. പെട്ടെന്ന് കടലിന്റെ ഭാവം മാറി. ഭയങ്കരമായ കൊടുങ്കാറ്റ്. നാനാഭാഗത്തുനിന്നും അലയടിച്ചുവരുന്ന തിരമാലകള്‍. മരണം ആസന്നമായെന്നുറപ്പിച്ച യാത്രക്കാരുടെ ഏകപ്രാര്‍ത്ഥന: ''ദൈവമേ ഞങ്ങളെ രക്ഷിക്കേണമേ! ഞങ്ങള്‍ നിനക്ക് നന്ദിയുള്ളവരായി ജീവിക്കാം.'' ദയാലുവായ ദൈവം അവരെ കരയ്ക്കണച്ചു. പക്ഷെ, അവര്‍ പിന്നെ ധിക്കാരികളായി ജീവിക്കുകയാണുണ്ടായത്.

ദൈവത്തിന്റെ കാരുണ്യത്തിലും അവന്റെ സഹായത്തിലുമുള്ള വിശ്വാസം ജീവിതത്തെ പ്രകാശപൂരിതമാക്കുന്നു. പ്രാര്‍ത്ഥനയ്ക്ക് പെട്ടെന്ന് ഫലം കണ്ടിട്ടില്ലെങ്കില്‍ ദൈവം എന്തോ നന്മ കരുതിവെച്ചിട്ടുണ്ടാകുമെന്ന് മനുഷ്യന്‍ സമാധാനിക്കണം.
ധൃതി മനുഷ്യന്റെ കൂടപ്പിറപ്പാണെന്നും ദൈവവിശ്വാസമില്ലാത്തവര്‍ മാത്രമേ നിരാശരാവുകയുള്ളു എന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.



MathrubhumiMatrimonial