goodnews head

കണ്ണുള്ളവര്‍ കാണുക, കാരിന്റെ നന്മ

Posted on: 27 Aug 2009


തിരുവനന്തപുരം: കാരിന്‍ ബ്രോസെ്കയുടെ ലോകം ഇരുള്‍ നിറഞ്ഞതാണ്. വര്‍ണ്ണക്കാഴ്ചകളോ സുന്ദര മുഖങ്ങളോ അവിടെയില്ല. പക്ഷേ, ഈ ഇരുള്‍ വകഞ്ഞുമാറ്റി മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രകാശമേകാന്‍ കഴിവിന്റെ പരമാവധി അവര്‍ ശ്രമിക്കുന്നു. ഒരുപക്ഷേ, കണ്ണുള്ളവര്‍ പോലും നാണിക്കുന്ന വിധത്തില്‍.

തന്നെക്കൊണ്ടാവുന്ന വിധത്തില്‍ സഹജീവികളെ സഹായിക്കുകയെന്നത് ഇരുപത്തെട്ടു വയസ്സുള്ള ഈ നോര്‍വെക്കാരിയുടെ ജീവിതവ്രതമാണ്. അതിനായി ഏതറ്റം വരെ പോകാനും അവര്‍ തയ്യാര്‍. നിരാലംബരായ വനിതകള്‍ക്കുള്ള സഹായം മുതല്‍ രക്തദാന ബോധവത്കരണം വരെ നീളുന്നു കാരിന്റെ പ്രവര്‍ത്തനങ്ങള്‍. സ്‌ക്രീന്‍ റീഡിങ് സങ്കേതമുള്ള കാരിന്റെ ലാപ്‌ടോപ്പിന് വിശ്രമമേയില്ല. സന്ദേശങ്ങള്‍ വന്നും പോയുമിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെയിരിക്കാതെ, വൈകല്യത്തിന്റെ പരാധീനതകളില്ലാതെ, സദാ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന അവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു.

നോര്‍വെയുടെ മധ്യഭാഗത്തുള്ള ത്രോന്ധൈം ആണ് കാരിന്റെ നാട്. ഒരു ഹോട്ടല്‍ ഡയറക്ടറായ ബെര്‍സ്വെയ്‌ന്റെയും നേഴ്‌സായ ഇന്‍ഗയുടെയും മൂത്തമകള്‍. ബ്യോണ്‍ ക്രിസ്റ്റ്യന്‍ സഹോദരന്‍. എലീസ സഹോദരി. ജന്മനാ അന്ധയായ കാരിന്റെ ജീവിതം എന്നും പോരാട്ടമായിരുന്നു. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പരിശ്രമശാലി.

നോര്‍വീജിയന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിന്ന് സാമൂഹിക നരവംശശാസ്ത്രത്തില്‍ കാരിന്‍ ബിരുദം നേടി. ബിരുദ പഠനത്തിനിടെ ഒരു സെമസ്റ്റര്‍ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നാറ്റല്‍ സര്‍വകലാശാലയിലും ചെലവിട്ടു. പിന്നീട് സമാധാനശ്രമങ്ങള്‍ സംഘടിപ്പിക്കുന്നതു സംബന്ധിച്ച ഒരു വര്‍ഷ കോഴ്‌സ്​പൂര്‍ത്തിയാക്കിയ അവര്‍ ജനീവയിലെ ക്വാക്കര്‍ യുണൈറ്റഡ് നേഷന്‍സ് സമ്മര്‍ സ്‌കൂളിലും പഠനം നടത്തി. ഇതിനിടെ നോര്‍വെ, അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പലതരം സന്നദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി.

പതിനഞ്ചാം വയസ്സില്‍ തുടങ്ങിയതാണ് കാരിന്റെ യാത്രകള്‍. 2009 ജനവരിയില്‍ അവര്‍ ഇന്ത്യയിലെത്തി. തിരുവനന്തപുരത്തിനടുത്ത് വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംരംഭകര്‍ക്കുള്ള രാജ്യാന്തര ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനമായിരുന്നു ലക്ഷ്യം. ഡിസംബര്‍ 15 വരെ അവര്‍ ഇവിടെയുണ്ടാവും.2007ല്‍ ഒരു ഇമെയിലില്‍ നിന്നാണ് തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ടിനെക്കുറിച്ച് വിവരം ലഭിച്ചത്. ഒടുവില്‍ തപ്പിപ്പിടിച്ച് ഇവിടെയെത്തി.

ശാരീരിക വൈകല്യങ്ങള്‍ യാത്രകള്‍ക്കു തടസ്സമാവുന്നില്ലേ? മറുപടിയില്‍ ആത്മവിശ്വാസം സ്ഫുരിക്കുന്നു ''മറ്റുള്ളവര്‍ക്ക് സഹായ മനഃസ്ഥിതി ഉള്ളിടത്തോളം അതു പ്രശ്‌നമല്ല. ബുദ്ധിമുട്ടു നേരിടുമ്പോള്‍ അടുത്തുള്ളവരുടെ സഹായം തേടും. എളുപ്പം സൗഹൃദം സൃഷ്ടിക്കാന്‍ എനിക്കു കഴിയുന്നു. യാത്രകള്‍ വളരെ നേരത്തേ ആസൂത്രണം ചെയ്ത് വ്യക്തമായ പദ്ധതി തയ്യാറാക്കുന്നതും പ്രധാനമാണ്.''

കാഴ്ചശക്തിയില്ലാത്ത, മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്കു വേണ്ടി ഒരു കേന്ദ്രം സ്ഥാപിക്കുക എന്നതാണ് കാരിന്റെ സ്വപ്‌നം. ദക്ഷിണാഫ്രിക്കയാണ് ലക്ഷ്യസ്ഥാനം. ഇതൊരു പഞ്ചവത്സര പദ്ധതിയാണെന്നും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ എന്നും അവര്‍ പറയുന്നു. പഠനത്തിന്റെ ഭാഗമായുള്ള ഇന്‍േറണ്‍ഷിപ്പില്‍ ശാസ്തമംഗലം ടെറുമോ പെന്‍പോളില്‍ പ്രവര്‍ത്തിക്കുകയാണ് കാരിന്‍ ഇപ്പോള്‍. നേതൃഗുണം, ആശയവിനിമയ ശേഷി, വിവിധ സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികളുമായുള്ള ബന്ധം എന്നിവ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

തിരുവനന്തപുരത്ത് കാരിന്‍ വെറുതെയിരിക്കുന്നില്ല. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ രക്തദാനത്തിന്റെ മഹത്വം വ്യക്തമാക്കുന്ന പ്രചാരണ പരിപാടികള്‍ അവര്‍ സംഘടിപ്പിക്കുന്നു. കേരള സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് അവരിപ്പോള്‍. കേരളം കാരിനു വല്ലാതെ പിടിച്ചുപോയി. കേരളീയരും. ഇന്ത്യന്‍ ഭക്ഷണം അവര്‍ക്ക് വളരെ ഇഷ്ടമാണ്. പക്ഷേ, എരിവ് അധികം വേണ്ട എന്നു മാത്രം.

വി.എസ്. ശ്യാംലാല്‍


 

 




MathrubhumiMatrimonial