Ramzan Banner

മനുഷ്യന്റെ പ്രകൃതിയും സ്ഥാനവും

Posted on: 27 Aug 2009

പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി



ഈഭൂമിയില്‍ നിരവധി സൃഷ്ടിജാലങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും ശ്രേഷ്ഠനായ ജീവിയാണ് മനുഷ്യന്‍ എന്ന ബോധം ഖുര്‍ആന്‍ അവനില്‍ ഉണര്‍ത്തുന്നു. ഈ ഉന്നതമായ പദവി ലഭിക്കാന്‍ മനുഷ്യനെ അര്‍ഹനാക്കിയ പ്രത്യേകതയെന്ത് ?. മനുഷ്യന്റെ ഉല്ഭവത്തെപ്പറ്റിയുള്ള ശാസ്ത്ര-ദാര്‍ശനിക വീക്ഷണങ്ങളും വിവാദങ്ങളും എന്തുതന്നെയാകട്ടെ, അവന്‍ മണ്ണില്‍നിന്ന് പിറവിയെടുത്ത് ദൈവചൈതന്യം സ്വീകരിച്ച സൃഷ്ടിയത്രെ.

ഭൂമിയിലെ ഖലീഫ എന്ന ഉന്നത സ്ഥാനമാണ് ദൈവം അവന് നല്‍കിയിട്ടുള്ളത്. ഈ ദൗത്യം നിര്‍വഹിക്കാനായി ഭൂമിയിലുള്ള മുഴുവന്‍ വസ്തുക്കളും അവന് സൃഷ്ടിച്ചുകൊടുക്കുകയും ആകാശ ലോകങ്ങളിലുള്ളവയെല്ലാം അവന് പ്രയോജനം ലഭിക്കുന്നവയാക്കുകയും ചെയ്തിരിക്കുന്നു. ഈ അനുഗ്രഹങ്ങളെയെല്ലാം ദൈവം നിര്‍ദേശിച്ച പ്രകാരം തനിക്കും സമൂഹത്തിനും നന്മയും അഭിവൃദ്ധിയും കൈവരുത്തുംവിധം ഉപയോഗപ്പെടുത്തി പൂര്‍ണത പ്രാപിക്കുകയാണ് മനുഷ്യന്റെ കടമ. ഇതിന് വിജ്ഞാനം അവന് അനിവാര്യമാണ്. ഖുര്‍ആനിലെ ആദ്യത്തെ വചനം തന്നെ വിജ്ഞാനം ആര്‍ജിക്കാനുള്ള ആഹ്വാനമാണ്. മാത്രമല്ല, പുതിയ അറിവുകള്‍ മനുഷ്യര്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുക എന്ന പ്രക്രിയ അവര്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം തുടരുമെന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്ന. എല്ലാ അറിവുകളും നേടാനുള്ള പ്രകൃതിയോടെയാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ' ആദമിന് എല്ലാ നാമങ്ങളും പഠിപ്പിച്ചുകൊടുത്തു' എന്ന ഖുര്‍ആന്‍ വചനം വ്യക്തമാക്കുന്നുണ്ട്.

ഈ പ്രപഞ്ചത്തില്‍ വളര്‍ച്ചയും പുരോഗതിയും നേടാന്‍ കഴിയുന്ന ഏക സൃഷ്ടി എന്നതുപോലെത്തന്നെ ദൈവം ഏല്പിച്ച ഉത്തരവാദിത്വങ്ങള്‍ സ്വാഭിപ്രായമനുസരിച്ച് ഏറ്റെടുത്ത് നിര്‍വഹിക്കുന്ന പ്രകൃതിയുള്ള ഏക ജീവിയും മനുഷ്യനാണ്. ഭൂമിയിലും ആകാശലോകത്തും നിവരധി സൃഷ്ടിജാലങ്ങളുണ്ടെങ്കിലും അവയ്‌ക്കൊന്നും ഈ പ്രത്യേകതയില്ല- പ്രകൃതിജന്യമായ കടമകള്‍ പൂര്‍ത്തീകരിക്കുകയല്ലാതെ, ദൈവികനിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്റെയും സമൂഹത്തിന്റെയും നന്മയ്ക്കാവശ്യമായ പ്രവൃത്തികള്‍ നിര്‍വഹിക്കുക എന്ന ഉത്തരവാദിത്വമാണ് ദൈവം മനുഷ്യനെ ഏല്പിച്ചിട്ടുള്ളത്. ഇത് നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്ന പ്രകൃതിയും അവനില്‍ സഹജമാണ്. അതായത് മനുഷ്യനിലെ ഭൗതികവശം ആത്മീയാംശത്തെ അതിജയിച്ച് ദൈവികമാര്‍ഗദര്‍ശനത്തില്‍നിന്ന് വ്യതിചലിക്കുക- അപ്പോള്‍ ഒരു വലിയ മറിമായം സംഭവിക്കുന്നു.

ഈ പ്രപഞ്ചത്തിലെ അത്യുല്‍കൃഷ്ടനെന്നു വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന്‍ അധമരില്‍ അധമനായി തരം താഴുന്നു. ഇത്തരം ആളുകളോട് ദൈവം ഇപ്രകാരം പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''നിങ്ങള്‍ നിന്ദ്യന്മാരായ കുരങ്ങന്മാരാവുക !'' ബാഹ്യരൂപത്തില്‍ മനുഷ്യരും ആന്തരികമായി മൃഗങ്ങളുമായി മാറുക- എത്ര അപമാനകരമായ അവസ്ഥയാണിത്. ഇത് എപ്പോള്‍ സംഭവിക്കുന്നു- മനുഷ്യന്‍ ദേഹേച്ഛക്കടിപ്പെട്ട് ജീവിക്കുകയും ജീവിതോപാധികളായി ദൈവം ഒരുക്കിത്തന്ന ഭൗതിക വിഭവങ്ങളെ ആസ്വദിക്കുന്നതുമാത്രം ജീവിതലക്ഷ്യമായി സ്വീകരിക്കുകയും ചെയ്യുമ്പോള്‍. അമിതവും അനിയന്ത്രിതവുമായ സുഖാസ്വാദനം ഉന്നതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തെ തടഞ്ഞുനിര്‍ത്തുന്നു.

എന്നാല്‍ തെറ്റുകള്‍ പ്രവര്‍ത്തിച്ച് മനുഷ്യന്‍ സ്വത്വത്തെ എത്രമാത്രം മലീമസമാക്കട്ടെ, ശുദ്ധീകരണ പ്രക്രിയയിലൂടെ പുനഃസൃഷ്ടി നേടാന്‍ കഴിയുമെന്നതാണ് മനുഷ്യന്റെ പ്രത്യേകത. വിലക്കപ്പെട്ട വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ച് പാപിയായിത്തീര്‍ന്ന ആദ്യമനുഷ്യന്റെ പശ്ചാത്താപം സ്വീകരിച്ച് ദൈവം അവനെ പരിശുദ്ധനാക്കി എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നു. ഇത് പൈശാചിക പ്രേരണയാല്‍ ധര്‍മമാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് സ്വത്വത്തോട് അതിക്രമം കാണിച്ച എല്ലാവര്‍ക്കും മോചനത്തിന്റെ ശുഭപ്രതീക്ഷ നല്‍കുന്നു.



MathrubhumiMatrimonial