Ramzan Banner

കാരുണ്യം തന്നെ കരണീയം

Posted on: 26 Aug 2009

എംപി അബ്ദുസ്സമദ് സമദാനി



''പരമകാരുണികനും ദയാപരനുമായ ദൈവത്തിന്റെ തിരുനാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു.''

വിശുദ്ധ ഖുര്‍ആനില്‍ ആകെയുള്ള നൂറ്റിപ്പതിനാല് അദ്ധ്യായങ്ങളില്‍ ഒന്നൊഴികെയുള്ളതിന്റെയെല്ലാം തുടക്കം ഈ സൂക്തംകൊണ്ടാണ്. ഇരുപത്തിയേഴാം അദ്ധ്യായത്തിലെ ഒരു സൂക്തത്തില്‍ ഈ വാചകം ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അങ്ങനെ ദൈവികഗ്രന്ഥത്തില്‍ നൂറ്റിപ്പതിനാല് തവണ ദൈവകാരുണ്യത്തിന്റെ ഈ പ്രകീര്‍ത്തനം ആവര്‍ത്തിക്കപ്പെടുന്നത് കാണാന്‍ സാധിക്കും.

ദൈവത്തിന്റെ വിവിധ വിശിഷ്ടനാമങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സര്‍വ്വശക്തനായ അല്ലാഹുവിന്റെ അത്യുത്കൃഷ്ടമായ ഗുണങ്ങളെയും വിശേഷണങ്ങളെയും സൂചിപ്പിക്കുന്ന ആ വിശുദ്ധ നാമങ്ങളില്‍ 'അര്‍-റഹ്മാന്‍' (പരമകാരുണികന്‍) 'അര്‍-റഹീം' (ദയാപരന്‍) എന്നീ വിശേഷനാമങ്ങളാണ് ഖുര്‍ആനില്‍ ഏറ്റവും കൂടുതല്‍ തവണ ആവര്‍ത്തിക്കപ്പെടുന്നത്. ദൈവത്തിന്റെ ഏറ്റവും മികച്ചുനില്‍ക്കുന്ന സ്വഭാവവും പ്രത്യേകതയും അവന്റെ കരുണയാണെന്ന് ഇത് വിളിച്ചോതുന്നു. ദൈവകാരുണ്യത്തെപ്പറ്റി ഖുര്‍ആനിലും പ്രവാചകവചനങ്ങളിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാന്‍ സാധിക്കും. ''എന്റെ കാരുണ്യം എല്ലാ വസ്തുക്കളിലും വ്യാപിച്ചിരിക്കുന്നു'' എന്ന് അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു.

കാരുണ്യം എന്ന അത്യന്തം മഹനീയമായ സ്വഭാവവിശേഷത്തെ മനുഷ്യന്‍ സാക്ഷാത്ക്കരിക്കാന്‍ വേണ്ടിയാണ് അതിന് ഇത്രയേറെ പ്രാധാന്യം നല്‍കപ്പെട്ടിരിക്കുന്നത്. ഈ അണ്ഡകടാഹവും അതിലടങ്ങിയ വന്‍ഗോളങ്ങള്‍ മുതല്‍ പരമാണു വരെയുള്ള മുഴുവന്‍ സൃഷ്ടിജാലങ്ങളും ദൈവകാരുണ്യത്തിന്റെ ആവിഷ്‌ക്കാരവും നിദര്‍ശനവുമായിരിക്കുന്നു. ഭൂതദയയും അനുകമ്പയുമില്ലെങ്കില്‍ ജീവിതംതന്നെ ഇരുളടഞ്ഞുപോകും. കരുണയര്‍ഹിക്കുന്ന ഒട്ടേറെ വ്യക്തികളും വിഭാഗങ്ങളും മനുഷ്യസമൂഹത്തിലുണ്ട്. അവര്‍ക്കായി കാരുണ്യനദി എന്നെന്നും ഒഴുകേണ്ടതുണ്ട്. ആ പ്രവാഹം നിലച്ചാല്‍ പിന്നെ പ്രാണന്റെ പുഷ്പങ്ങള്‍ വിരിയിക്കുന്ന പൂങ്കാവനങ്ങള്‍ ഉണങ്ങിവരണ്ടുപോകും. ദാഹാര്‍ത്തന് ലഭ്യമാകുന്ന ജീവജലവും വിശക്കുന്നവന്റെ പാത്രത്തിലെ അപ്പവും രോഗിയുടെ മുമ്പിലെ മരുന്നും നിസ്സഹായന് അനുവദിക്കപ്പെടുന്ന സഹായഹസ്തവുമെല്ലാം കാരുണ്യത്തിന്റെ മാത്രം നീരൊഴുക്കില്‍ സംഭവിക്കുന്നതാണ്. കരുണ ആര്‍ദ്രതയാണ്. സകല ക്രൂരതകളെയും അത് അതിജയിക്കുന്നു. കാഠിന്യങ്ങളെ തോല്‍പ്പിക്കുന്ന മനുഷ്യന്റെ ഏറ്റവും വലിയ കൈവല്യമാണ് കാരുണ്യം.

''ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; എങ്കില്‍ വാനത്തുള്ള ദൈവം നിങ്ങളോടും കരുണ കാണിക്കു''മെന്ന് വിശുദ്ധ നബി(സ) അരുളി. തന്റെ അകിടിലെ അമ്മിഞ്ഞ നുകരാന്‍ ആട്ടിന്‍കുട്ടികള്‍ ഓടിയണയുമ്പോള്‍ തള്ളയാട് കാലുയര്‍ത്തിപ്പിടിക്കുന്നതുപോലും ദൈവത്തിന്റെ കാരുണ്യമാണ് കാട്ടിത്തരുന്നതെന്ന് അവിടുന്ന് മൊഴിഞ്ഞു. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറ് നിറയെ ആഹരിക്കുന്നവനെ തള്ളിപ്പറയുന്ന പ്രവാചകവചനം പ്രസിദ്ധമാണ്.മനുഷ്യന്‍ പ്രകൃതിയിലെ ദൈവകാരുണ്യം ദര്‍ശിക്കണം. ഭൂമുഖത്തെ മൃഗങ്ങളും ഇരുചിറകിന്മേല്‍ പറന്നുപോകുന്ന പക്ഷികളും 'നിങ്ങളെപ്പോലെയുള്ള സമുദായങ്ങള്‍' ആണെന്ന ഖുര്‍ആന്‍ വചനം ഇന്നത്തെ പരിസ്ഥിതിനാശത്തിന്റെ പരിതസ്ഥിതിയില്‍ പ്രത്യേകം ചിന്തനീയമാണ്.

നല്‍കേണ്ട കാരുണ്യം നിഷേധിക്കപ്പെടുന്നത് സമകാലിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അസ്വാരസ്യങ്ങളും അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കുന്നു. അത് കടുത്ത നീതിനിഷേധങ്ങള്‍ക്കും വഴിവെയ്ക്കുന്നു. സ്നേഹശൂന്യതയുടെ സമകാലിക ഭീകരതയില്‍ മക്കള്‍ സ്വന്തം മാതാപിതാക്കളെ ചവിട്ടിപ്പുറത്താക്കുന്നു. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരുടെ അതിക്രമങ്ങള്‍ക്കിരയാകുന്നു.

മാനവന്റെ കാരുണ്യം അവന്റെ നെഞ്ചിലെ ഹൃദയം തന്നെയാകുന്നു. കരുണയില്ലാത്തവന് ഹൃദയമില്ല. കാരുണ്യമില്ലെങ്കില്‍ ഈ ഭൂമി മരുപ്പറമ്പായി മാറും. അതുകൊണ്ട് എവിടെയും എപ്പോഴും ദൈവം കല്പിച്ചപോലെ കാരുണ്യമഴ വര്‍ഷിക്കട്ടെ! ജയിക്കുക, ഹൃദയകാരുണ്യമേ, വാഴുക നിത്യം!






MathrubhumiMatrimonial