Ramzan Banner

മാനവൈക്യത്തിന്റെ പൊന്‍പുലരി

Posted on: 25 Aug 2009

എംപി അബ്ദുസ്സമദ് സമദാനി



''ഹേ മനുഷ്യരേ, നിശ്ചയമായും നിങ്ങളെ നാം ഒരു പുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. പരസ്​പരം അറിയുന്നതിനുവേണ്ടിയാണ് നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളും ആക്കിയിരിക്കുന്നത്. തീര്‍ച്ചയായും ദൈവത്തിങ്കല്‍ നിങ്ങളില്‍വെച്ച് ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. നിശ്ചയം, അല്ലാഹു സര്‍വ്വജ്ഞനും സുക്ഷ്മജ്ഞാനിയുമാണ്. (ഖുര്‍ആന്‍ 49:13)

മനുഷ്യര്‍ക്കിടയില്‍ വിഭജനങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും ഒരു പ്രസക്തിയുമില്ല. മേലാളന്‍, കീഴാളന്‍, ഉന്നതന്‍, അധമന്‍, പണക്കാരന്‍, പണിക്കാരന്‍, വെളുത്തവന്‍, കറുത്തവന്‍, പൗരസ്ത്യന്‍, പാശ്ചാത്യന്‍ എന്നിങ്ങനെ മാനവര്‍ക്കിടയില്‍ വ്യത്യാസം കല്പിക്കുന്ന ചിന്തകളും വീക്ഷണങ്ങളും അര്‍ത്ഥശൂന്യവും അബദ്ധജടിലവുമാണ്. ഏക്കാലത്തും എവിടെയും മനുഷ്യര്‍ ഒന്നാകുന്നു. അവരുടെ വംശവും കുലവും ജന്മവും ജീവനും ഒരേ ഉല്‍പ്പത്തിയില്‍നിന്നാണെന്ന വിശുദ്ധ ഖുര്‍ആന്റെ വിളംബരം മനുഷ്യസമത്വത്തിന്റെ വിപ്ലവകരമായ പ്രഖ്യാപനമാണ്.മനുഷ്യരുടെ തൊലിയുടെ നിറം വ്യത്യസ്തമായേക്കാം. അവര്‍ മൊഴിയുന്ന ഭാഷ വിഭിന്നവുമായേക്കാം. പിറവിയെടുക്കുന്ന ദേശത്തിന്റെ കാര്യത്തിലും മനുഷ്യര്‍ക്കിടയില്‍ അന്തരങ്ങള്‍ കണ്ടേക്കാം. എന്നാല്‍, ഇതൊന്നും മാനവരാശിയുടെ മൗലികമായ ഏകീഭാവത്തെ തെല്ലും ബാധിക്കുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഒരേ മാതാപിതാക്കളില്‍നിന്നാണ് സകലമനുഷ്യരും ജന്മംകൊണ്ടിട്ടുള്ളത്. അവര്‍ ഏകകുടുംബത്തിലെ അംഗങ്ങളും ഒറ്റത്തറവാട്ടിലെ സന്തതികളുമാണ്.

വൈവിധ്യം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും സ്ഥായീഭാവമാകുന്നു. ദൈവത്തിന്റെ സൃഷ്ടിവൈഭവത്തില്‍ പ്രകടമാകുന്ന സൗന്ദര്യമാണത്. വിശദാംശങ്ങളിലേക്ക് ചെന്നാല്‍ ഓരോ വ്യക്തിയും വ്യത്യസ്തനാണെന്നുകാണാം. മുഖംകൊണ്ടും വിരലടയാളംകൊണ്ടും ഏതു മനുഷ്യനെയും തിരിച്ചറിയാന്‍ കഴിയുന്നത് ഓരോരുത്തര്‍ക്കും നൈസര്‍ഗികമായി ലഭിച്ച വ്യതിരിക്തത കാരണമായിട്ടാണ്. വ്യതിരിക്തതയില്ലാതെ വ്യക്തിത്വമില്ല.

എന്നാല്‍, ഈ വൈജാത്യങ്ങള്‍ ഉച്ചനീചത്വങ്ങള്‍ക്ക് വഴിവെച്ചുകൂടാ. മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുന്ന സകലസങ്കല്പങ്ങളെയും പരിശുദ്ധ ഖുര്‍ആനും വിശുദ്ധനബി(സ)യും വിലക്കിയിരിക്കുന്നു. മനുഷ്യര്‍ എന്നനിലയില്‍ വേണം മറ്റുള്ളവരെ പരിഗണിക്കാന്‍. മതപരമോ സാംസ്‌കാരികമോ ആയ വ്യത്യാസങ്ങളൊന്നും വിശാലമായ സാഹോദര്യത്തിന് വിഘാതമായിക്കൂടാ. ഉദാഹരണത്തിന് അയല്‍വാസിയുടെ അവകാശങ്ങള്‍ വിവരിക്കുന്ന ഇസ്‌ലാമിക തത്ത്വങ്ങളിലെവിടെയും അയല്‍വാസിയുടെ മതം ഒട്ടും പരിഗണനാര്‍ഹമല്ല. മനുഷ്യന്‍ എന്നനിലയിലാണ് അയല്‍പ്പക്കക്കാരന്‍ പ്രാധാന്യവും പരിഗണനയും അര്‍ഹിക്കുന്നത്.

മനുഷ്യര്‍ ഒരു ചീര്‍പ്പിന്റെ പല്ലുകള്‍പോലെ സമന്മാരാണെന്ന് മുഹമ്മദ്‌നബി (സ) അരുളി. അവിടുന്ന് മൊഴിഞ്ഞു- ''അറബിക്ക് അനറബിയേക്കാളോ അനറബിക്ക് അറബിയേക്കാളോ ഒരു മേന്മയുമില്ല. നിങ്ങളൊക്കെ ആദിപിതാവായ ആദമില്‍നിന്ന്, ആദമോ മണ്ണില്‍നിന്നും''. മനുഷ്യര്‍ക്കിടയില്‍ വര്‍ഗീയതയ്ക്ക് വഴിവെയ്ക്കുന്ന ഏതുതരം പ്രവണതയും പ്രവര്‍ത്തനവും നിഷിദ്ധമാണെന്ന് വിശുദ്ധ പ്രവാചകന്‍ (സ) വിധിച്ചു. വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവനും അത് കുത്തിപ്പൊക്കി കലാപമുണ്ടാക്കി അതില്‍ മരണപ്പെടുന്നവനും എന്റെ കൂട്ടത്തില്‍പ്പെട്ടവനല്ലെന്ന് ഒരു പ്രവാചകവചനത്തില്‍ പറയുന്നു.

വര്‍ഗീയവും വംശീയവും ദേശീയവുമായ കിടമത്സരങ്ങളുടെയും കുടിപ്പകകളുടെയും ഫലമായി ഭൂമുഖത്ത് മനുഷ്യപുത്രന്‍ വേട്ടയാടപ്പെടുന്നു. ആകെ മനുഷ്യന്റെ ആകെ നന്മയ്ക്കുവേണ്ടി നിലകൊള്ളേണ്ട തത്ത്വങ്ങളും തത്ത്വശാസ്ത്രങ്ങളും കണക്കറ്റ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും വേണ്ടി വിനിയോഗിക്കപ്പെടുന്നു. എല്ലാവര്‍ക്കും പാര്‍ക്കാനുള്ള ഇടമാണ് ഭൂമിയെന്നും മനുഷ്യരെല്ലാം സമന്മാരാണെന്നുമുള്ള അടിസ്ഥാനസത്യം സര്‍വ്വാംഗീകൃതമായി പുലരേണ്ടതുണ്ട്. ഓരോ പുലരിയും മാനവൈക്യത്തിന്റെ പൊന്‍പുലരിയായിരിക്കണം. സൃഷ്ടിജാലങ്ങളെല്ലാം ദൈവത്തിന്റെ കുടുംബമാണെന്ന പ്രവാചകവചനം ഈ പുലരിയിലെ മലരായിവിരിയുന്നു.



MathrubhumiMatrimonial