
കാടത്തം മറന്ന് മണിയന്‍, നാട്ടിലിണങ്ങാതെ സൂര്യ
Posted on: 01 Jan 2015
രമേഷ്‌കുമാര്‍ വെള്ളമുണ്ട

മുത്തങ്ങ സൂര്യയുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നു അന്നത്തെ കൊലപാതകം. രണ്ടുവര്‍ഷം മുമ്പായിരുന്നു ആ കൈപ്പിഴ. വനത്തില്‍ നിന്നും തീറ്റ കഴിഞ്ഞ് പന്തിയിലേക്കുള്ള മടക്കത്തില്‍ അപ്പു എന്ന പാപ്പാനെ അറിയാതെ കൊന്നുപോയി. ഇടയ്‌ക്കൊക്കെ അങ്ങിനെയാണ് ഒന്നിനും ഒരു എത്തുംപിടിയുമില്ല. അടങ്ങാത്ത ശൗര്യത്തിനു മുമ്പില്‍ തെറ്റുകള്‍ ചെയ്തുപോകും. അച്ചടക്കം ഇനിയും പഠിക്കാനുണ്ട്. അധികം ആരുമായും ചങ്ങാത്തത്തിനില്ലാത്ത സൂര്യ എന്ന താപ്പാന ഇപ്പോള്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള ജീവിതത്തിലാണ്. മാധവന്‍ എന്ന പാപ്പാനുമായി സൗഹൃദം സ്ഥാപിച്ച് രമ്യതയില്‍ കാടിനുള്ളിലേക്കും തിരികെയുള്ള മടക്കത്തിലും അനുസരണ കാട്ടുന്നു. എങ്കിലും ഒരു കരുതല്‍ നല്ലതാണ് വനത്തിനുള്ളില്‍ നിന്നും ഓരോ ദിവസവും പുതിയ പാഠങ്ങള്‍ എന്തെല്ലാം പഠിച്ചിരിക്കുമെന്ന് നിശ്ചയിക്കാന്‍ പറ്റില്ലല്ലോ. കുഞ്ചു എന്ന 32 വയസ്സുള്ള സഹപ്രവര്‍ത്തകനോട് തീരെ ചങ്ങാത്തമില്ല. ഇവര്‍ തമ്മില്‍ യോജിപ്പില്ലാത്ത കാലത്തോളം കുങ്കിയാനകളെന്ന ജോലിഭാരവും ഏറ്റെടുക്കേണ്ട. ഇണക്കത്തിനും പിണക്കത്തിനുമിടയില്‍ വയനാട്ടിലെ മുത്തങ്ങ എന്ന ശതവര്‍ഷത്തിലേറേ പഴക്കമുള്ള ആനപന്തിയെ ചെറിയ ചെറിയ കുറുമ്പുകളും കുസൃതികളും ഇടയ്‌ക്കൊക്കെ കലഹത്തിലേക്കും നയിക്കുന്ന ഈ താപ്പാനകളാണ് ഇന്ന് സക്രിയമാക്കുന്നത്.
ഇതിനിടയില്‍ നാടിനോട് സ്വന്തം ഇണങ്ങുന്ന കാട്ടാനയുടെ കഥയാണ് പുല്പ്പള്ളി നിന്നും നാടറിയുന്നത്. കാട്ടില്‍ നിന്നും ഭക്ഷണം തേടി വന്ന കാട്ടാനയ്ക്ക് മണിയന്‍ എന്നാണ് നാട്ടുകാര്‍ പേരിട്ടത്. മുടങ്ങാതെ വഴിയരികില്‍ വന്നു നിന്ന് ആരോടും ശത്രുതയില്ലാതെ കാട്ടുജീവിതം ആനന്ദകരമാക്കുകയാണ് ഈ കൂട്ടുകാരന്‍. നീളന്‍ കൊമ്പും ആകാരവുമുള്ള മണിയനെ കണ്ടാല്‍ ആരും ആദ്യമൊന്നു ഭയക്കുമെങ്കിലും സ്വഭാവത്തില്‍ കാടത്തമില്ലാത്തതിനാല്‍ ആരും അടുത്തു പോകും ഈ സ്‌നേഹവായ്പ്പില്‍. അക്രോശം കാട്ടുന്ന കാട്ടാനകള്‍ക്കിടിയില്‍ ഇവന്‍ പറയുന്നത് സൗഹൃദത്തിന്റെയും ഇണക്കത്തിന്റെയും കഥകളാണ്.
ബ്രിട്ടീഷ് അധിനിവേശ കാലത്ത് തന്നെ തുടങ്ങിയതാണ് മുത്തങ്ങയില്‍ ആനപ്പന്തി. വാരിക്കുഴിയില്‍ വീഴുന്ന കാട്ടാനകളെ താപ്പാനകളുടെ സഹായത്തോടെ നാട്ടാനകളാക്കി മാറ്റുന്ന സമ്പ്രദായം. പാപ്പാന്മാരുടെ പാരമ്പര്യ കുടംബങ്ങള്‍ക്കും ഇത് ജീവിതമാര്‍ഗമായി. പ്രതാപ കാലങ്ങളില്‍ 68 ഓളം ആനകള്‍ ഈ പന്തിയില്‍ ഉണ്ടായിരുന്നു. ഇപ്പാള്‍ ഇവിടെ അവശേഷിപ്പിക്കുന്നത് രണ്ട് ആനകള്‍ മാത്രം. കുഞ്ചുവും സൂര്യയും. രണ്ട് വയസ്സുമുതലാണ് സൂര്യ മുത്തങ്ങയിലെ ആനപ്പന്തിയിലുള്ളത്. രണ്ടു പതിറ്റാണ്ട് മുമ്പേ എത്തിയതാണെങ്കിലും ഓരോ ദിവസവും പുതുമയോടെ നിരീക്ഷിക്കുകയാണ് ഈ സഹ്യന്റെ മക്കള്‍. അമ്പത്തിയാറാം വയസ്സില്‍ സര്‍വീസില്‍ നിന്നും വിരമിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ദിനേശന്‍ എന്ന താപ്പാന ഇവരെ വേര്‍പിരിഞ്ഞു. തികഞ്ഞ തലയെടുപ്പോടെ മുത്തങ്ങയുടെ കാനനക്കാഴ്ചകളില്‍ തലയെടുപ്പോടെ നിന്ന ദിനേശന്റെ വിയോഗം അടുത്ത പരിചയമുള്ളവര്‍ക്കെല്ലാം തീരാവേദനയായിരുന്നു.
വനംവകുപ്പിന്റെ രേഖകളില്‍ ഒരു ജീവനക്കാരന്റെ സര്‍വീസ്ച്ചട്ടങ്ങള്‍ പോലെ എഴുതപ്പെടുന്ന ഇവരുടെ നിശബ്ദ ജീവിതം ആരും അന്വേഷിക്കാതെ പോകുമ്പോള്‍ മുത്തങ്ങ ആനപ്പന്തി പറയുന്നത് വിസ്മരിക്കാന്‍ കഴിയാത്ത ചരിത്രമാണ്. കാടും നാടുമായി ഇഴപിരിയാതെ ജീവിക്കുന്ന ഇവരും പങ്കുവെക്കുന്നത് സ്‌നേഹത്തിന്റെ മറ്റൊരു സന്ദേശമാണ്.
