Ramzan Banner

ദൈവകാരുണ്യം, പ്രപഞ്ചനീതി, മനുഷ്യനന്മ

Posted on: 23 Aug 2009

എംപി അബ്ദുസ്സമദ് സമദാനി



''നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അവനല്ലാതൊരു ദൈവമില്ല. അവന്‍ പരമകാരുണികനും ദയാപരനുമാകുന്നു.'' (ഖുര്‍ആന്‍, 2:163).
വിശുദ്ധ ഖുര്‍ആന്‍ ഏറ്റവുമധികം ഊന്നിപ്പറയുന്ന അതിന്റെ മര്‍മ്മപ്രധാനമായ വിഷയം ദൈവവും അവന്റെ ഏകത്വവുമാകുന്നു. ദൈവവും പ്രപഞ്ചവും മനുഷ്യനും വിശുദ്ധ ഖുര്‍ആന്റെ പ്രധാന പ്രമേയങ്ങളാകുന്നു. ദൈവത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടിയും ഭൂമിയില്‍ അവന്റെ പ്രതിനിധിയുമായ മനുഷ്യന്‍ സ്രഷ്ടാവിനോടും സഹജീവികളോടും തന്റെ ജീവിതസാഹചര്യത്തിന്റെ പ്രതിരൂപമായ പ്രകൃതിയോടും പാലിക്കേണ്ടതായ കടമകളുണ്ട്. പ്രാപഞ്ചിക പ്രാതിഭാസികത ദൈവികനീതിയില്‍ അധിഷ്ഠിതമാണ്. ഖുര്‍ആനില്‍ നിരന്തരം പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു വിഷയം നീതിയാണ്. നീതിയും നന്മയുമാണ് അല്ലാഹു കല്പിക്കുന്നതെന്ന് ഒരു ഖുര്‍ആനിക സൂക്തത്തില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.

ദൈവത്തെ അറിയലും അവനെ ആരാധിക്കലും മനുഷ്യന്‍ പാലിക്കേണ്ട നീതിയുടെ അനിവാര്യതാല്പര്യം മാത്രമാകുന്നു. ദൈവമാണ് സ്രഷ്ടാവും സംരക്ഷകനും. അണ്ഡകടാഹത്തിന്റെ ഉടമസ്ഥന്‍ അവനാണ്. മനുഷ്യനുവേണ്ടി അവന്‍ സൃഷ്ടിച്ച് സജ്ജീകരിച്ച് നല്‍കിയ ഭവനമാണീ ഭുവനം. അതില്‍ പാര്‍ക്കുന്ന മാനവന്‍ അവന്റെ ഓരോ ശ്വാസത്തിലും ജീവിതത്തിലെ ഓരോ നിമിഷത്തിലും കണക്കറ്റ ദൈവീകാനുഗ്രഹങ്ങളാണ് അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത്. പ്രാണനും പ്രകൃതിയും വായുവും വെള്ളവും വാനവും ഭൂമിയും അതിലെ സകലമാന നന്മകളും അനുഗ്രഹിച്ചേകിയ ദൈവത്തെ വണങ്ങിയും അവന്റെ ശാസനകള്‍ക്ക് വഴങ്ങിയും ജീവിക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. അനുഗ്രഹദാതാവായ തന്റെ നാഥനോട് ദൈവദാസനായ മനുഷ്യന്‍ കാണിക്കേണ്ട പ്രാഥമിക നന്ദി മാത്രമാണത്. മനുഷ്യന്റെ നന്ദികേടിനെ സത്യനിഷേധം എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ദൈവത്തോട് പുലര്‍ത്തുന്ന ബന്ധമാണ് മനുഷ്യന്റെ ഇതരബന്ധങ്ങളെ നിര്‍ണയിക്കുന്നത്.

സ്രഷ്ടാവിന്റെ അസ്തിത്വവും സൃഷ്ടി എന്ന പ്രക്രിയയും കൂടാതെ ഒരു ഉണ്‍മയും സാധ്യമല്ലെന്ന കേവലസത്യം ഖുര്‍ആന്‍ വിളംബരം ചെയ്യുന്നു. ഈ പരമാര്‍ത്ഥം ഇന്ന് ശാസ്ത്രവിജ്ഞാനത്തിന്റെ ലോകത്തും സര്‍വ്വാംഗീകൃതമാകുന്നത് കാണാന്‍ സാധിക്കും. അടുത്തകാലത്ത് വിപുലമായി വികസിച്ച ശാസ്ത്രത്തിലെ 'സൃഷ്ടിവാദം' ഇതിന് തെളിവാണ്. ഉണ്ടാക്കുന്നവനില്ലാതെ ഉണ്‍മയില്ല. തുടക്കക്കാരനില്ലാതെ ഒരു തുടക്കവുമില്ല. ചാലകശക്തിയെ കൂടാതെ ഒരു ചലനവും സംഭവിക്കുന്നില്ല.

എല്ലാവരുടെയും ദൈവം ഒന്നാണ്. ദൈവത്വത്തില്‍ പങ്കാളികളില്ല. അവന്‍ അതുല്യനാണ്. സര്‍വ്വശക്തനും സര്‍വ്വജ്ഞനുമായ ദൈവം ഏറ്റം കാരുണ്യവാനുമാകുന്നു. സൃഷ്ടിയും സൃഷ്ടിജാലങ്ങളും അവന്റെ കാരുണ്യത്തിന്റെ ആവിഷ്‌ക്കാരം മാത്രമാണ്. ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായങ്ങളിലൊന്നില്‍ ഇപ്രകാരം പറയുന്നു: ''പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. അല്ലാഹു ആരെയും ആശ്രയിക്കുന്നില്ല. എല്ലാവരും അവനെ ആശ്രയിക്കുന്നു. അവന്‍ ജനകനല്ല, ജാതനുമല്ല. അവന് തുല്യനായി ആരുമില്ല.'' ഏറ്റവും വലിയ സത്യം ദൈവമാകുന്നു. അവന്റെ വിധിവിലക്കുകള്‍ മാനിച്ച് അവനുവേണ്ടി സമര്‍പ്പിതമായ ജീവിതമാണ് ഏറ്റവും വലിയ നന്മ.





MathrubhumiMatrimonial