
സമാനതകളില്ലാത്ത ഗജോത്തമന്‍...സാജ് പ്രസാദ്
Posted on: 19 Aug 2009
ശ്രീകുമാര്‍ അരൂക്കുറ്റി

ഓരോ ആനയും വേറിട്ടൊരു ജന്മമാണെന്നും ഓരോ ആനയ്ക്കും അവന്റേതുമാത്രമായ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും കഴിവുകളും ആണുള്ളതെന്നും ലോകത്തോട് മുഴുവന്‍ ഉദ്‌ഘോഷിച്ച ഒരാനപ്പിറവി; സാജ് പ്രസാദ്.
ഉടുത്തൊരുങ്ങി ഉത്സവത്തിടമ്പും ശിരസ്സില്‍ ചൂടി ജനക്കൂട്ടത്തിന്റെ മുഴുവന്‍ ആവേശമായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഗജോത്തമന്‍മാരെ കാണുമ്പോള്‍, 'ഹാ... ഈ ലോകൈകവീരന്‍മാര്‍ എത്ര പുണ്യം ചെയ്തവര്‍' എന്ന് അത്ഭുതപ്പെടുകയും, തടിക്കൂപ്പുകളില്‍ വന്‍മരങ്ങള്‍ക്കിടയില്‍ മുഷിഞ്ഞു വശംകെട്ട വേഷത്തില്‍ ജോലി ചെയ്യുന്ന പണിയാനകളെ കാണുമ്പോള്‍ 'ഹാ കഷ്ടം.. ഗതികെട്ട ജന്മങ്ങള്‍' എന്ന് പരിതപിക്കുന്നവരുമാണ് നമ്മള്‍.
പൊതുസമൂഹത്തിലെ മഹാഭൂരിപക്ഷവും. തൃശൂരിനടുത്ത് പെരുമ്പിളിശ്ശേരിയിലുള്ള സാജ്പ്രസാദ് എന്ന ഒരാനയെക്കുറിച്ച് ജീവിതത്തില്‍ ആദ്യമായി കേള്‍ക്കുമ്പോള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തിയ ചിന്തയും ഈ പറഞ്ഞതു തന്നെയായിരുന്നു. കാരണം, ഭംഗിയും തെറ്റില്ലാത്ത ഉയരവുമൊക്കെയുള്ള ഒരാനയുണ്ട്, പക്ഷേ ഉത്സവത്തിനൊക്കെ വന്നാല്‍ വന്നെന്നേയുള്ളൂ. മില്ലിലെ തടിപ്പണി തന്നെയാണ് അധിക സമയവും! എന്നായിരുന്നു അവനെക്കുറിച്ചുള്ള ആദ്യത്തെ കേട്ടറിവ്.
കാണാന്‍ നല്ല ചേലും ഐശ്വര്യവുമുള്ള ഒരു പെണ്‍കുട്ടിയെ വേലക്കാരിയെന്ന പേരില്‍ അലക്കാനും കുളിക്കാനും പോലും വിടാതെ ഏതുനേരവും അടുക്കളക്കലങ്ങള്‍ക്കും അടുപ്പിന്‍ ചൂടിനും ഇടയില്‍ നിര്‍ദ്ദയം തളച്ചിടുന്ന വീട്ടുകാരോട് തോന്നിയേക്കാവുന്ന ഒരു ഈര്‍ഷ്യയും അമര്‍ഷവും; അതു തന്നെയായിരുന്നു അന്ന് സാജ്പ്രസാദിന്റെ ഉടമയുടെ നേര്‍ക്ക് എന്റെ മനസ്സില്‍ തോന്നിയ വികാരം. പിന്നീട് ഒരിക്കല്‍ ആറാട്ടുപുഴപ്പൂരം ചിത്രീകരിക്കുവാനുള്ള ഒരു യാത്രയ്ക്കിടയിലാണ് ആദ്യമായി സാജ്പ്രസാദിനെ കാണുന്നത്. വന്നു, കണ്ടു, കീഴടക്കി എന്നു പറഞ്ഞതുപോലെ ഒറ്റനോട്ടത്തില്‍ തന്നെ നമ്മുടെ മനസ്സും അടിച്ചെടുത്തുകൊണ്ട് അവന്‍ അവന്റെ പാട്ടിന് പോകുകയും ചെയ്തു.
പിന്നെയും കുറെക്കാലം കഴിഞ്ഞാണ് പ്രസാദെന്ന സുന്ദരരാമസ്വാമിയെ തേടി പെരുമ്പുളിശ്ശേരിയിലുള്ള കുമാരേട്ടന്റെ സാജ് ടിമ്പേഴ്‌സില്‍ എത്തുന്നത്. സാജ് ടിമ്പേഴ്‌സ് ഉടമയായ എ.എ. കുമാരന്‍ എന്ന മുന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ സ്വന്തക്കാരനായിരുന്നു സാജ്പ്രസാദ്. മരംചുമട്ടുകാരനോടുള്ള സഹതാപവും മനസ്സിലിട്ട് ചെന്നുകയറിയ എന്റെ മുന്‍വിധികളെയും ബുദ്ധിമോശത്തെയും പക്ഷേ, ഏതാനും നിമിഷം കൊണ്ട് തന്നെ ആ ബീഹാറി രജപുത്രവീരന്‍ തുമ്പികൈയ്യില്‍ കോരിയെടുത്ത് കീഴ്‌മേല്‍ മറിച്ചു. അതെ തടിപ്പണിയെന്നാല്‍ അത് ആനകളുടെ നരകപര്‍വ്വം എന്ന മുന്‍ധാരണ തിരുത്തിക്കുറിച്ച ഒരാനപ്പിറവി, ഒരതിശയ സുന്ദരന്‍- അതായിരുന്നു സാജ്പ്രസാദ്.
വന്‍മരങ്ങള്‍ക്ക് മുമ്പില്‍ മൂക്ക് കൊണ്ട് 'ക്ഷ' വരയ്ക്കുന്ന ആനകളുണ്ടാവാം. പക്ഷേ സാജ്പ്രസാദിനെ സംബന്ധിച്ചിടത്തോളം തടിപ്പണി എന്നത് 'പുന്നയ്ക്കാ' കൊണ്ട് അമ്മാനമാടുന്നതിന് തുല്യമായിരുന്നു. എത്ര വലിയ മരമായിരുന്നാലും സാജ്പ്രസാദ് അതെടുത്ത് ലോറിയിലേക്ക് ലോഡ് ചെയ്യുമ്പോള്‍ അക്കാര്യം മരവും അറിയില്ല, ലോറിയും അറിയില്ല എന്നുപറഞ്ഞാല്‍ അതായിരുന്നു സത്യം.
എന്നാല്‍ മരപ്പണി അവന്റെ വല്ല്യ ദൗര്‍ബല്യവുമായിരുന്നോ എന്നു ചോദിച്ചാല്‍ ഒരിക്കലുമല്ല. തീറ്റിപ്പോറ്റുന്നവനോടുള്ള ന്യായമായ കടപ്പാട് എന്ന നിലയില്‍ ഉള്ള സമയം അറിയാവുന്ന പണിയെടുക്കുക, അതുകഴിഞ്ഞാല്‍ അന്തസ്സുള്ള തൊഴിലാളിയെപ്പോലെ എവിടെയെങ്കിലും മാറിക്കിടന്ന് ഉറങ്ങുക; അതായിരുന്നു പ്രസാദിന്റെ ജീവിതപ്രമാണം. വൈകീട്ട് കൃത്യം ആറ് മണിക്ക് മുമ്പ് പണി നിര്‍ത്തും.
പക്ഷേ പണികഴിഞ്ഞ് മടങ്ങും മുമ്പ് എന്നും ഉടമയായ കുമാരന്റെ കൈയ്യില്‍ നിന്നും ഒരു പാക്കറ്റ് ബ്രെഡ്; അത് ഒരു പതിവുതന്നെയായിരുന്നു. പണികഴിഞ്ഞ്, തലയില്‍ കെട്ടും അഴിച്ച് കുടഞ്ഞ് ബ്രെഡും വാങ്ങി തിന്നുകഴിഞ്ഞാല്‍ പിന്നെ എത്ര അത്യാവശ്യമാണെന്ന് പറഞ്ഞാലും ശരി, ഇത്തിരിയില്ലാത്ത ഒരു തടിക്കമ്പ് ഇവിടുന്നെടുത്ത് അങ്ങോട്ട് മാറ്റിവയ്ക്കാന്‍ പോലും അവനെ കിട്ടുകയുമില്ലായിരുന്നു. അതെ ഉത്സവപ്പറമ്പില്‍ നട്ടുച്ചയും പാതിരാത്രിയുമെന്ന വ്യത്യാസമില്ലാതെ വെയിലും മഞ്ഞുംകൊണ്ട് നേരത്തോട് നേരം ഉറക്കമിളച്ച് നില്‍ക്കുന്നതിനേക്കാള്‍ നൂറ് ഭേദം മരങ്ങളുമായുള്ള സഹവാസം തന്നെയാണ്. എന്ന് വിശ്വസിച്ചിരുന്നു ആനപ്രമാണി.
എങ്കിലും അസാമാന്യ സൗന്ദര്യത്തിന് ഉടമയായിരുന്ന സാജ് പ്രസാദ് തൃശൂര്‍പൂരവും നെന്മാറ-വല്ലങ്ങിവേലയും പോലുള്ള പേരുകേട്ട ഉത്സവങ്ങളിലും പതിവു സാന്നിധ്യമായിരുന്നു.
ജന്മം കൊണ്ട് ബീഹാറിയായ ഈ ആനയെ ലക്കിടിക്കടുത്തുള്ള ഒരു തടിമില്ലില്‍ നിന്നാണ് സാജ് ടിമ്പേഴ്‌സിലെ കുമാരന്‍ അക്കാലത്തെ മോഹവില നല്‍കി സ്വന്തമാക്കിയത്. കുമാരനെന്ന ആനയുടമയും സാജ്പ്രസാദും തമ്മിലുണ്ടായിരുന്ന ആത്മബന്ധവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. വാങ്ങിക്കൊണ്ട് വന്ന് അധികകാലം കഴിയും മുമ്പേ, ആനക്കാരനെ ഓടിച്ച് ഇടഞ്ഞുനിന്ന ആനയുടെ കാല്‍ച്ചുവട്ടില്‍ ഇത്തരിയില്ലാത്ത മകള്‍ പെട്ടുപോയപ്പോഴും, പിന്നൊരിക്കല്‍ ഇത്തിരി മദപ്പാടിലായിരുന്ന ആനയുടെ വായില്‍ തീറ്റവച്ചുകൊടുക്കുന്നതിനിടെ കുമാരന്റെ കൈ ഇറുക്കി കടിച്ചുപിടിച്ചുകൊണ്ട് അവന്‍ മണിക്കൂറുകളോളം നിന്നപ്പോഴുമൊക്കെ ആനയുടമയുടെ ഉള്ളില്‍ തീയാളിയിട്ടുണ്ടാകുമെങ്കിലും, ആണ്‍മക്കളില്ലാത്ത കുമാരേട്ടന് എന്നും പുത്രനിര്‍വിശേഷമായ സ്‌നേഹമായിരുന്നു പ്രസാദിനോട്. ഞങ്ങളുടെ ടിവി പ്രോഗ്രാമിലൂടെ ഏറ്റവും കുറഞ്ഞ കാലത്തിനുള്ളില്‍ പ്രശസ്തിയിലേക്ക് കുതികുതിച്ചവന്‍ എന്ന നിലയില്‍ എനിയ്ക്കും ഏറെ പ്രിയങ്കരനായിരുന്നു പ്രസാദ്.
പക്ഷേ ഒട്ടേറെ ഗജശ്രേഷ്ഠന്‍മാരുടെ ജീവന്‍ അപഹരിച്ചിട്ടുള്ള എരണ്ടക്കെട്ട് എന്ന മാരകരോഗം അവസാനം ആ വേട്ടിട്ടജന്മ'ത്തെയും കവര്‍ന്നെടുക്കുകയായിരുന്നു. 2007-ലെ വടക്കുംനാഥന്‍ ആനയൂട്ടിന് ശേഷം എരണ്ടക്കെട്ടിന്റെ പിടിയിലായ പ്രസാദിന്റെ ജീവന്‍ രക്ഷിക്കാന്‍ നല്ലവനായ ഉടമ ലഭ്യമായ ചികിത്സകള്‍ എല്ലാം ലഭ്യമാക്കി, വരുത്താവുന്ന ഡോക്ടര്‍മാരെയെല്ലാം വരുത്തി, നടത്താവുന്ന വഴിപാടുകള്‍ എല്ലാം നടത്തി. പക്ഷേ 2007 ആഗസ്ത് 21-ാം തീയതി സാജ്പ്രസാദ് മരണത്തിന് കീഴടങ്ങി.
ഏറിയാല്‍ ആറോ ഏഴോ വര്‍ഷത്തെ ആനപരിചയം മാത്രമുള്ള എന്റെ കാതുകളില്‍, പ്രസാദിന്റെ മരണവാര്‍ത്ത പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളെപ്പോലെ വാവിട്ടു കരഞ്ഞ കുമാരേട്ടന്റെ ആ പ്രാണവേദന ഇന്നും ഘനീഭവിച്ചുകിടക്കുന്നുണ്ട്.
പ്രസാദിന്റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്കിപ്പുറം, തൃശൂര്‍ വടക്കുംനാഥക്ഷേത്ര മൈതാനത്ത് 'ആനയ്ക്കുണ്ടൊരു കഥപറയാന്‍' എന്ന എന്റെ ആദ്യപുസ്തകം പ്രകാശനം ചെയ്യപ്പെടുമ്പോള്‍, പ്രസംഗത്തിനിടയില്‍ പ്രസാദിനെ കുറിച്ചുള്ള ഓര്‍മകള്‍ക്കുമുമ്പില്‍ കണ്ണീരില്‍ കുതിര്‍ന്ന് വാക്കുകള്‍ മുറിഞ്ഞ് ഈയുള്ളവനും ഏതാനും നിമിഷം നിന്നുപോയി.
അതേ... അതുല്യമായ ആനച്ചന്തത്തിലൂടെയും സമാനതകളില്ലാത്ത ജീവിതശൈലിയിലൂടെയും, ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ളവരെയൊക്കെ തന്റെ ആത്മമിത്രങ്ങളും ആരാധകരുമാക്കി മാറ്റിയവനായിരുന്നു സാജ് പ്രസാദ്.
sreekumararookutty@gmail.com
Tags: Elephant, Kerala Festivals, Anachantham, Saj Prasad
