NagaraPazhama

പോര്‍ച്ചുഗീസ് ചരിത്രത്തിന് ജീവന്‍ തുടിക്കും

Posted on: 15 Nov 2014

കെ.എ. ബാബു



കേരളത്തില്‍ പോര്‍ച്ചുഗീസ് ആഗമനത്തിന്റെ ചരിത്രസൂക്ഷിപ്പായി ഒരു കുടുംബമുണ്ട്; അന്ത്രപ്പേര്‍. വാസ്‌കോ ഡി ഗാമയുടെ വരവും കേരളത്തില്‍ അവരുടെ ഉയര്‍ച്ചയും താഴ്ചയും ഇടപെടലും അറിയാന്‍ ഈ കുടുംബത്തിലേക്ക് ചെല്ലണം.
കൊച്ചി രാജവംശം, അര്‍ത്തുങ്കല്‍ പള്ളി, പാതിരാമണല്‍ ദ്വീപ് എന്നിവയെല്ലാം ഈ കുടുംബവുമായി ബന്ധപ്പെട്ട പ്രത്യക്ഷ ചരിത്രങ്ങളാണ്. പോര്‍ച്ചുഗീസ്‌കീഴ്!വഴക്കങ്ങളില്‍നിന്ന് കേരളീയതയിലേക്കും കടന്ന ഇവര്‍ ഇന്ന് പതിനാല് തലമുറയില്‍ എത്തിനില്‍ക്കുന്നു. അരങ്ങംപറമ്പില്‍, മാളിയേക്കല്‍, നെടുമ്പള്ളി എന്നീ കുടംബങ്ങളിലായി ചേര്‍ത്തല താലൂക്കിലെ ചേര്‍ത്തല, തുറവൂര്‍, വയലാര്‍ എന്നിവിടങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടെനിന്ന് കേരളത്തിന്റെ നാനാഭാഗങ്ങളിലേക്കു മാത്രമല്ല ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ഇന്ന് അന്ത്രപ്പേര്‍മാര്‍ സാന്നിധ്യം അറിയിക്കുന്നു.

അന്ത്രപ്പേര്‍ കുടുംബചരിത്രം പുസ്തകമാക്കാനുള്ള അന്വേഷണത്തിലാണ് പുതിയ തലമുറ. അന്ത്രപ്പേര്‍ ഫാമിലി അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി അന്ത്രപ്പേറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഇതിനായി പ്രവര്‍ത്തിക്കുന്നു. മറ്റത്തില്‍ രാജു അന്ത്രപ്പേറുടെ ഭാര്യ തെല്‍മ അന്ത്രപ്പേറാണ് കുടുംബചരിത്രരചന ഏറ്റെടുത്തിട്ടുള്ളത്. അവര്‍ ശേഖരിച്ച വിവരങ്ങളിലേക്ക് കണ്ണോടിക്കാം. ആദ്യം കേരളത്തിലെത്തിയ വാസ്‌കോ ഡി ഗാമ പോര്‍ച്ചുഗലിലേക്ക് തിരിച്ചുപോയി വന്‍ സൈന്യസന്നാഹത്തോടെ രണ്ടാമതും എത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു സേനാ നായകനായ അന്‍ഡ്രൂ പെരയിരായാണ് അന്ത്രപ്പേര്‍ കുടുംബ വളര്‍ച്ചയ്ക്ക് വഴിതെളിച്ചത്. കോഴിക്കോട് സാമൂതിരിയുമായി പിണങ്ങി കൊച്ചിയിലെത്തിയ പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചി രാജാവ് അഭയം നല്‍കി. തുടര്‍ന്ന് രാജ്യഭരണത്തില്‍വരെ ഇടപെട്ട ഇവര്‍ കച്ചവടത്തിലും മുന്നേറി. കച്ചവട സംബന്ധമായ കണക്കുകളും എഴുത്തുകളും ചരക്കു ശേഖരണത്തിന്റെ ചുമതലയും വഹിച്ചിരുന്നത് ആന്‍ഡ്രൂ പെരേര ആയിരുന്നു. രാജാവില്‍ കൂടുതല്‍ പ്രീതിനേടിയതിനാല്‍ അദ്ദേഹത്തിന് സൈന്യത്തിന്റെ പരിശീലനച്ചുമതലയും രാജാവ് നല്‍കി. പെരയിര 1520 ജനവരി ഒമ്പതിന് മരിച്ചു. രാജാവിന്റെ താത്പര്യത്തില്‍ പെരയിരായുടെ ഏക മകന്‍ ദിഗോയ്ക്കും അച്ഛന്‍ വഹിച്ച സ്ഥാനങ്ങളെല്ലാം നല്‍കി. 30 വര്‍ഷം കൊച്ചി രാജാവിന്റെ സേവകനായി അദ്ദേഹം പ്രവര്‍ത്തിച്ചു.
ദിഗോയുടെ അത്മാര്‍ത്ഥയ്ക്ക് നന്ദിസൂചകമായി കൊച്ചി രാജാവ് മാടമ്പിസ്ഥാനം കല്പിച്ചുകൊടുത്തു. മാടമ്പിയായി വിളംബരം ചെയ്ത തീട്ടൂരവും സ്ഥാനചിഹ്നമായി വാളും രാജാവ് പെരയിരായ്ക്ക് നല്‍കി. പുതിയ മാടമ്പിക്ക് ഉചിതമായ ബംഗ്ലാവ് കരപ്പുറത്ത് പണിയുന്നതിനായി പതിനായിരം പൊന്‍പണം നല്‍കി. അങ്ങനെ ഇപ്പോള്‍ അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളി ഇരിക്കുന്ന സ്ഥലത്ത് അദ്ദേഹം താമസമാക്കി. ഇതോടെ ഇന്ത്യയില്‍ ആദ്യമായി താമസമുറപ്പിച്ച വിദേശിയായും ദിഗോ പെരയിരാ മാറിയതായി പറയുന്നു. 1546 ആഗസ്ത് ഒന്നിന് അദ്ദേഹവും കുടുംബവും പുതിയ വീട്ടില്‍ താമസമുറപ്പിച്ചു.

അഞ്ചാം തലമുറയിലെ ജോണ്‍ അന്ത്രപ്പേരുടെ കാലത്ത് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും തമ്മില്‍ യുദ്ധമുണ്ടായി. യുദ്ധത്തില്‍ വിജയികളായ ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ തുരത്തി. അക്കൂട്ടത്തില്‍ അന്ത്രപ്പേരുമാരുടെ സംരക്ഷണയിലായിരുന്ന വസ്തുവകകള്‍ കൈയേറുകയും അര്‍ത്തുങ്കല്‍, തങ്കി ദേവാലയങ്ങള്‍ അടച്ചുപൂട്ടിക്കുകയും ചെയ്തു. അന്ത്രപ്പേര്‍ രാജാവിനെക്കണ്ട് സങ്കടം ഉണര്‍ത്തിച്ചു. തുടര്‍ന്ന് രാജാവും ഡച്ച് ഗവര്‍ണറുമായി സന്ധിസംഭാഷണം നടത്തി. അതിലെ വ്യവസ്ഥകള്‍ പ്രകാരം അന്ത്രപ്പേര്‍ കുടുംബം മേലാല്‍ പോര്‍ച്ചുഗല്‍ ജനതയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ലെന്ന് കല്പിച്ചു. വേഷഭൂഷാദികളിലും ആചാരമര്യാദകളിലും കേരളീയരായി ജീവിക്കണമെന്നും അറിയിച്ചു. അതുവരെ പോര്‍ച്ചുഗീസ് വംശജരെ മാത്രം വിവാഹം കഴിച്ചിരുന്ന അന്ത്രപ്പേര്‍ കുടുംബം പ്രതിസന്ധിയിലായി. അഞ്ചാം തലമുറയിലെ മത്തായി അന്ത്രപ്പേരുടെ മകന്‍ കൊച്ചാണ്ടിക്ക് വധുവിനെ കിട്ടാതെ ക്ലേശിച്ചു. പ്രശ്‌നം ആത്മീയ ഗുരുവായ കുഞ്ചെറിയ കത്തനാരുമായി ചര്‍ച്ചചെയ്തു. അങ്ങനെ കേരളത്തിലെ സുറിയാനി കുടംബത്തില്‍നിന്ന് അന്ന എന്ന യുവതിക്ക് കൊച്ചാണ്ടി മിന്നുകെട്ടി. അന്ത്രപ്പേര്‍ കുടുംബത്തിലെ ആദ്യ കേരളീയ വിവാഹമായിരുന്നു അത്. അതിന്റെ പിന്മുറക്കാരാണ് ഇപ്പോഴത്തെ അന്ത്രപ്പേര്‍ കുടുംബാംഗങ്ങള്‍. 150 ഓളം കുടുംബങ്ങള്‍ ഇപ്പോള്‍ അന്ത്രപ്പേര്‍മാരുടേതായുണ്ട്.


അന്ത്രപ്പേരും അര്‍ത്തുങ്കല്‍ പള്ളിയും


അര്‍ത്തുങ്കല്‍ പള്ളി സ്ഥാപനത്തിലും വിപുലീകരണത്തിനും അന്ത്രപ്പേര്‍മാരുടെ സഹായം ലഭിച്ചതായി കുടുംബചരിത്രം പറയുന്നു. കൊച്ചി രാജാവിന്റെ താത്പര്യത്തില്‍ അര്‍ത്തുങ്കലില്‍ പോര്‍ച്ചുഗീസുകാരനായ ദിഗോ പെരയിര താമസമാക്കി. ഇവിടെ അരങ്ങംപറമ്പില്‍ വീട്ടില്‍ താമസിക്കുന്ന കാലത്ത് സമീപത്തെങ്ങും ക്രൈസ്തവ ആരാധനാകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല. അരങ്ങംപറമ്പ് ഭവനത്തിലെ ഒരു മുറി കപ്പേളയായി ഉപയോഗിച്ചു.
ദിഗോ പിന്നീട് അതൊരു ദേവാലയമാക്കി. അതിന് പിതാവിന്റ സ്മരണാര്‍ത്ഥം വിശുദ്ധ അന്ത്രയോസിന്റെ നാമം നല്‍കി. പോര്‍ച്ചുഗലില്‍നിന്നാണ് പുണ്യാളന്റെ രൂപം കൊണ്ടുവന്നത്. അതാണ് അര്‍ത്തുങ്കല്‍ ബസിലിക്കയായതെന്ന് അന്ത്രപ്പേര്‍മാര്‍ പറയുന്നു. പിന്നീട് സെന്റ് ജോര്‍ജ് പള്ളി സ്ഥാപിക്കുന്നതിന് സ്ഥലവും പണവും നല്‍കിയതും അന്ത്രപ്പേര്‍മാരാണെന്നാണ് പറയുന്നത്. ഈ പള്ളിക്ക് ഒരു പാരിഷ്ഹാളും മതാധ്യാപന സ്‌കൂളും അടുത്തകാലത്ത് അന്ത്രപ്പേര്‍മാര്‍ പണിതുനല്‍കി. തങ്കിയില്‍ ക്രിസ്തുരാജന്റെ നാമധേയത്തില്‍ അന്ത്രപ്പേര്‍ കുടുംബത്തിന് പ്രത്യേക ദേവാലയവും സെമിത്തേരിയും ഉണ്ട്.
മതപരമായ കാര്യങ്ങളില്‍ അന്ത്രപ്പേര്‍മാര്‍ പുലര്‍ത്തിയ പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി പില്‍ക്കാലത്ത് എ.സി.എം.അന്ത്രപ്പേറിന് ഷെവലിയര്‍ ബഹുമതി ലഭിച്ചു.







MathrubhumiMatrimonial