ആവിയന്ത്രത്തിന്റെ സഹായത്തോടെ പദ്മതീര്‍ഥം നവീകരിച്ച ശേഷയ്യാ ശാസ്ത്രി
Posted on: 10 Nov 2014
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പിലുള്ള ചരിത്രപ്രസിദ്ധമായ പദ്മതീര്‍ഥം വീണ്ടും നവീകരിക്കാനുള്ള നടപടി തുടങ്ങി. സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടി. 16500 എം.ക്യൂബ് ചെളിയും 32 ലക്ഷം ലിറ്റര്‍ വെള്ളവും കുളത്തിലുണ്ടെന്നാണ് കണക്ക്. ചെളിയും വെള്ളവും മാറ്റി കല്‍മണ്ഡപങ്ങള്‍ നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കുളത്തിലെ മീനുകളെ നെയ്യാര്‍ ഡാമിലേക്കാണ് മാറ്റുക. വെള്ളം മാറ്റാനും നവീകരണത്തിനും തുടക്കം എന്നാകുമെന്ന് തീരുമാനിച്ചിട്ടില്ല. മിത്രാനന്ദപുരം, പദ്മതീര്‍ഥം എന്നിവ നന്നാക്കി മോടിപിടിപ്പിക്കാന്‍ പത്ത് കോടിയോളം രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലെ മഴവെള്ളം പദ്മതീര്‍ഥത്തിലേക്ക് ഒഴുക്കിവിടാനുള്ള പദ്ധതിയെപ്പറ്റിയാണ് ആലോചനയുള്ളത്. ഇങ്ങനെ ചെയ്താല്‍ ഇന്ന് പദ്മതീര്‍ഥത്തിലുള്ള വെള്ളം സ്വാഭാവികമായും ഒഴുകിപോകുമെന്നും അത് ശുചീകരണത്തിനും സഹായകമാകുമെന്നും വിദഗ്ദ്ധസമിതി കണക്കുകൂട്ടുന്നു.
തിരുവിതാംകൂറിന്റെ സൃഷ്ടാവ് അനിഴം തിരുനാള്‍ മര്‍ത്താണ്ഡവര്‍മ്മ (172958) ആണ് ഇവിടത്തെ കുളത്തിലേക്ക് കിള്ളിയാറ്റില്‍ നിന്നും ശുദ്ധജലം കൊണ്ടുവരുന്നതിന് നടപടി തുടങ്ങിയത്. ഇതിനുവേണ്ടി ശാസ്തമംഗലത്തിന് താഴെയുള്ള മരുതന്‍കുഴിയില്‍ കെട്ടിയ അണക്കെട്ട് ഇന്നും കാണാം. വെള്ളം പദ്മതീര്‍ഥത്തിലേക്ക് കൊണ്ടുവന്ന 'കൊച്ചാര്‍' ഇന്ന് പലേടത്തും അടഞ്ഞുകിടക്കുന്നു. ഇടപ്പഴിഞ്ഞി, ജഗതി, വലിയശാല, േേമലപഴവങ്ങാടി, തകരപ്പറമ്പു വഴിയാണ് കൊച്ചാര്‍ പദ്മതീര്‍ഥത്തിലേക്ക് എത്തിയിരുന്നത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന് മുമ്പില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് എത്രയോ നൂറ്റാണ്ട് മുമ്പുതന്നെ കുളം ഉണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലോ പതിനാലാം ശതകത്തിന്റെ പൂര്‍വാര്‍ധത്തിലോ എഴുതിയതായി കരുതുന്ന 'അനന്തപുര വര്‍ണനം' എന്ന പുസ്തകത്തില്‍ തിരുവനന്തപുരത്തെ (ആ സ്ഥലപേര് പുസ്തകത്തില്‍ ഉപയോഗിച്ചിട്ടില്ല) ധാരാളം തീര്‍ഥങ്ങളെപ്പറ്റി പറയുന്നുണ്ട്. അവയില്‍ അനന്തതീര്‍ഥമാണോ പില്‍ക്കാലത്ത് പദ്മതീര്‍ഥമായതെന്ന് സംശയം ഉണ്ട്. ചില പണ്ഡിതന്മാര്‍ 'അനന്തതീര്‍ഥം' മിത്രാനന്ദപുരം കുളം ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അണകെട്ട് നിര്‍മാണത്തില്‍ അതീവ താത്പര്യമുണ്ടായിരുന്ന അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്തുകൊണ്ട് ഇത്രദൂരത്തുള്ള കിള്ളിയാറ്റില്‍നിന്നും ഇവിടേക്ക് വെള്ളം കൊണ്ടുവരാന്‍ തീരുമാനിച്ചു എന്നത് ഇന്നും അജ്ഞാതമാണ്. ഒരുപക്ഷേ ഇതിനേക്കാള്‍ എളുപ്പത്തില്‍ കരമനയാറ്റില്‍ നിന്നും ക്ഷേത്രക്കുളത്തിലേക്ക് വെള്ളം കൊണ്ടുവരാമായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുതന്നെ കിള്ളിയാറ്റിലെ വെള്ളം പദ്മതീര്‍ഥ (ഈ നാമം പിന്നീട് കൊടുത്തതാണ്)ത്തിലെത്തിക്കാന്‍ കഴിഞ്ഞതായി തോന്നുന്നില്ല. എന്നാല്‍ ഇതിനുവേണ്ടിയുള്ള ഭഗീരഥപ്രയത്‌നം എത്രയാണെന്ന് മതിലകം രേഖകള്‍ നോക്കിയാല്‍ മനസ്സിലാകും. ആ രേഖയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്ന, ഒരു നിഗമനം ഇന്നത്തെ പദ്മതീര്‍ഥത്തിന്റെ പേര് 'ദര്‍പ്പകുളം' എന്നാണ്. ഇടപ്പഴിഞ്ഞി, പാങ്ങോട്, ജഗതി തുടങ്ങിയ സ്ഥലങ്ങളില്‍ തോടുവെട്ടി വെള്ളം കൊണ്ടുവരുന്നതിനുള്ള കണക്കുകള്‍ രേഖകളിലുണ്ട്. കൊല്ലവര്‍ഷം 921 (1746)ല്‍ കിള്ളിയാറ്റില്‍നിന്നും ദര്‍പ്പക്കുളത്തിലേക്ക് വെള്ളം കൊണ്ടുവരാന്‍ ആറ്റുവരമ്പ് കോരിപിടിപ്പിക്കാനും ജഗതിയില്‍ നേരാറ് വെട്ടുന്നതിനും രായസം രാമയ്യര്‍ക്ക് 21120 പണം കൊടുത്തതായി കാണുന്നു. പദ്മതീര്‍ഥക്കരയില്‍ കുളപ്പുര കെട്ടിയതിനും പദ്മതീര്‍ഥത്തില്‍ കല്പടി കെട്ടിയതിനും മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്തുള്ള രേഖകളുണ്ട്. അദ്ദേഹത്തിന്റെകാലത്ത് പുത്തരിക്കണ്ടത്ത് ഒരു വലിയ നീരാഴി പണിതീര്‍ത്തതായും കാണുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ അനന്തരവനും പില്‍ക്കാലത്ത് ധര്‍മ്മരാജാവ് എന്നറിയപ്പെടുന്ന കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ (17581798) കാലത്തായിരിക്കാം കൊച്ചാറിന്റെ പണി പൂര്‍ണമായതെന്ന് തോന്നുന്നു. പിന്നീട് തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്മാര്‍ എല്ലാം കണ്ണിലെ കൃഷ്ണമണിപോലെയാണ് 'പദ്മതീര്‍ഥ'ത്തെ സംരക്ഷിച്ചിരുന്നത്.
ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള മുറജപകാലത്താണ് പദ്മതീര്‍ഥം ഇറച്ച് വൃത്തിയാക്കിയിരുന്നത്. കൊല്ലവര്‍ഷം 989 (ഇംഗ്ലീഷ് വര്‍ഷം 1813)ല്‍ റാണി ഗൗരിലക്ഷ്മിഭായിയുടെ കാലത്ത് പദ്മതീര്‍ഥത്തിന്റെ മൂന്ന് കരകളിലും നാടകശാല മുഖപ്പുമുതല്‍ കിഴക്കേക്കോട്ട വാതുക്കല്‍ വരെയും തെക്കേത്തെരുവ് കച്ചേരിയുടെ പടിഞ്ഞാറേവശത്ത് തെരുവീഥിയിലും വിളക്കഴി തീര്‍ക്കാനും കരിവേലപ്പുര മാളിക (മേത്തമണി ഇരിക്കുന്ന കെട്ടിടം)യില്‍ റാന്തല്‍വിളക്ക് സ്ഥാപിക്കാനുമായി 448 പണം നല്‍കിയതായി രേഖ ഉണ്ട്.
സ്വാതിതിരുനാള്‍ ജനിച്ച അതേവര്‍ഷംതന്നെ കുളം ഇറച്ച് ചെളിവാരി അറ്റകുറ്റം തീര്‍ത്തതായും വെള്ളം പുത്തരിക്കണ്ടത്തില്‍ പായിച്ചതായും രേഖകള്‍ പറയുന്നു. പദ്മതീര്‍ഥം ഇറച്ചസമയത്ത് കണ്ടുകിട്ടിയ സാധനങ്ങള്‍ അന്ന് 159 പണത്തിനാണ് വിറ്റത്.
പദ്മതീര്‍ഥം പിന്നീട് പലപ്രാവശ്യം ചെളികൊണ്ട് നിറഞ്ഞു. മരുതന്‍കുഴിയില്‍ നിന്നും െകാച്ചാര്‍വഴി വന്നുകൊണ്ടിരുന്ന വെള്ളം ചെളികാരണം തടസ്സപ്പെട്ടു. മുറജപകാലത്ത് കുളം ശുദ്ധീകരിച്ചതല്ലാതെ കൊച്ചാര്‍ നന്നാക്കിയില്ല. ഇതിന് പരിഹാരം ഉണ്ടായത് ആയില്യംതിരുനാളിന്റെ കാലത്ത് ദിവാനായിരുന്ന സര്‍ എ. ശേഷയ്യാ ശാസ്ത്രി (18721877) ആയിരുന്നു. കൊച്ചാര്‍ ശുദ്ധീകരിച്ച് അതിലെ ചെളിയും മണ്ണും വാരുകയായിരുന്നു ആദ്യ നടപടി. കൊച്ചാറിന്റെ കരയിലുണ്ടായിരുന്ന അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിച്ചു. മരുതന്‍കുഴി അണയിലെ ചെളിയും മണ്ണും വാരി വൃത്തിയാക്കി. ഇതുകൂടാതെ കൊച്ചാറിന്റെ ഇടിഞ്ഞുപൊളിഞ്ഞ കരകള്‍ സംരക്ഷിച്ചു. പദ്മതീര്‍ഥത്തിന്റെ വെള്ളം മുഴുവന്‍ തുറന്നുവിട്ട്, അതിലെ ചെളിയും മണ്ണും വാരി. വെള്ളം ഇറയ്ക്കാന്‍ ആദ്യമായി ആവിയന്ത്രം ഉപേയാഗിച്ചു. പല താലൂക്കുകളില്‍ നിന്നെത്തിയ ആയിരത്തോളം തൊഴിലാളികള്‍ ദിവസങ്ങളോളം പണി എടുത്താണ് പദ്മതീര്‍ഥവും അതിനകത്തുള്ള കിണറുകളും ശുദ്ധീകരിച്ചത്. പിന്നീട് മണല്‍ ഇട്ടശേഷമാണ് കൊച്ചാറിലെ വെള്ളം എത്തിച്ചത്.
രാജഭരണത്തിന്റെ അവസാനത്തോടെ പദ്മതീര്‍ഥക്കുളം വീണ്ടും മലിനമായി. പലപ്രാവശ്യവും മുങ്ങിമരിക്കുന്നവരുടെ കേന്ദ്രമായി ഇവിടം മാറി. 1989ല്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അന്നത്തെ കളക്ടര്‍ ടി. ബാലകൃഷ്ണന്റെയും മേയര്‍ മാക്‌സ്വെല്ലിന്റെയും നേതൃത്വത്തില്‍ ആണ് പദ്മതീര്‍ഥം ശുദ്ധീകരിച്ചത്. കക്ഷിരാഷ്ട്രീയ ഭേദേെമന്യ സാമൂഹ്യസാംസ്‌കാരിക, വ്യാപാരിസമൂഹ നേതാക്കള്‍ ഇതിനോട് സഹകരിച്ചു. പള്ളിപ്പുറം സി.ആര്‍.പി. ക്യാമ്പില്‍നിന്നും 300ല്‍പരം പോലീസുകാരും ഇവിടെ ശുദ്ധീകരിക്കാനെത്തി. ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ കളക്ടര്‍ ബിജു പ്രഭാകറാണ് പദ്മതീര്‍ഥം ശുദ്ധീകരിക്കാന്‍ നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ സ്വപ്നം പൂവണിഞ്ഞാല്‍ നാളത്തെ അനന്തപുരിയുടെ തിലകക്കുറിയായി പദ്മതീര്‍ഥം മാറും.