goodnews head

'സാന്ത്വന'ത്തിന് മാജിതയുടെ കൂട്ട്; നവദമ്പതിമാര്‍ക്ക് അനുഗ്രഹവുമായി നാട്‌

Posted on: 30 Oct 2014


പെരിന്തല്‍മണ്ണ: സമൂഹത്തിന്റെ ചോദ്യങ്ങള്‍ക്കപ്പുറം സാന്ത്വനത്തിന്റെ മഹത്വത്തിന് സ്വജീവിതം നല്‍കിയ യുവതി. അരയ്ക്കുതാഴെ തളര്‍ന്നയാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പുകള്‍ക്ക് അവളുടെ ദൃഢനിശ്ചയത്തെ മറികടക്കാനായില്ല. തളര്‍ന്നവര്‍ക്ക് കരുത്തും മനോധൈര്യവും പകരുന്നയാളെ സ്വീകരിച്ചതിലൂടെ അപൂര്‍വവും ധീരവുമായ തീരുമാനമാണ് മാജിത എടുത്തത്. അത് 24 വര്‍ഷമായി ചക്രക്കസേരയിലായ സലീം കിഴിശ്ശേരിക്ക് ജീവിതത്തിന് താങ്ങാവുകയായിരുന്നു.

18 വയസ്സില്‍ അപകടത്തില്‍പ്പെട്ട് അരയ്ക്കുതാഴെ തളര്‍ന്നയാളാണ് പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി സലീം. പെരിന്തല്‍മണ്ണ നഗരസഭ മൂന്ന് വര്‍ഷമായി അരയ്ക്കുതാഴെ തളര്‍ന്നവര്‍ക്കായി നടത്തിവരുന്ന 'സാന്ത്വനം' പുനരധിവാസ പദ്ധതിയുടെ ബുദ്ധികേന്ദ്രവും സംഘാടകനുമാണ്.

പദ്ധതി കോഓര്‍ഡിനേറ്ററായ സലീമിന്റെ പ്രവര്‍ത്തനങ്ങളും ജീവിതാവസ്ഥയും മനസ്സിലാക്കിയാണ് മാജിത ജീവിതപങ്കാളിയെ തിരഞ്ഞെടുത്തത്. മുള്ള്യാകുര്‍ശിയിലെ അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപികയും തെക്കന്‍വീട്ടില്‍ വീരാന്‍കുട്ടിയുടെ മകളുമാണ് മാജിത. ഈ മാസം 12നായിരുന്നു ഇവരുടെ നിക്കാഹ്.

സാന്ത്വനം ക്യാമ്പിന് കീഴില്‍ ബുധനാഴ്ച ഒരുക്കിയ സൗഹൃദക്കൂട്ടായ്മയിലാണ് നവദമ്പതിമാര്‍ക്ക് അനുഗ്രഹവുമായി നാടൊരുമിച്ചത്. നഗരസഭാ അധ്യക്ഷ നിഷി അനില്‍രാജ്, വൈസ് ചെയര്‍മാന്‍ എം. മുഹമ്മദ്‌സലീം, മുന്‍ എം.എല്‍.എ സൈമണ്‍ ബ്രിട്ടോ, എം.കെ. ശ്രീധരന്‍, വി. രമേശന്‍, ടി.എസ്. സെയ്ഫുദ്ദീന്‍, ഷീബാ ഗോപാല്‍, കെ. സുമ, കെ.സി. ഹസീന, ഒ.പി. സലീം, എ. സൂരജ് തുടങ്ങിയവര്‍ ആശംസകള്‍ നേരാനെത്തി. തളര്‍ന്ന ശരീരത്തെ തളരാത്ത മനസ്സുകൊണ്ട് അതിജീവിച്ച സലീമിനും സന്ത്വനത്തിന്റെ ജീവിതവുമായെത്തിയ മാജിതയ്ക്കും മറ്റനേകംപേരും ആശംസകള്‍ നേര്‍ന്നു.

 

 




MathrubhumiMatrimonial