കേരളത്തിലും പന്നിപ്പനി മരണം: ഇന്ത്യയില്‍ മരണം പതിനാലായി

Posted on: 12 Aug 2009


ഇന്ത്യയില്‍ മരണം പതിനാല്
രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1035
ആസാദ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു



തിരുവനന്തപുരം/ന്യൂഡല്‍ഹി: കേരളത്തില്‍ പന്നിപ്പനി ബാധിച്ച് ആദ്യമായി ഒരാള്‍ മരിച്ചു. തിരുവനന്തപുരം വേളി വെട്ടുകാട് സ്വദേശി വില്‍സണ്‍ ലൂക്കോസ് (33) ആണ് മരിച്ചത്. അന്തമാനില്‍ നിന്ന് എത്തിയ ഇയാള്‍ ആറുദിവസമായി തിരുവനന്തപുരത്ത് സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യൂമോണിയ ബാധിച്ച് ആസ്​പത്രിയിലെത്തിയ ഇയാള്‍ക്ക് മരുന്നുകളൊന്നും ഫലിച്ചില്ലെന്നും പിന്നീട് പരിശോധനയില്‍ പന്നിപ്പനി സ്ഥിരീകരിക്കപ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

വില്‍സണ്‍ ലൂക്കോസ് ഉള്‍പ്പെടെ അഞ്ചുപേരാണ് രാജ്യത്ത് പന്നിപ്പനി ബാധിച്ച് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ ആകെ മരണം പതിനാലായി. പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു. രോഗം വ്യാപിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് ചൊവ്വാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ടെലിഫോണില്‍ സംസാരിച്ചു. ഗുജറാത്തിലെ വഡോദരയില്‍ ഏഴു വയസ്സുകാരി ആര്യ ബോര്‍ഡെയും മഹാരാഷ്ട്രയിലെ പുണെയില്‍ പതിമ്മൂന്നുകാരി ശ്രുതി ഗാവഡെയുമാണ് ചൊവ്വാഴ്ച മരിച്ചത്. ദക്ഷിണ മുംബൈയിലെ ബൈക്കുളയില്‍ അറുപത്തിമൂന്നുകാരി സയീദ ദോര്‍ഹീവാലയും മരിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലക്കാരിയാണ് ഇവര്‍.പുണെ സ്വദേശി 35 വയസ്സുകാരന്‍ സഞ്ജയ് മിസ്ത്രി സസൂണ്‍ ആസ്​പത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു.

ഇതോടെ മഹാരാഷ്ട്രയില്‍ പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. ഗുജറാത്തില്‍ ഇതുവരെ രണ്ടുപേര്‍ രോഗം പിടിപെട്ട് മരിച്ചു. ചെന്നൈയില്‍ നാലുവയസ്സുകാരന്‍ തിങ്കളാഴ്ച മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മരിച്ച എട്ടുപേരില്‍ ആറും പുണെയിലാണ്.

പുണെയില്‍ മാത്രം ചൊവ്വാഴ്ച 75 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1035 ആയി. ചെന്നൈയില്‍ പന്നിപ്പനി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച യുവതി ചൊവ്വാഴ്ച മരിച്ചു. എന്നാല്‍ ഇവര്‍ക്ക് പന്നിപ്പനിയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചൊവ്വാഴ്ച ടെലിഫോണില്‍ ബന്ധപ്പെട്ട കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് അടിയന്തര നടപടികളുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. പന്നിപ്പനിനിയന്ത്രണത്തിന് സംസ്ഥാനസര്‍ക്കാറുകളെ സഹായിക്കാനായി അയക്കുന്ന ഉദ്യോഗസ്ഥസംഘങ്ങളുമായി സഹകരിക്കാന്‍ ആസാദ് മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചു. ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറിതലങ്ങളിലുള്ള ഉദ്യോഗസ്ഥരെയാണ് കേന്ദ്രസര്‍ക്കാര്‍ അയക്കുന്നത്. പന്നിപ്പനി പടരുന്നതു തടയാന്‍ ഹരിയാണ സര്‍ക്കാര്‍ പകര്‍ച്ചവ്യാധിനിയന്ത്രണനിയമം പ്രാബല്യത്തില്‍ വരുത്തി. പകര്‍ച്ചവ്യാധിയുണ്ടെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ നിര്‍ബന്ധിത ഏകാന്തവാസത്തിലാക്കാന്‍ സര്‍ക്കാറിനെ അധികാരപ്പെടുത്തുന്ന നിയമമാണിത്. ഡല്‍ഹിയില്‍ രണ്ടു ദിവസത്തിനിടെ ഏഴു സ്‌കൂള്‍കുട്ടികളില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ നഗരത്തിലെ പല സ്‌കൂളുകളും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിരീക്ഷണംകര്‍ശനമാക്കുന്നു


സംസ്ഥാനത്ത് ആദ്യത്തെ പന്നിപ്പനി മരണത്തെ തുടര്‍ന്ന് നിരീക്ഷണം കര്‍ശനമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. മരിച്ച വെട്ടുകാട് സ്വദേശി വില്‍സണ്‍ ലൂക്കോസ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആസ്​പത്രിയില്‍ അദ്ദേഹത്തെ പരിചരിച്ച ഡോക്ടര്‍മാരുള്‍പ്പെടെ 45 പേരെ പത്തുദിവസത്തോളം നിരീക്ഷിക്കും. ഇവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഒരാഴ്ച മുന്‍പ് ഇയാള്‍ ചെന്നൈയില്‍നിന്ന് തീവണ്ടിയിലാണെത്തിയത്. ഈ തീവിണ്ടിയില്‍ ഇയാള്‍ക്കൊപ്പം യാത്രചെയ്തവരുടെ വിവരങ്ങള്‍ റെയില്‍വേയോട് ആവശ്യപ്പെടും. രോഗിയുമായി സമ്പര്‍ക്കത്തിലിരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് ഇതിനുള്ള ചുമതല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചേ മൃതദേഹം സംസ്‌കരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.



MathrubhumiMatrimonial