
നാടുകടത്തലിന്റെയും വിരഹദുഃഖത്തിന്റെയും ഓര്‍മയുമായി...
Posted on: 06 Oct 2014
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍

രാജകല്പന കല്ലേ പിളര്‍ക്കുമെന്ന് പഴമക്കാര്‍ പറയുന്ന അക്കാലത്ത് നടന്ന ഒരു നാടുകടത്തലിന്റെയും രാജകുമാരിയുടെ ദീനരോദനത്തിന്റെയും ഓര്‍മകളുമായി നില്‍ക്കുകയാണ് സരസ്വതിവിലാസം കൊട്ടാരം ഇന്ന്.
തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് എത്രയോ മുമ്പ് ചരിത്രത്തില്‍ സ്ഥാനംപിടിച്ച മിത്രാനന്ദപുരം ക്ഷേത്രത്തിന്റെയും കുളത്തിന്റെയും എതിര്‍വശത്തായി, പടിഞ്ഞാറെകോട്ടയ്ക്ക് സമീപത്ത് കോട്ടയ്ക്കുള്ളിലായി രാജകീയ പ്രതാപം വിളിച്ചറിയിക്കുന്ന ഒരു കൂറ്റന്‍ ഗേറ്റ് ഇപ്പോഴും കാണാം. അതിനുള്ളിലാണ് സരസ്വതിവിലാസം കൊട്ടാരം. ഇന്നത് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ ഓഫീസാണ്. അവിടെയാണ് ആധുനിക മലയാളഭാഷയുടെ ശില്പിയും ബഹുമുഖപ്രതിഭയും ബഹുഭാഷാ പണ്ഡിതനും തിരുവിതാംകൂറില്‍ സ്‌കൂള്‍കുട്ടികള്‍ക്കുള്ള ടെസ്റ്റ്ബുക്ക് കമ്മിറ്റി ചെയര്‍മാനുമായ 'കേരള കാളിദാസന്‍' എന്ന പേരില്‍ അറിയപ്പെടുന്ന കേരളവര്‍മ വലിയകോയിതമ്പുരാന്‍ താമസിച്ചിരുന്നത്. ആയില്യം തിരുനാളിന്റെ രാജകോപത്തിന് ഇരയായി അനന്തപുരിയില്‍നിന്ന് അദ്ദേഹത്തെ നാടുകടത്തലിന് സാക്ഷിയായതും ഈ കൊട്ടാരമാണ്.
ആയില്യം തിരുനാളിന്റെ അനന്തരവളും 'ആറ്റിങ്ങല്‍ മൂത്തതമ്പുരാന്‍' എന്ന സ്ഥാനപേരുള്ളതുമായ ലക്ഷ്മിഭായി തമ്പുരാട്ടിയെയായിരുന്നു കേരളവര്‍മ വലിയകോയി തമ്പുരാന്‍ വിവാഹം കഴിച്ചത്. അവരുടെ ദാമ്പത്യജീവിതം മാതൃകാപരമായിരുന്നു. എന്നാല്‍, പെട്ടെന്നാണ് നാടുഭരിച്ചിരുന്ന ആയില്യം തിരുനാളിന്റെ കോപത്തിന് കേരളവര്‍മ വലിയകോയിതമ്പുരാന്‍ ഇരയായത്. ആയില്യം തിരുനാളിന്റെ അനുജനും യുവരാജാവുമായ വിശാഖം തിരുനാളിന്റെ അഭ്യര്‍ഥനയോ, ലക്ഷ്മിഭായിയുടെ വിലാപമോ ഒന്നും മഹാരാജാവ് കണക്കിലെടുക്കാതെ കേരളവര്‍മ വലിയകോയിതമ്പുരാനെ അനന്തപുരിയില്‍നിന്ന് നാടുകടത്തി. ഇത്രവലിയ രാജകോപത്തിന് വഴിതെളിച്ച സംഭവം ഇന്നും അജ്ഞാതമാണ്.
പൊടിപ്പും തൊങ്ങലുംെവച്ച ചിലകാര്യങ്ങള്‍ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. നാടുകടത്തലിന് ശേഷം കേരളവര്‍മ വലിയകോയി തമ്പുരാനോടുള്ള ബന്ധം വിടര്‍ത്തി മറ്റൊരുവിവാഹം കഴിക്കാന്‍ ആയില്യംതിരുനാള്‍ ലക്ഷ്മിഭായിയെ നിര്‍ബന്ധിച്ചതായും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ആ പതിവ്രത അതിന് തയ്യാറായില്ല.
ഉത്രം തിരുനാളിനുശേഷമാണ് ആയില്യം തിരുനാള്‍ (18601880) രാജാവായത്. അനുജന്‍ വിശാഖം തിരുനാളായിരുന്നു യുവരാജാവ്. ഇവരുടെ ഗുരുവായ കുംഭകോണം സ്വദേശി ടി.മാധവറാവു (മാധവരായര്‍) ആയിരുന്നു ദിവാന്‍. ആയില്യത്തിന്റെയും വിശാഖത്തിന്റെയും അനന്തരവളുടെ ഭര്‍ത്താവായ കേരളവര്‍മ വലിയകോയി തമ്പുരാനോട് എല്ലാവര്‍ക്കും ബഹുമാനമായിരുന്നു. എന്നാല്‍, ആയില്യം തിരുനാളിന്റെ ചില നടപടികളില്‍ യുവരാജാവ് വിശാഖംതിരുനാള്‍ അസംതൃപ്തനായി. ദിവാന്‍ മാധവറാവുവും കേരളവര്‍മ വലിയകോയിതമ്പുരാനും കൂടുതല്‍ ബന്ധപ്പെട്ടത് വിശാഖം തിരുനാളിനോടാണ്. മാത്രവുമല്ല, വിശാഖം തിരുനാളിന്റെ ദീര്‍ഘവീക്ഷണവും ഇംഗ്ലീഷ് പത്രങ്ങളില്‍ എഴുതുന്ന ലേഖനങ്ങളും ഇവര്‍ പ്രകീര്‍ത്തിച്ചിരുന്നു. ഈ അടുപ്പം ആയില്യം തിരുനാള്‍ ഇഷ്ടപ്പെട്ടില്ല. അതോടെ അവരുടെ ഇടയില്‍ അഭിപ്രായഭിന്നത രൂക്ഷമായി.
സര്‍ ടി. മാധവറാവുവിന്റെ ഭരണപരിഷ്‌കാരങ്ങള്‍പോലും അവഗണിച്ച് ആയില്യം തിരുനാള്‍ അദ്ദേഹത്തില്‍നിന്നും അകന്നു. അതോടെ ദിവാനെതിരെ ചില അഴിമതിയും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ദിവാന്‍ രാജിവെയ്ക്കണമെന്ന ചിന്താഗതിയിലെത്തി ആയില്യം തിരുനാള്‍. പക്ഷേ, വിശാഖം തിരുനാള്‍ ഇതിന് എതിരായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ ദിവാന്‍ ഉദ്യോഗം രാജിെവച്ച് തിരുവിതാംകൂറിനോട് വിടപറഞ്ഞു. സര്‍ ശേഷയ്യാശാസ്ത്രി ആയിരുന്നു പുതിയ ദിവാന്‍. വൈസ്‌റോയി നോര്‍ത്ത് ബ്രൂക്ക് പ്രഭുവിന്റെ ക്ഷണം അനുസരിച്ച് ഭോപ്പാല്‍ ബീഗത്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ ബോംബെയ്ക്കും അതുവഴി കാശിക്കും മഹാരാജാവ് യാത്ര നിശ്ചയിച്ചിരുന്നു. കേരളവര്‍മ വലിയകോയിതമ്പുരാനും ഈ സംഘത്തിലുണ്ടായിരുന്നു. അതിനുശേഷം തിരിച്ചെത്തിയതോടെ കേരളവര്‍മയോട്, മഹാരാജാവിന്റെ നീരസംകൂടി. ഇതിനിടയിലാണ് കടപ്പുറത്തുള്ള സായാഹ്നചടങ്ങില്‍ ദിവാന്‍ ശേഷയ്യശാസ്ത്രിക്കെതിരെ മഹാരാജാവ് ഒരു പരാമര്‍ശം നടത്തിയത്. ഇങ്ങനെപോയാല്‍ ഇയാളെ (ദിവാനെ) ആരെങ്കിലും വിഷം കൊടുത്തുകൊല്ലുമെന്നായിരുന്നു രാജാവ് പറഞ്ഞത്. ഇത് ഒരു ഊമക്കത്ത് രൂപത്തില്‍ ദിവാന് ലഭിച്ചു. ദിവാന്‍ കത്ത് മഹാരാജാവിനെ ഏല്പിച്ചു. അവസാനം കൈപ്പട കേരളവര്‍മയുടേതാണെന്ന് മനസ്സിലാക്കിയ മഹാരാജാവ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ അനുവാദത്തോടെ കേരളവര്‍മ വലിയകോയിതമ്പുരാനെ നാടുകടത്തി ഹരിപ്പാട് കൊട്ടാരത്തില്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു. കൊല്ലവര്‍ഷം 1050 (ഇ.വ 1875) കര്‍ക്കടകം 21നായിരുന്നു ആ സംഭവം.
സരസ്വതിവിലാസം കൊട്ടാരത്തില്‍നിന്ന് അറസ്റ്റ് ചെയ്ത വലിയകോയിതമ്പുരാനെ പോലീസ് ബന്തവസ്സോടെ കുതിരവണ്ടിയില്‍ കയറ്റി പടിഞ്ഞാറെകോട്ട വഴിയാണ് കല്പാലക്കടവിലേക്ക് (വള്ളക്കടവ്) കൊണ്ടുപോയത്. കോട്ടവിട്ടതോടെ വെടിശബ്ദം ഉയര്‍ന്നു. അത് കേരളവര്‍മയെ അറസ്റ്റ് ചെയ്ത് കോട്ട കടത്തി എന്ന് മഹാരാജാവിനെ അറിയിക്കാന്‍ വേണ്ടിയായിരുന്നു. അവിടെനിന്നും ബോട്ടിലാണ് അദ്ദേഹത്തെ കൊണ്ടുപോയത്. 1880ല്‍ ആയില്യം തിരുനാള്‍ മരിക്കുന്നതുവരെ അദ്ദേഹം വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. പിന്നീട് വിശാഖം തിരുനാള്‍ അധികാരമേറ്റതോടെയാണ് വിമുക്തനായത്. അതിനുശേഷമുള്ള കാലം മലയാള ഭാഷയ്ക്കുവേണ്ടി സമര്‍പ്പിച്ചതായിരുന്നു കേരള വര്‍മ വലിയകോയിതമ്പുരാന്റെ ജീവിതം. 1914 സപ്തംബര്‍ 18ന് കായംകുളത്ത് ഒരു വാഹനാപകടത്തിലാണ് വലിയകോയിതമ്പുരാന്‍ ലോകത്തോട് വിടപറഞ്ഞത്. അതിന്റെ നൂറാംവര്‍ഷമാണിപ്പോള്‍.
വലിയകോയിതമ്പുരാന്‍ ഭാഷയ്ക്ക് ചെയ്ത സേവനങ്ങള്‍ക്ക് അദ്ദേഹത്തിന് അര്‍ഹമായ പ്രാധാന്യം കിട്ടിയില്ലെന്ന് ഈ രംഗത്ത് ഗവേഷണം നടത്തിയ ഡോ. തിക്കുറിശ്ശി ഗംഗാധരനടക്കം ഉള്ളവര്‍ പരാതിപ്പെടുന്നു.
malayinkilgk@yahoo.com
