goodnews head

ബേബിയുടെ സ്വപ്നം പൂവണിയുന്നു: മകള്‍ക്കൊപ്പം ഇനി സ്വന്തംവീട്ടില്‍ തലചായ്ക്കാം

Posted on: 01 Oct 2014




പേയാട്: ഒറ്റക്കാലില്‍ നടന്ന് ബേബി യാചിച്ചത് മൂന്ന് വയറ് പോറ്റാന്‍ മാത്രമല്ല. തന്റെ തണലില്‍ കഴിയുന്ന അമ്മയ്ക്കും മകള്‍ക്കും താമസിക്കാനൊരു വീട് വേണം. പേയാട് കാട്ടുവിള മായാ നിവാസില്‍ ബേബിയുടെ ദുരിതജീവിതം 2011 നവംബര്‍ 18ലെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് സുതാര്യ കേരളത്തില്‍ പരാതിയായി സ്വീകരിച്ചു. അങ്ങനെ വര്‍ഷങ്ങള്‍നീണ്ട നടപടിക്രമങ്ങള്‍ക്ക് ശേഷം ബേബിയുടെ കുടുംബത്തിന് വീടുെവയ്ക്കാന്‍ കുണ്ടമണ്‍കടവ് പാലത്തിന് സമീപം മൂന്ന് സെന്റ് ഭൂമിയും വീടിന്റെ നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപയുടെ ധനസഹായവും അനുവദിച്ചു.

നിര്‍മാണ തൊഴിലാളിയായിരുന്ന ബേബിക്ക് ജോലിയ്ക്കിടയിലുണ്ടായ അപകടത്തിലാണ് 18 വര്‍ഷം മുമ്പ് ഇടതുകാല്‍ നഷ്ടപ്പെട്ടത്. വിവാഹിതയായെങ്കിലും ഉടന്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ ഏകമകള്‍ മിന്നു (12)വിന്റെയും അമ്മ ഗോമതി (82)യുടെയും സംരക്ഷണം ബേബിയുടെ ചുമലിലായി. കിടക്കാനിടമില്ലാതെ ആരാധനാലയങ്ങളില്‍ അന്തിയുറങ്ങിയ ഇവര്‍ നാട്ടുകാരിലൊരാളുടെ കനിവിലാണ് കാട്ടുവിളയില്‍ കഴിയുന്നത്.

കുണ്ടമണ്‍കടവില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് വീടുണ്ടാക്കാനുള്ള ബേബിയുട ശ്രമം പാഴ്വേലയായി. കരമനയാറിന്റെ തീരത്തുള്ള ഈ സ്ഥലം ആറ്റില്‍ വെള്ളമുയര്‍ന്നാല്‍ മുങ്ങുന്നതാണ്. ഇത് ഒഴിവാക്കണമെങ്കില്‍ വീടിന്റെ അടിസ്ഥാനം ഉയര്‍ത്തണം. ഈ സമയത്താണ് വീട് നിര്‍മാണത്തിന് സഹായംതേടി അവര്‍ പേയാട് മിണ്ണംകോടുള്ള സത്യാന്വേഷണ ചാരിറ്റബിള്‍ സൊസൈറ്റിയെ സമീപിച്ചത്. സഹായത്തിന് സംഘടനാ ഭാരവാഹികള്‍ തയ്യാറായപ്പോള്‍ സര്‍ക്കാറില്‍നിന്നും രണ്ട് ലക്ഷം രൂപ വീട് നിര്‍മാണത്തിന് അനുവദിച്ചു.

ഇതോടെ അഞ്ച് ലക്ഷത്തോളം രൂപ െചലവ് വരുന്ന വീട് നിര്‍മാണത്തിന് ജില്ലാ കളക്ടറും സത്യാന്വേഷണ ഭാരവാഹികളും ധാരണയായി. ഒക്ടോബര്‍ അഞ്ചിന് രാവിലെ 11ന് ബേബിയുടെ വീട് നിര്‍മാണം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്റെ സാന്നിധ്യത്തില്‍ ആരംഭിക്കും.
വലതുകാലിന്റെ എല്ലിന്റെ തേയ്മാനം കൊണ്ട് കൂടുതല്‍ ദൂരം നടക്കാനാവാത്ത അവസ്ഥയിലാണ് ബേബി. ഇവര്‍ക്ക് വീട് ഒരുക്കുന്നതിനോടൊപ്പം സുമനസ്സുകള്‍ സഹായിച്ചാല്‍ എന്തെങ്കിലും ജീവിതോപാധികൂടി കണ്ടെത്താന്‍ സഹായിക്കണമെന്ന ആഗ്രഹത്തിലാണ് സത്യാന്വേഷണ പ്രവര്‍ത്തകരെന്ന് ഭാരവാഹികളായ വി.കെ. മോഹനന്‍, സി. പ്രേമചന്ദ്രന്‍നായര്‍ എന്നിവര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial