goodnews head

സ്‌നേഹവീട്ടില്‍ രണ്ടാംബാല്യം

Posted on: 01 Oct 2014

കെ.എം. രൂപ



ദുഖം, ദുരിതം, അനാഥത്വം തുടങ്ങിയവയൊക്കെ അതിജീവിച്ച് പുഞ്ചിരിയോടെ കഴിയാന്‍ അപ്പൂപ്പന്‍മാരെയും അമ്മൂമ്മമാരെയും പ്രേരിപ്പിക്കുന്ന ഒരു സ്ഥാപനത്തെക്കുറിച്ച്...


കുഴിഞ്ഞ കണ്ണുകളിലൂടെ നിലയ്ക്കാത്ത കണ്ണീര്‍പ്രവാഹം, ഉറ്റവര്‍ കൊണ്ടുപോകാത്തതില്‍ തലതല്ലി കരയുന്നവര്‍, വെളിച്ചമെത്താത്ത ഇടുങ്ങിയ മുറികള്‍, നിലത്തും കട്ടിലിലുമായി വൃത്തിഹീനരായി കിടക്കുന്ന അന്തേവാസികള്‍, മലമൂത്രവിസര്‍ജനങ്ങളുടെ ദുര്‍ഗന്ധം, വടിയുമായി ആളുകളെ അടക്കി നിര്‍ത്തുന്ന നടത്തിപ്പുകാര്‍... ഒരു സൗജന്യ വയോജനകേന്ദ്രത്തെക്കുറിച്ചുളള കാഴ്ചപ്പാട്! എന്നാല്‍ കോഴിക്കോട് നഗരത്തിലെ കോട്ടൂളിയിലുളള ഹോം ഓഫ് ലൗ ഇങ്ങനെയൊന്നുമല്ല.

സ്‌നേഹവീട് എന്ന പേര് അന്വര്‍ത്ഥമാക്കിയ ഒരു വയോജനകൂട്ടായ്മ അവിടെ കാണാം. ക്രിസ്തു ദാസികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ 98 പേര്‍ സുഖമായി താമസിക്കുന്നു. ഇവരെ പരിപാലിക്കുന്നതിനായി 10 സിസ്റ്റര്‍മാരുമുണ്ട്.

ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി ഈ സംഘടനയ്ക്കു ജീവന്‍ നല്‍കി. സമൂഹത്തെ സഹായിക്കുന്നതിലൂടെ ദൈവത്തെ സേവിക്കുകയെന്നതാണ് സംഘടനയുടെ മുഖ്യലക്ഷ്യം. ആരോരുമില്ലാത്ത വയോധികര്‍ക്ക് തങ്ങളുടെ രണ്ടാം ബാല്യം സുന്ദരമായി ആഘോഷിക്കുവാനാണ് ഹോം ഓഫ് ലൗ സ്ഥാപിച്ചത്.

2003ല്‍ പണി തുടങ്ങി 2005ല്‍ പ്രവര്‍ത്തനമാരംഭിച്ച ഹോം ഓഫ് ലൗവില്‍ 25 മുതല്‍ 95 വയസ്സു വരെയുളളവരുണ്ട്. 80 ശതമാനവും വയോജനങ്ങളാണ് എന്നതും പ്രത്യേകത.

വ്യത്യസ്തമായ അന്തരീക്ഷം


അതിഥികളെ സ്വീകരിക്കുന്നത് അവിടുത്തെ മദര്‍ ലിസിയുടെ പുഞ്ചിരിക്കുന്ന മുഖമാണ്. കയറിയാലുടെനെ ഒരു വലിയ ഹാള്‍. ക്രിസ്ത്യന്‍ പുരോഹിതന്‍മാരുടെ ചിത്രങ്ങള്‍, സ്റ്റാന്‍ഡില്‍ അടുക്കി വച്ച മാഗസിനുകള്‍, പത്രങ്ങള്‍, നിരത്തി വച്ചിരിക്കുന്ന കസേരകള്‍. വാക്കറിലോ ചക്രകസേരകളിലോ അല്ലെങ്കില്‍ സ്വയമായോ നീങ്ങുന്ന അന്തേവാസികള്‍. ഹാളിനു മുന്‍പില്‍ പ്രാര്‍ഥനാമുറി. യേശുദേവനും കന്യാമറിയവുമെല്ലാം അനുഗ്രഹിച്ചുകൊണ്ടു നില്‍ക്കുന്നു. പ്രാര്‍ഥിക്കാന്‍ ബെഞ്ചുകളുണ്ട്. തങ്ങളുടെ വിശ്വാസമനുസരിച്ച് ഇവിടിരുന്ന് മന്ത്രമുരുവിടാം, ധ്യാനിക്കാം.


ഒന്നാം നിലയിലാണ് അവശരല്ലാത്തവര്‍ താമസം. അവിടെ തന്നെയാണ് അടുക്കളയും ഭക്ഷണമുറിയും. രണ്ടാം നിലയിലാണ് പരസഹായമില്ലാതെ ദൈനംദിന പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയാത്തവര്‍ കിടക്കുന്നത്. അവര്‍ക്ക് ഭക്ഷണം വാരി കൊടുക്കണം. മിക്കവരും യൂറിന്‍ബാഗുമായി ഇരിക്കുന്നവരോ കിടക്കുന്നവരോ ആണ്. യാതൊരു വിധത്തിലുളള ദുര്‍ഗന്ധവും അവിടെ അനുഭവപ്പെടുന്നില്ല. നാല്‍പ്പതോളം ബാത്ത്‌റൂമുകളും ഉണ്ട്.

ഒരു ശരണാലയത്തിന്റെ പതിവു ചിട്ടവട്ടങ്ങളൊന്നുമില്ലെന്നതാണ് ഹോം ഓഫ് ലൗവിന്റെ പ്രത്യേകത. സ്വാതന്ത്രമാണ് എല്ലാത്തിനും. ഗേറ്റു പോലും അടച്ചിട്ടില്ല. വലിയ വണ്ടി സ്വന്തമായി ഇല്ലാത്തതിനാല്‍ അന്തേവാസികളെ പുറത്തു കൊണ്ടു പോകാന്‍ മാര്‍ഗമില്ല. അതു മാത്രമാണ് പുറംലോകത്തേക്കുളള ബന്ധം നിലയ്ക്കാന്‍ കാരണം. പക്ഷെ വര്‍ഷത്തില്‍ ഒന്നു രണ്ടു തവണ ക്ലബുകളും മറ്റും വാഹനവുമായി എത്തി ഇവരെ യാത്രകള്‍ക്കു കൊണ്ടു പോകും.

ഇത്രയും സ്ഥലമുളള സൗജന്യശരണാലയങ്ങള്‍ കേരളത്തില്‍ വളരെ കുറവാണ്. ഭക്ഷണം, പ്രാഥമികാവശ്യങ്ങള്‍ ചെയ്യല്‍, നടത്തം ഈ മൂന്നു കാര്യങ്ങള്‍ കൃത്യസമയത്തു ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ട്. പിന്നെ താത്പര്യവും ആരോഗ്യവുമുളളവര്‍ക്ക് ചെടി നനയ്ക്കുകയോ പുല്ലു പറിയ്ക്കുകയോ ആകാം. പ്രധാനപത്രങ്ങളില്‍ പലതും സൗജന്യമായി പത്രവും മാസികകളും നല്‍കുന്നു.

മക്കളുളളവര്‍ക്ക് നോ എന്‍ട്രി


മാതാപിതാക്കള്‍ ഭാരമാണെന്നു വിശ്വസിച്ച് വയോജനകേന്ദ്രങ്ങളില്‍ കൊണ്ടു തളളുന്ന മക്കള്‍ക്ക് ഇവിടെ പ്രവേശനമില്ല. മക്കളോ ജീവിതപങ്കാളിയോ ഇല്ലാത്തവര്‍ക്കാണ് ഹോം ഓഫ് ലൗവില്‍ അംഗത്വം. പോലീസുകാരും ആസ്പത്രി അധികൃതരുമാണ് ആളുകളെ ഇവരെ ഏല്‍പ്പിക്കുന്നത്. കൂടാതെ സമ്പന്നരുടെ വീടുകളില്‍ പണിയെടുത്ത് ആരോഗ്യം ക്ഷയിച്ച വയോധികരെ മുതലാളിമാര്‍ തന്നെ കൊണ്ടാക്കും. പരിചയക്കാര്‍ എത്തിക്കുമ്പോള്‍ അവരില്‍ നിന്ന് സമ്മതപത്രം വാങ്ങും. സ്ത്രീകള്‍ മാത്രം സഹായികളായി ഉളളതിനാല്‍ അക്രമാസക്തരാകുന്നവരെ പ്രവേശിപ്പിക്കാറില്ല. അങ്ങനെയുളള സംഭവങ്ങള്‍ വരുമ്പോള്‍ ബന്ധുക്കളോടു മടക്കി കൊണ്ടു പോകാന്‍ പറയുകയോ അല്ലങ്കില്‍ മറ്റു സംരക്ഷണകേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കുകയോ ചെയ്യും.

നിലവില്‍ 36 പുരുഷന്‍മാരും ബാക്കി സ്ത്രീകളുമാണ്. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും ഇവിടെ അംഗങ്ങളാകാം. 60 ശതമാനവും ഹിന്ദുക്കളാണ് എന്നതു തന്നെ ഇതിനുളള തെളിവ്.

ഒരു ദിനം തുടങ്ങുന്നതിങ്ങനെ


രാവിലെ അഞ്ചരയ്ക്ക് ബെല്ലടിക്കും. കട്ടന്‍ ചായ കൊടുക്കും. പിന്നീട് പ്രാര്‍ഥന. താത്പര്യമുളളവര്‍ക്ക് പങ്കെടുക്കാം. ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. 7.45ന് പ്രാതല്‍. ദോശ, ഇഡ്ഢലി, ചപ്പാത്തി, വെളളപ്പം, പുട്ട് തുടങ്ങിയ എല്ലാം തന്നെ മാറിമാറി കൊടുക്കും.

പിന്നെ 10.30 മുതല്‍ കുളിയും തുണിയലക്കലും നടക്കും. 11.30ന് വീണ്ടും പ്രാര്‍ഥനാസമയം. 12 മണിക്ക് ഉച്ചയൂണ്. ചോറും കറികളുമാണ് മിക്ക ദിവസവും. വിശഷദിവസങ്ങളില്‍ ബിരിയാണി. മീനോ മാംസമോ നിര്‍ബന്ധമാണ്. സസ്യാഹാരം മാത്രം നല്‍കിയാല്‍ അന്നു ചോറു ബാക്കി കളയുമെന്ന് സിസ്റ്റര്‍ ശോഭയുടെ സാക്ഷ്യം.

പിന്നീട് ഉറക്കമോ വായനയോ ആകാം. 2.30ന് പ്രാര്‍ഥന. 3 മണിക്ക് ചായയും ചെറുപലഹാരവും. വൈകീട്ട് നടത്തം, ചെടി നനയ്ക്കല്‍, കൊച്ചു വര്‍ത്തമാനം തുടങ്ങിയ പരിപാടികളില്‍ സജീവമാകും. അംഗങ്ങള്‍ തമ്മിലുളള സംസാരം കുറവാണെന്നു സിസ്റ്റര്‍മാര്‍ പറയുന്നു. പല നാട്ടുകാരായതിനാല്‍ ഭാഷ മനസ്സിലാകാത്തതും ഓര്‍മ്മക്കുറവുളളതും വില്ലന്‍മാരാണ്. സന്ദര്‍ശകരായ കൊച്ചുകുട്ടികളുമായി സംവദിക്കാന്‍ എല്ലാവരും തന്നെ താത്പര്യമാണ്്. അത്താഴം അഞ്ചു മണിയോടെ നല്‍കും. ഒന്നാം നിലയിലുളളവര്‍ ഭക്ഷണമുറിയിലെത്തി കഴിക്കും. വിളമ്പാന്‍ അന്തേവാസികളാകും മിക്കവാറും. രണ്ടാം നിലയിലുളളവര്‍ക്ക് വാരി കൊടുക്കും. ഏഴു മണിയോടു കൂടി അന്തേവാസികളെല്ലാം നല്ല ഉറക്കമാകും.

അന്തേവാസികളേ പരിശോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ബാബു ജോര്‍ജ്, ഇഖ്‌റ ഹോസ്പിറ്റലിലെ മനോരോഗവിദഗ്ധന്‍ ഡോ. സുരേഷ് കുമാര്‍, ഡോ. ഡെയ്‌സി, ഡോ ബീനാ ഉമ്മന്‍, ഡോ. ഗോപിനാഥ്, ഡോ. പ്രേംകുമാര്‍ തുടങ്ങിയവര്‍ ആവശ്യസന്ദര്‍ഭങ്ങളിലും എത്താറുണ്ട്.

ഉറക്കവും ഭക്ഷണവുമാണ് മിക്കവരുടെയും പ്രിയവിനോദമെന്നതിനാല്‍ വ്യായാമം കുറവാണ്. ഫിസിയോതെറാപ്പി വിദഗ്ധന്റെ സഹായം തേടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും വയോധികരെ സ്‌നേഹത്തോടെ പരിചരിക്കാന്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലുമാണ് പ്രതീക്ഷിക്കുന്നതെന്നു ഹോം ഓഫ് ലൗവിന്റെ ഡയറക്ടര്‍ പറഞ്ഞു.

സാമ്പത്തികസഹായം


മൂന്നു നിലകളുളള സ്ഥാപനത്തില്‍ ഏറ്റവും മുകളില്‍ വനിതാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാര്‍ഥികളും ഉദ്യോഗസ്ഥകളുമാണ് താമസക്കാര്‍. അവരില്‍ നിന്നുളള മാസവാടക കൊണ്ടാണ് ചെലവുകള്‍ നടന്നു പോകുന്നത്. കൂടാതെ അടുത്തറിയുന്നവരുടെയും സന്നദ്ധപ്രവര്‍ത്തകരും ധനസഹായം സ്വീകരിക്കും. വിശേഷദിവസങ്ങളില്‍ ഭക്ഷണമെത്തിച്ച് സംഘടനകളും കാറ്ററിംഗ് യൂണിറ്റുകളും സഹായിക്കും.

'യാത്രയ്ക്കിടയില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി പലരോടും സഹായാവശ്യങ്ങള്‍ പറഞ്ഞ് കെഞ്ചാറുണ്ട്. അങ്ങനെയെങ്കിലും മനസ്സലിവു തോന്നട്ടെയെന്നു കരുതി' ഹോം ഓഫ് ലൗവിലെ ഒരു സിസ്റ്റര്‍ പറഞ്ഞു. അപേക്ഷിച്ചിട്ട് 5 വര്‍ഷമായിട്ടും ഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്ന ഗ്രാന്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ല. ഇവിടെ 83 പേര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു രേഖകള്‍ സഹിതം അധികാരികള്‍ക്കു മുന്‍പില്‍ സമര്‍പ്പിച്ചു. ഈ വര്‍ഷം കിട്ടുമെന്ന് അറിയിച്ചെങ്കിലും അവസാനനിമിഷം സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധി മൂലം മുടങ്ങി. ഗ്രാന്‍ഡ് ലഭിച്ചു തുടങ്ങിയാല്‍ പ്രതിമാസം ഒരാള്‍ക്ക് 700 രൂപ കിട്ടും.

ഇത്രയൊക്കെ സാമ്പത്തികഞെരുക്കമനനുഭവിക്കുമ്പോഴും വൃത്തിയുടെയോ അത്യാവശ്യസാധനങ്ങളുടെയോ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ഉദാഹരണത്തിന്, പ്രായമായവര്‍ കൈ കുത്തിയ അടയാളങ്ങളാണ് ചുമരു മുഴുവന്‍. അവിടുത്തെ അഴുക്ക് മാറ്റാന്‍ ടൈല്‍സ് ഒട്ടിക്കാന്‍ പദ്ധതിയുണ്ട്. അതിനു മുന്നോടിയായി ചുമരെല്ലാം ചുരണ്ടി വൃത്തിയാക്കാന്‍ സിസ്റ്റര്‍മാര്‍ തന്നെ മുന്നിട്ട് ഇറങ്ങി്.

അപൂര്‍വം ചില അന്തേവാസികള്‍ സ്വത്തു ഈ സ്ഥാപനത്തിനു എഴുതിവെക്കും. ബാങ്ക് അക്കൗണ്ടിനു നോമിനിയായി ഹോം ഓഫ് ലൗവിന്റെ പേര് ചേര്‍ക്കും. മേരി ക്ലമന്റ് എന്നൊരു വയോധിക തന്റെ മൂന്നു സെന്റ് സ്ഥലവും വീടും ഇങ്ങനെ എഴുതിവെച്ചു. അവര്‍ മരിച്ച ശേഷം വസ്തു വിറ്റു കിട്ടിയ തുകയാല്‍ ഒരു മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മ്മിച്ചു.

പത്തു വര്‍ഷം, സെഞ്ച്വറികരികെ


പണം കൊടുത്താല്‍ പോലും സഹായിയായി ആരും ഈ സ്ഥാപനത്തില്‍ നില്‍ക്കാന്‍ തയാറല്ല. ഒരു ദിവസം കഴിയുമ്പോഴേക്കും പണി മതിയാക്കി പോകും. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഇത്രയുമധികം പേരെ ശുശ്രൂഷിക്കുന്നതു തന്നെ ശ്രമകരമായ ഒരു ജോലിയാണ്. ക്ഷമയും സഹനവും ഇഷ്ടവുമുണ്ടെങ്കിലേ വിജയിക്കാനാവൂ. തീര്‍ച്ചയായും ദൈവത്തിന്റെ മാലാഖമാരായി ഇവരെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ലെന്നു സ്ഥാപനത്തിന്റെ അഭ്യുദയകാംക്ഷികള്‍.

ഒരു ദശാബ്ദക്കാലമായി ഉയര്‍ന്നു നില്‍ക്കുന്ന ഈ സ്‌നേഹവീടിലെ താമസക്കാര്‍ നൂറു കടക്കുമെന്നു പൂര്‍ണ്ണബോധ്യമുളളപ്പോഴും വീണ്ടും സ്വാഗതമോതുകയാണ് അംഗങ്ങള്‍ക്കും സഹായത്തിനും സ്‌നേഹത്തിനും!

പ്രിയമകളായി മദര്‍ ലിസി


'എന്റെ മകളാണ് ഈ മദര്‍. ഇവരൊക്കെ ഇത്ര സ്‌നേഹമായിട്ട് ആരും ഞങ്ങളെ നോക്കിയിട്ടില്ല.' അരയ്ക്കു താഴേയ്ക്ക് ചലനശേഷിയില്ലാത്ത അമ്മിണിയമ്മ ചക്രകസേരയിലിരുന്ന് മദര്‍ ലിസിയുടെ കൈ പിടിച്ചു പറഞ്ഞു.

മദര്‍ ലിസി ഹോം ഓഫ് ലൗവിലെ ഡയറക്ടറാണ്. സ്‌നേഹത്തിന്റെ ആള്‍രൂപമാണ് ഇവരെന്നു ഹോമിലുളളവര്‍ പറയുന്നു. ആറു വര്‍ഷമായി സ്ഥാപനത്തിലെ അന്തേവാസികള്‍ക്കു തുണയായി കഴിയുന്നു. ഇതിനിടെ പലരെയും ഇവിടെയ്ക്കു കൈ പിടിച്ചു കയറ്റുകയും ആഹ്ലാദത്തോടെയും വേദനകളനുഭവിച്ചും മരിക്കുന്നതും കണ്ടു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴിയുടെ ആദര്‍ശങ്ങള്‍ക്കളില്‍ അടിയുറച്ച് ഈ സ്‌നേഹവീട് കഴിഞ്ഞു പോകുന്നതിനു പ്രധാനകാരണം മദര്‍ ലിസിയാണ്.

അന്തേവാസികള്‍ക്കായി നിയമപാലകരുടെ അടുത്തു പോകാനും ബന്ധുക്കള്‍ തട്ടിയെടുത്ത പണം മടക്കി വാങ്ങാനും പോകാന്‍ മദറിനു മടിയില്ല. രോഗികളെ കുളിപ്പിക്കുക, ഭക്ഷണം നല്‍കുക, കെട്ടിടം വൃത്തിയാക്കുക തുടങ്ങിയ എല്ലാ പ്രവര്‍ത്തികളും മറ്റുളളവരുടെ കൂടെ ചെയ്യാന്‍ മുന്നിലുണ്ടാകും. സ്ഥാപനത്തെ കുറിച്ചു സന്ദര്‍ശകരുടെയടുത്ത് വിശദീകരിക്കുന്നതു മദറാണ്.

വയനാട് സ്വദേശിയാണ്. ആറു വര്‍ഷം കഴിഞ്ഞാല്‍ സ്ഥലം മാറ്റമെന്നു ക്രിസ്തു ദാസി സഭയുടെ നിയമം. സഭ തീരുമാനിക്കുന്ന പോലെ ഇവിടെ തന്നെ തുടരുകയോ പുതിയ സ്ഥലത്തേക്കു മാറുകയോ ചെയ്യേണ്ടി വരുമെന്നു മദര്‍ പറഞ്ഞു. എന്തു തന്നെയായാലും സന്തോഷത്തോടെ അനുസരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തയില്‍ തന്നെക്കുറിച്ചുളള പരാമര്‍ശങ്ങള്‍ക്കു പകരം സ്ഥാപനത്തെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്നും മദര്‍ നിര്‍ദേശിച്ചു.

സഞ്ചരിക്കുന്ന ഫാന്‍സി കട


ഹോം ഓഫ് ലൗവിലെ രസകരമായ ഒരു കഥാപാത്രമാണ് ഗ്രേസ്. സ്ഥാപനത്തില്‍ ആരെത്തിയാലും അവരുടെ അടുത്തെത്തും. സ്ത്രീകളുടെ ആഭരണങ്ങള്‍ ശ്രദ്ധിക്കും. ഫാന്‍സി ആഭരണങ്ങള്‍ ഉപയോഗിക്കുന്നവരാണെന്നു തോന്നിയാല്‍ ഒന്നും മിണ്ടാതെ പോയി ഒരു ബാഗുമായി മടങ്ങി വരും. അതില്‍ നിറയെ വിവിധരൂപത്തില്‍ പല നിറത്തിലുളള കമ്മലുകളും ബ്രേയ്‌സ്‌ലെറ്റുകളുമാണ്. എല്ലാം ഗ്രേസ് തന്നെ നിര്‍മ്മിച്ചത്. വില അഞ്ചു രൂപ മുതല്‍. ഹോമിലെത്തുന്ന അതിഥികളാണ് ഗ്രേസിന്റെ കസ്റ്റമേഴ്‌സ്. വരുന്നത് പുരുഷന്‍മാരായാല്‍ അവരുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വാങ്ങാന്‍ നിര്‍ബന്ധിക്കും.
ഗ്രേസിന്റെ നാട് താമരശേരി. ഹിന്ദി അധ്യാപികയായി വിരമിച്ചു. മസ്തിഷ്‌കത്തില്‍ സംഭവിച്ച ഒരു രോഗത്താല്‍ നട്ടെല്ലു തളര്‍ന്നു. ആറു വര്‍ഷം മുന്‍പ് സഹോദരങ്ങള്‍ ഹോമിലെത്തിച്ചു. ചക്രകസേരയിലാണ് സഞ്ചാരം.

ഒന്നരവര്‍ഷം മുന്‍പ് ഒരു ദിവസം പുറത്തേക്കു പോകുന്ന സിസ്റ്റര്‍മാരോട് തനിക്ക് ഫാന്‍സി ആഭരണങ്ങളുണ്ടാക്കാന്‍ കുറച്ച് മുത്തും കമ്പികളും പശയും കട്ടറുകളും വേണമെന്നു ഗ്രേസ് പറഞ്ഞു. അന്നു മുതല്‍ ആഭരണനിര്‍മ്മാണം തുടങ്ങി. 30,000 രൂപയോളം ഇതിനകം സമ്പാദിച്ചു കഴിഞ്ഞു. സ്വയമുണ്ടാക്കിയ കമ്മലും ബ്രേസ്‌ലെറ്റും ധരിച്ചു മോഡലാകുന്നതും കക്ഷി തന്നെ.

ഹോമിലേക്കെത്തുമ്പോള്‍ തീരെ അവശയായിരുന്നു ഗ്രേസ്. ഇന്ന് പ്രാര്‍ഥനകള്‍ നയിക്കുന്നതു ഇവരാണ്. ഉറക്കെ ദൈവഗീതങ്ങള്‍ പാടി, മറ്റുളളവരോട് സംസാരിച്ച് ആഹ്ലാദവതിയായി ഗ്രേസ് കഴിയുന്നു.

സംരക്ഷകവേഷത്തിലെത്തുന്ന വില്ലന്‍മാര്‍


ഹോം ഓഫ് ലൗവില്‍ എത്തിയ കുറച്ചുപേര്‍ ചതിക്കപ്പെട്ടത് സഹതാപവുമായി സഹായികളെന്ന പേരിലെത്തുന്നവരില്‍ നിന്നാണ്. പ്രധാനമായും ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത് ഭര്‍ത്താവു മരിച്ച വയോധികരായ സ്ത്രീകളെയാണ്. മകനെപ്പോലെയും പേരക്കുട്ടിയേപ്പോലെയും സ്‌നേഹിച്ച് സ്വത്തും പണവും കൈക്കലാക്കി വൃത്തിയും വെടിപ്പുമില്ലാത്ത സ്ഥലത്താക്കുന്നു. നാട്ടുകാരോ അധികാരികളോ പ്രശ്‌നമാക്കിയാല്‍ ഇവരെ ഹോമിലെത്തിക്കും.

വിണ്ടുകീറിയ ഓര്‍മ്മകളുമായി ഗൗരി


സ്വര്‍ണ്ണഫ്രേമുളള കണ്ണട, പുളളികളുളള മാക്‌സി, കഴുത്തില്‍ ഓറഞ്ചു മുത്തു മാല... പണ്ടു പട്ടുസാരിക്കും പ്രതാപത്തിനും നടുവില്‍ കഴിഞ്ഞ ഗൗരിയുടെ അവസ്ഥ ഇപ്പോള്‍ ഇതാണ്. മറവിക്കും ഓര്‍മ്മയ്ക്കുമിടയില്‍ തപ്പിതടയുമ്പോഴും അവര്‍ക്കു പറയാനുളളത് മുന്‍പ് പഠിപ്പിച്ച സ്‌കൂളിലെ പ്രതാപകാലത്തെക്കുറിച്ചു മാത്രം.

തന്നെ ചതിച്ചവരുടെ കഥ മറന്നതോ മന:പൂര്‍വം വിട്ടുകളഞ്ഞതോ ആകാം. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും പറയുന്നു. ഒരിക്കല്‍ ചോദിച്ചതു പിന്നീടു മറന്നു പോകുന്നു. അല്‍ഷൈമേഴ്‌സിന്റെ ഭീകരതയോ മൂന്നു മാസം മുന്‍പു വരെ അനുഭവിച്ച കൊടും യാതനകളുടെ ഫലമോ ആകാം ഈ മറവിയും. പുതിയപാലം ഈശ്വരമംഗലം റോഡിലെ രശ്മി എന്ന വീട്ടിലായിരുന്നു താമസം. മക്കളില്ലാത്ത ഇവര്‍ ഭര്‍ത്താവു മരിച്ചതിനു ശേഷം തീര്‍ത്തും ഒറ്റപ്പെട്ടു. ഭക്ഷണത്തിനായി പരിചയമുളള ഓട്ടോക്കാരെ വിളിച്ചു വാങ്ങാന്‍ പറയും. അങ്ങനെ മൊബൈലില്‍ വിളിച്ചു പരിചയപ്പെട്ട ഒരു ഡ്രൈവര്‍ രക്ഷകന്റെ റോളിലെത്തി വീട്ടില്‍ സ്ഥിരതാമസമാക്കി.

വയോധികയെ സഹായിക്കാനെന്ന പേരില്‍ ഒരു സ്ത്രീയും കുട്ടിയേയും വീട്ടില്‍ താമസിപ്പിച്ചു. ഓര്‍മ്മ നശിച്ചു തുടങ്ങിയ ഗൗരിയില്‍ നിന്ന് പല രേഖകളും ഒപ്പിട്ടു വാങ്ങി. അയല്‍വാസികളായ സ്ത്രീകള്‍ ഇവരെ ശുശ്രൂഷിക്കാന്‍ വരാറുണ്ട്. ഡയപ്പര്‍ മാത്രം കെട്ടി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അധ്യാപിക കിടന്നിരുന്നത്. കൂടാതെ എഴുന്നേറ്റിരിക്കാന്‍ ജനലിലേക്ക് ഒരു കയര്‍ കെട്ടി. മുറി മുഴുവന്‍ മലമൂത്രവിസര്‍ജനത്തിന്റെ ദുര്‍ഗന്ധം. ഇതൊക്കെ ചോദ്യം ചെയ്തതോടെ സംരക്ഷകന്‍ അയല്‍വാസികളേയും അടുപ്പിക്കാതായി.

തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ എന്‍.സി.മോയിന്‍കുട്ടി വീടു സന്ദര്‍ശിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസെത്തിയാണ് ഗൗരിയെ മോചിപ്പിച്ച് ഹോം ഓഫ് ലൗവില്‍ എത്തിച്ചത്.

ജൂണ്‍ മാസം അവസാനത്തോടെ എത്തിയ ഗൗരിയുടെ രൂപം ഇപ്പോഴും അവിടുത്തെ സിസ്റ്റര്‍മാരുടെ മനസ്സിലുണ്ട്. പട്ടുസാരി മാത്രം ഉടുത്തു നടന്നിരുന്ന അധ്യാപിക മാസങ്ങള്‍ പഴക്കമുളള ഒരു ഉടുപ്പും കര്‍ട്ടണ്‍ തുണിയും ചുറ്റിയാണ് എത്തിച്ചത്. നിശ്ശബ്ദയായിരുന്ന ഇവര്‍ ക്രമേണ അന്തേവാസികളോടും വിരുന്നുകാരോടും സിസ്റ്റര്‍മാരോടും സംസാരിക്കാന്‍ തുടങ്ങി.

ടീച്ചറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മൂന്നര ലക്ഷം രൂപയും ഡ്രൈവര്‍ പിന്‍വലിച്ചിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ മാന്യമായി സംരക്ഷിക്കുന്നതിനുളള ചെലവായാണ് പണമെടുത്തതെന്നു മറുപടി. ഗൗരിയുടെയും ഭര്‍ത്താവിന്റെയും പെന്‍ഷനും ഒപ്പിട്ടു വാങ്ങുന്നത് ഇയാള്‍ തന്നെ.

വിങ്ങലായ് ഒരു മരണം

ഒരു സുപ്രഭാതത്തില്‍ ഒരാള്‍ ഹോമിലേക്കു കയറി വന്നു. അയാളുടെ ഇളയച്ഛന്റെ ഭാര്യ തീരെ അവശയായി കിടപ്പാണെന്നും നോക്കാന്‍ ആരുമില്ലെന്നും പറഞ്ഞ് സഹായത്തിനായി അപേക്ഷിച്ചു. അലിവു തോന്നിയ സിസ്റ്റര്‍മാര്‍ വീടു സന്ദര്‍ശിക്കാമെന്നേറ്റു. മെഡിക്കല്‍ കോളേജ് ഹൗസിങ് കോളനിയിലാണ് ബീന മോനോന്‍ (സാങ്കല്‍പിക പേര്) താമസിച്ചത്.

ഇത്രയും മലിനമായി ഒരു രോഗിയെ കിടത്താന്‍ ആരും മനസ്സു വരില്ലെന്നു അവര്‍ക്കു തോന്നി. ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കിയത്. ജനല്‍പാളിയിലൂടെ വരുന്ന വെളിച്ചം കാണുമ്പോള്‍ ബീന ഏന്തി വലിഞ്ഞു നോക്കാന്‍ ശ്രമിക്കുന്നുണ്ട്. അനങ്ങാന്‍ വയ്യാതെ കിടക്കുന്ന വലിയ ശരീരമുളള വയോധികയെ അവിടെ ഉപേക്ഷിച്ചു പോകാന്‍ ഹോം ഓഫ് ലൗവിലെ അധികാരികള്‍ക്കു മനസ്സു വന്നില്ല. ഇളയച്ഛന്റെതു പ്രണയവിവാഹമായിരുന്നെന്നും അതിനാല്‍ ഇളയമ്മയുടെ വീട്ടുകാര്‍ തിരിഞ്ഞു നോക്കാറില്ലെന്നും മുരളീധരന്‍ (സാങ്കല്‍പിക പേര്) പറഞ്ഞു.

ശബ്ദിക്കാനോ അനങ്ങാനോ കഴിയാത്ത ബീനയെ അവര്‍ ഹോമിലേക്കു കൂട്ടി. വൃത്തിയാക്കാനായി ബീനയെ തൊട്ട സിസ്റ്റര്‍ ഞെട്ടിപ്പോയി. തൊലി മുഴുവന്‍ വെളളം പൊടിയുന്നു. കൂടാതെ അസഹ്യമായ മണവും. ഒരു വിധം കുളിപ്പിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഹോമിലെ സന്ദര്‍ശകന്‍ സ്ഥാപനം നടന്നു കാണുന്നതിനിടയില്‍ ബീനാ മേനോനെ കണ്ടു. ഉടന്‍ തന്നെ ആര്‍ക്കോ ഫോണ്‍ ചെയ്ത്, 'ആളെ കണ്ടെത്തി' എന്നു പറഞ്ഞു. സന്ദര്‍ശകനായി ഹോമിലെത്തിയ ആള്‍ ബീനയുടെ സഹപാഠിയായിരുന്നു.

അദ്ദേഹം സംസാരിച്ചത് ഈ വയോധികയുടെ സഹോദരിമാരോടാണ്. അവരും ബീന എവിടെയെന്നു പരിഭ്രമിച്ചിരിക്കുകയായിരുന്നു. വീട്ടുകാര്‍ അടുത്ത ദിവസം തന്നെ കൂട്ടികൊണ്ടു പോകാന്‍ വരുമെന്നു അദ്ദേഹം ബീനയോടു പറഞ്ഞു. ആ കണ്ണുകള്‍ നനഞ്ഞു. ഒരു മണിക്കൂറിനകം ബീന മരിച്ചു.

ഹോം അധികൃതര്‍ വീട്ടുകാരെയും മുരളീധരനെയും വിളിപ്പിച്ചു. സഹോദരിമാര്‍ക്കു മൃതദേഹം വിട്ടു നല്‍കി. വാടകവീട് ഒഴിഞ്ഞ വകയില്‍ ഡെപ്പോസിറ്റായി നല്‍കിയ 19,000 രൂപയുടെ ചെക്ക് കിട്ടിയത് മുരളീധരന്‍ ഹോം അധികൃതരെ ഏല്‍പ്പിച്ചു. പക്ഷെ അതു വണ്ടിച്ചെക്കാണെന്നും തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും പിന്നീടാണ് അറിഞ്ഞത്.

വീട്ടുകാരുടെ അന്വേഷണത്തില്‍ മുരളീധരന്‍ മരുന്നുകള്‍ കുത്തിവെച്ച് ബീനയെ മരണത്തിലേക്കു പതിയെ നയിക്കുകയായിരുന്നെന്നു കണ്ടെത്തി. കോഴിക്കോട്ടെ പ്രമുഖ അസ്പത്രിയില്‍ നഴ്‌സായി ജോലിയെടുക്കുന്ന ബീനയെ സംരക്ഷിക്കാമെന്നു വിശ്വസിപ്പിച്ച് അവരുടെ ഡ്രൈവറായ മുരളീധരന്‍ ചതിച്ചു. ബീനയുടെ ഫ്ലൂറ്റും കാറും വിറ്റു. വൃത്തിയില്ലാത്ത ഒരു വാടകവീട്ടില്‍ താമസിപ്പിച്ചു.

ഇങ്ങനെ നിരവധി പേര്‍ ചതിക്കുഴിയില്‍പ്പെട്ട് അവസാനം ഒന്നുമില്ലാതെ ഹോം ഓഫ് ലൗവില്‍ എത്തിയിട്ടുണ്ട്. അന്യര്‍ക്കു പുറമേ ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മറ്റു വിവാഹത്തിലുളള മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവരെല്ലാം പറ്റിച്ച വയോജനങ്ങള്‍ ഒടുവില്‍ ഇവിടെയെത്തും. ആരെ വിശ്വസിക്കണമെന്നു അറിയാതെ കൈത്താങ്ങായി വരുന്നവരെ അന്ധമായി സ്‌നേഹിച്ച് എല്ലാം നഷ്ടപ്പെടുമ്പോള്‍ സ്‌നേഹവീട് അഭയമാകുന്നു.


 

 




MathrubhumiMatrimonial