
വൈന്‍, പേപ്പര്‍ ആഭരണം... പുതിയ തൊഴില്‍വഴികള്‍ തുറന്ന് പരിശീലനകേന്ദ്രം
Posted on: 27 Sep 2014

പത്തനംതിട്ട: വൈന്‍ നിര്‍മാണം, ചണംകൊണ്ടുള്ള ആഭരണങ്ങള്‍, പേപ്പര്‍ ആഭരണങ്ങള്‍... വ്യത്യസ്തതയുള്ള പരിശീലനങ്ങളാണ് പത്തനംതിട്ടയിലെ എസ്.ബി.ടി. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ നിന്ന് കിട്ടുന്നത്. മദ്യനിരോധനം മുന്നില്‍കണ്ടുകൊണ്ട് തുടങ്ങിയ വൈന്‍ നിര്‍മാണ പരിശീലനം നേടിയ സ്ത്രീകളെല്ലാം വൈന്‍ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. മാറുന്ന കാലത്തിന്റെ ആവശ്യത്തിനനുസരിച്ചുള്ള ഉല്പന്നനിര്‍മാണമാണ് എസ്.ബി.ടി.യുടെ ജില്ലാ സ്റ്റേഡിയത്തിനു സമീപമുള്ള ഈ ഗ്രാമീണ പരിശീലനകേന്ദ്രത്തെ ശ്രദ്ധേയമാക്കുന്നത്.
വൈന്‍ നിര്‍മാണം പരിശീലിപ്പിച്ച് അയച്ച സ്ത്രീകള്‍ സ്വന്തമായി വൈന്‍ നിര്‍മാണം തുടങ്ങിയതായി അറിയിപ്പ് കിട്ടിയതോടെ അടുത്ത സംഘത്തെ പരിശീലിപ്പിക്കാന്‍ തയ്യാറെടുപ്പ് തുടങ്ങി. ചണംകൊണ്ടുള്ള ആഭരണ നിര്‍മാണത്തിന്റെ മാര്‍ക്കറ്റ് കണ്ടറിഞ്ഞാണ് ഇപ്പോള്‍ അതിനു പരിശീലനം നല്‍കുന്നത്. പേപ്പര്‍ ജുവലറിയാണ് മറ്റൊന്ന്. ആഭരണങ്ങള്‍ പേപ്പറിലുണ്ടാക്കി വില്പനയ്ക്ക് തയ്യാറാക്കി പരിശീലനം നേടിയ കുമ്പഴ സ്വദേശി ദിവസം രണ്ടായിരം രൂപ നേടുന്നതായി എസ്.ബി.ടി. ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം ഡയറക്ടര്‍ വിശ്വനാഥന്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വായ്പയും ലഭ്യമാക്കി കൊടുക്കും.
ഔഷധസസ്യങ്ങള്‍, പഴം, പച്ചക്കറികള്‍, കൂണ്‍കൃഷി, കാലി, കോഴി, തേനീച്ചവളര്‍ത്തല്‍ എന്നീ കാര്‍ഷികബന്ധിത പരിപാടികള്‍ക്കും ഇവിടെ പരിശീലനം നല്‍കും. നാല്‍പത് ദിവസംവരെ നീണ്ടുനില്‍ക്കുന്ന പരിശീലനങ്ങള്‍ ഇവിടെയുണ്ട്. പരിശീലനവും ഭക്ഷണവും ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കുന്നു. 2009 ഡിസംബറിലാണ് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം എസ്.ബി.ടി. പത്തനംതിട്ടയില്‍ തുടങ്ങുന്നത്. കേന്ദ്ര പദ്ധതിയായ ഇത്, അതതു ജില്ലയിലെ ലീഡ് ബാങ്കാണ് നടത്തുന്നത്. പത്തനംതിട്ട ജില്ലയിലെ ലീഡ് ബാങ്ക് എസ്.ബി.ടി.യായതിനാലാണ് നടത്തിപ്പ് ചുമതല എസ്.ബി.ടി.ക്ക് വന്നത്. കേന്ദ്രസര്‍ക്കാര്‍, നബാര്‍ഡ് എന്നിവയുടെ സാമ്പത്തിക സഹായത്തിലും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തിലുമാണ് ഈ പരിശീലനകേന്ദ്രം. ഇതിനോടകം 3657 പേര്‍ പരിശീലകരായി. ഇതില്‍ 2445പേര്‍ സ്വയംതൊഴില്‍ ചെയ്യുന്നു. പരിശീലനം നേടിയവരില്‍ 136 പേര്‍ക്ക് വേറെ ജോലി കിട്ടി.
