goodnews head

ഉമ്മന്നൂരിനെ കീര്‍ത്തികേള്‍പ്പിക്കാന്‍ കുടുംബശ്രീയുടെ മുന്‍മുനിയൂര്‍ കുടകള്‍

Posted on: 24 Sep 2014


കൊട്ടാരക്കര: ഉമ്മന്നൂരിലെ കുടുംബശ്രീ കൂട്ടായ്മയില്‍ പിറന്ന മുന്‍മുനിയൂര്‍ കൂട നാട്ടിലാകെ തരംഗമാകുന്നു. വിലയന്തൂരിലെ ശിവ ആക്ടിവിറ്റി ഗ്രൂപ്പാണ് നാടുമറന്ന ദേശനാമം കുടയ്‌ക്കേകി നാട്ടിലാകെ തണലാകുന്നത്. മുന്‍മുനിയൂര്‍ എന്ന പേര് ബ്രാന്‍ഡ് ചെയ്യുകയും ചെയ്തു.

ഉമ്മന്നൂരിന്റെ പൂര്‍വ്വനാമമാണ് മുന്‍മുനിയൂര്‍. മൂന്ന് മുനിമാര്‍ തപംചെയ്ത സ്ഥലം എന്ന അര്‍ഥത്തിലാണ് മുന്‍മുനിയൂര്‍ ദേശനാമമായത്. കാലക്രമത്തില്‍ മുന്‍മുനിയൂര്‍ മുനിയൂരും മുനിയൂര്‍ ഉമ്മന്നൂരുമായെന്ന് ചരിത്രം. മുന്‍മുനിയൂര്‍ കുടകള്‍ ഇതിനകം പേരെടുത്തുകഴിഞ്ഞു.

ഡല്‍ഹിയില്‍ നടന്ന ഇന്ത്യ ഇന്‍റര്‍നാഷണല്‍ ഫെസ്റ്റില്‍ ഉമ്മന്നൂരിലെ നന്മ ഹണിക്കൊപ്പം മുന്‍മുനിയൂര്‍ കുടകളും ഹിറ്റായിരുന്നു. അടുത്തിടെ കേരളത്തിലെത്തിയ സോണിയാഗാന്ധിക്ക് സമ്മാനമായി നല്‍കാന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ കൈയില്‍ കരുതിയിരുന്നതും മുന്‍മുനിയൂര്‍ കുട ആയിരുന്നു. ജില്ലയിലും പുറത്തുമുള്ള കുടുംബശ്രീമേളകളിലും മുന്‍മുനിയൂര്‍ താരമായിത്തുടങ്ങി.

സത്യഭാമ പ്രസിഡന്റും സവിത, സ്മിത, ഭാഗീരഥി, കല എന്നിവര്‍ അംഗങ്ങളുമായുള്ള ശിവ ആക്ടിവിറ്റിഗ്രൂപ്പ് കുട നിര്‍മാണം തുടങ്ങിയിട്ട് ഒരുവര്‍ഷം പിന്നിടുന്നതേയുള്ളൂ. എറണാകുളത്തുനിന്നാണ് നിര്‍മാണസാമഗ്രികള്‍ എത്തിക്കുന്നത്. ഗുണനിലവാരത്തില്‍ മുന്നില്‍നില്‍ക്കുന്ന മുന്‍മുനിയൂര്‍ കുടകള്‍ ന്യായവിലയിലാണ് വില്‍ക്കുന്നതും. വിപണിയിലുള്ള ഏത് കുടയോടും കിടപിടിക്കുന്ന തരത്തില്‍ ഉറപ്പും വിവിധ വര്‍ണങ്ങളിലുമുള്ള മുന്‍മുനിയൂര്‍ കുടകള്‍ക്ക് ആവശ്യക്കാരേറുകയാണെന്ന് അംഗങ്ങള്‍ പറയുന്നു. വേണ്ടപ്പെട്ടവര്‍ക്ക് സമ്മാനമായി നല്‍കാനും വിദ്യാര്‍ഥികള്‍ക്ക് നല്‍കാനും എല്ലാം മുന്‍മുനിയൂര്‍ കുടകള്‍ തേടി എത്തുന്നവരുടെ എണ്ണം കൂടുന്നു.

 

 




MathrubhumiMatrimonial