goodnews head

മനസ്സില്‍ തെളിഞ്ഞു; സ്‌നേഹത്തിന്‍ ഓണനിലാവ്‌

Posted on: 31 Aug 2014




അരീക്കോട്:
അകക്കണ്ണിന്‍ കാഴ്ചയില്‍ അവര്‍ ആഘോഷിച്ചു...മനക്കണ്ണില്‍ ചിത്രംവരച്ചു...ഇരുളടഞ്ഞ ജീവിതത്തില്‍ അല്പനേരത്തേക്കെങ്കിലും ഓണനിലാവിന്റെ വെളിച്ചം പരത്താനെത്തിയ അധ്യാപകരെ സ്‌നേഹംനല്‍കി സ്വീകരിച്ചു. അരീക്കോട് കീഴുപറമ്പിലെ ബ്ലൈന്‍ഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ 16 അധ്യാപകരും കണ്ണുമൂടിക്കെട്ടി അന്തേവാസികളാകുകയായിരുന്നു. അപരിചിതത്വത്തിന്റെ തട്ടിമുട്ടലുകളിലും ചെറിയ വീഴ്ചകളിലും അധ്യാപകര്‍ക്ക് താങ്ങായി അന്ധര്‍തന്നെ എത്തിയതോടെ എല്ലാവരും ഒന്നായി.

അന്തേവാസികളെയും വീടിനെയും നോക്കിക്കണ്ടതിന് ശേഷമാണ് അധ്യാപകര്‍ കണ്ണുകള്‍ മൂടിക്കെട്ടിയത്. ആദ്യം അന്തേവാസികള്‍ക്കൊപ്പം ചേര്‍ന്ന് വീട് വൃത്തിയാക്കിയതിനുശേഷം പൂക്കളമിട്ടു. ഭാഗികമായി കാഴ്ചയുള്ള ഒരു അന്തേവാസിയും നാല് അധ്യാപകരുമാണ് വഴികാട്ടിയത്. അധ്യാപകര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് ശൗചാലയവും അടുക്കളയും വൃത്തിയാക്കി. തുടര്‍ന്ന് ശര്‍ക്കര ഉരുക്കി അവിലും നാളികേരവും ചേര്‍ത്ത് തയ്യാറാക്കി കാപ്പിയുണ്ടാക്കി കഴിച്ചു. തുടര്‍ന്ന് ഓണപ്പാട്ടിന്റെയും നാടന്‍പാട്ടിന്റെയും മാധുര്യം വീട്ടിലുയര്‍ന്നു. കണ്ണ് മൂടിക്കെട്ടി പക്കമേളക്കാരും ചേര്‍ന്നു. അന്തേവാസികള്‍ വരച്ച ചിത്രങ്ങളും എഴുത്തും അധ്യാപകരുടെ രചനകളും ഉള്‍പ്പെടുത്തി മാഗസിനും തയ്യാറാക്കി.

ഒന്നരമണിക്കൂറിലേറെ നീണ്ട കലാപരിപാടികള്‍ക്കുശേഷം രാത്രിഭക്ഷണത്തിനുള്ള സാമ്പാറിന് പച്ചക്കറി നുറുക്കല്‍ തുടങ്ങി. ഭാഗികമായി കാഴ്ചയുള്ള സ്ത്രീ പച്ചക്കറി പരിശോധിച്ച് കേടുള്ളവ ഒഴിവാക്കി. തുടര്‍ന്ന് അധ്യാപകര്‍ മേശയ്ക്കുചുറ്റുംനിന്ന് പച്ചക്കറി നുറുക്കല്‍ തുടങ്ങി. പരസ്പരം വിശദമായ പരിചയപ്പെടലിന്റെയും അനുഭവകഥകളുടെയും വേദി അവിടെ ഉണര്‍ന്നു. അന്തേവാസികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. പച്ചക്കറി നുറുക്കിക്കഴിഞ്ഞതോടെ എല്ലാവരുംചേര്‍ന്ന് മുറ്റത്തേക്കിറങ്ങി. പൂന്തോട്ടത്തില്‍ കുഴിയെടുത്ത് തേന്മാവിന്‍തൈ നട്ടു. അന്തേവാസികള്‍ക്കായി കൊണ്ടുവന്ന ഓണക്കോടികളും ഉത്രാടം, തിരുവോണം സദ്യയ്ക്കുള്ള സാധനങ്ങളും കൈമാറിയതിന് ശേഷമാണ് അധ്യാപകര്‍ കണ്ണിലെ കെട്ടഴിച്ചത്.

ജി.എസ്.ടി.യു.വിന്റെ കള്‍ച്ചറല്‍ ഫോറമാണ് വേറിട്ടൊരു ഓണാഘോഷം സംഘടിപ്പിച്ചത്. ഭാരവാഹികളായ പി. സുരേന്ദ്രന്‍, കെ.എല്‍. ഷാജു, ടി.ടി. റോയ് തോമസ്, ഷൈന്‍, വിനോദ്കുമാര്‍, ചോയിക്കുട്ടി, എ. വിജയകുമാരി, ഷൈജ, രാജനന്ദിനി തുടങ്ങിയവരാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. റിഹാബിലിറ്റേഷന്‍ സെന്റര്‍ കണ്‍വീനര്‍ ഹമീദ് കുനിയില്‍, വില്‍സണ്‍ കീഴുപറമ്പ് എന്നിവര്‍ അധ്യാപകര്‍ക്കുവേണ്ട സഹായങ്ങള്‍ ഒരുക്കി. ശനിയാഴ്ച വൈകീട്ട് മൂന്നോടെ തുടങ്ങിയ പരിപാടി ആറുമണിയോടെയാണ് സമാപിച്ചത്.

വൈകല്യത്താല്‍ ആഘോഷവേളകള്‍ മനക്കണ്ണില്‍ കാണേണ്ടിവരുന്നവര്‍ക്ക് അതേ വൈകല്യം അനുഭവിച്ച് അവരോടൊപ്പം ചേരുകയായിരുന്നു അധ്യാപകര്‍. അന്ധരെ സഹായിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുന്ന അധ്യാപകസംഘത്തിന്റെ സമര്‍പ്പണത്തെ അന്തേവാസികളും അഭിനന്ദിച്ചു. മൂന്ന് മണിക്കൂറിലെ ഒത്തുചേരല്‍ വേര്‍പിരിയുമ്പോള്‍ അന്തേവാസികളുടെയും അധ്യാപകരുടെയും മിഴികള്‍ ഈറനണിഞ്ഞു. സന്തോഷത്തിന്റെയും വേര്‍പിരിയലിന്റെയും അവസ്ഥയ്‌ക്കൊപ്പം സമൃദ്ധിയുടെ ഓണനാളിന്‍ പ്രതീക്ഷയുമായി.

 

 




MathrubhumiMatrimonial