
ഹൈറേഞ്ചിന് രുചിക്കൂട്ടേകി അടിമാലിയിലെ 'കാക്കി' കൂട്ടായ്മ
Posted on: 27 Aug 2014

അടിമാലി: ഹൈറേഞ്ചിന് പുതിയ രുചിക്കൂട്ടുകളൊരുക്കി അടിമാലി ജനമൈത്രി പോലീസിന്റെ ന്യായവില ഹോട്ടല്‍ ബുധനാഴ്ച തുടങ്ങും. ടൂറിസത്തിന്റെ പേരില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അന്യായമായി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിമാലിയിലെ ഒരു കൂട്ടം പോലീസുകാരുടെ മനസ്സില്‍ ഉദിച്ച ആശയമാണ് ഈ ന്യായവില കാന്റീന്‍. ജില്ലയില്‍ പോലീസിന്റെ നിയന്ത്രണത്തില്‍ നാലുകേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ കാന്റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇത്രയും വിപുലമായ സൗകര്യം അടിമാലിയില്‍ മാത്രമാണ്.
55 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന സൗകര്യം ഇവിടെയുണ്ട്. മൂന്നാര്‍ പോലീസ് ഡിവിഷന് കീഴിലെ 100 പോലീസുകാര്‍ 12,000 രൂപവീതം കണ്ടെത്തിയതാണ് ഇതിന്റെ മൂലധനം. കൂടാതെ സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് സാമ്പത്തിക സഹായവും ഇതിന്റെ പ്രവര്‍ത്തനത്തിന് സഹായകമായി. ഊണിന് 35 രൂപയും ചായയ്ക്കും മറ്റ് ഭക്ഷണസാധനങ്ങള്‍ക്കും ആറു രൂപയുമാണ് വില. പൊതുജനങ്ങള്‍ക്കും ഇവിടെനിന്ന് ഭക്ഷണം കഴിക്കാവുന്നതാണ്. ഇതില്‍നിന്നു ലഭിക്കുന്ന ലാഭത്തിന്റെ 51 ശതമാനം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. പോലീസ് സ്റ്റേഷന് സമീപത്തെ കിണറിലെ വെള്ളമാണ് ഇവിടത്തെ പാചകത്തിന് ഉപയോഗിക്കുന്നത്. ഈ വെള്ളം ലാബ് പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുണ്ട്.
ഹോട്ടലില്‍നിന്നു തള്ളുന്ന മാലിന്യംകൊണ്ട് പ്രവര്‍ത്തിക്കുന്ന ബയോഗ്യാസ് പ്ലാന്റും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇടുക്കി എസ്.പി. അലക്‌സ് എം. വര്‍ക്കി, മൂന്നാര്‍ ഡിവൈ.എസ്.പി. വി.എന്‍. സജി എന്നിവരുടെ മേല്‍നോട്ടത്തിലാണ് കാന്റീനിന്റെ പ്രവര്‍ത്തനം. അടിമാലി സി.ഐ. കെ. ജിനദേവന്‍, (ചെയ.), എസ്.ഐ. റെജി ബെന്‍ (വൈസ് ചെയ), എസ്.ഐ. ഒ.ടി. രാജേന്ദ്രന്‍ (ജനറല്‍ കണ്‍), സി.ആര്‍ സന്തോഷ്, കെ.ഡി മണിയന്‍ എന്നിവരാണ് ഭാരവാഹികള്‍. കാന്റീനിന്റെ ഔദ്യോഗിക ഉദ്ഘാടനം എസ്. രാജേന്ദ്രന്‍എം.എല്‍.എ. നിര്‍വഹിക്കും. ചടങ്ങില്‍ ഇടുക്കി ജില്ലാ പോലീസ് ചീഫ് അലക്‌സ് എം.വര്‍ക്കി അധ്യക്ഷനായിരിക്കും.
