goodnews head

ആദ്യാക്ഷരം പകര്‍ന്ന വിദ്യാലയത്തിന് സ്വത്ത് പകുത്ത് നല്‍കി സഹോദരങ്ങള്‍ മാതൃകയായി

Posted on: 24 Aug 2014




പറവൂര്‍:
അക്ഷരം പഠിച്ച മാതൃ വിദ്യാലയത്തിന് സമ്പാദ്യത്തില്‍ വലിയൊരു പങ്ക് നല്‍കി മാധവന്‍നായരും, സഹോദരി രാധ(82) യും മാതൃകയായി. ഏഴ് പതിറ്റാണ്ടുമുമ്പ് പഠിച്ചിറങ്ങിയ സര്‍ക്കാര്‍ സ്‌കൂളിന്റെ പടി കടന്നെത്തിയ സഹോദരങ്ങളുടെ ഗുരുത്വത്തിന്റെ ഈ നന്മ 142 വര്‍ഷത്തെ ചരിത്രമുറങ്ങുന്ന പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഭിമാനത്തിന്റെ എക്കാലത്തേയും വലിയ ഏടായി മാറി.
പറവൂര്‍ ഫോര്‍ട്ട് റോഡ് കണ്ണന്തോടത്ത് മാധവന്‍ നായരും (90) സഹോദരി 'ദീപ്തി'യില്‍ രാധാശേഖരനുമാണ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിക്കായി തങ്ങളുടെ സമ്പാദ്യത്തിലെ നല്ലൊരു പങ്ക് നല്‍കിയത്.

മാധവന്‍ നായര്‍, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിക്കായി 10 ലക്ഷം രൂപയും രാധാശേഖരന്‍ മരിച്ചു പോയ മകള്‍ ഗീതയുടെ സ്മരണയ്ക്കായി ഒരുലക്ഷം രൂപയും പറവൂര്‍ താലൂക്ക് സഹകരണ ബാങ്കില്‍ എന്‍ഡോവ്‌മെന്റ് നിക്ഷേപമായിട്ട് സ്‌കൂളിന് നല്‍കി. ഇതിന്റെ രേഖകള്‍ ഇരുവരും സ്‌കൂളിലെത്തി പ്രാധാനാധ്യാപിക പി.വിജയലക്ഷ്മിക്ക് കൈമാറി. കുട്ടികളുടെ പഠന പുരോഗതിക്കും പാവപ്പെട്ട വിദ്യാര്‍ത്ഥികളില്‍ മിടുക്കു കാട്ടുന്നവര്‍ക്ക് കാഷ് അവാര്‍ഡുകള്‍ നല്‍കാനും തുകയുടെ പലിശ വിനിയോഗിക്കാം.
പറവൂര്‍ ഗവ. സ്‌കൂള്‍ 1872 ല്‍ സ്ഥാപിതമായതാണ്. സ്‌കൂളിന്റെ പ്രധാന കെട്ടിടം തന്നെ 109 കൊല്ലം മുമ്പ് പണിതതാണ്. 1942 ലാണ് മാധവന്‍ നായര്‍ 10-ാം ക്ലാസ് പാസായത്. ഇവിടെ നിന്നും 10 പാസ്സായി. മാഹാത്മാഗാന്ധി വെടിയേറ്റു മരിച്ചതിനു പിറ്റേന്ന് കുട്ടികളെല്ലാം കറുത്ത ബാഡ്ജ് ധരിച്ച് എത്തിയതായി അവരിന്നും ഓടുന്നു.

മാധവന്‍ നായര്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ് യു.സി. കോളേജില്‍ നിന്നും ഡിഗ്രിയെടുത്ത് മദ്രാസില്‍ ഫൈനാര്‍ട്‌സ് പാസ്സായി.
അമേരിക്കയിലെ വിസ്‌കോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദാനന്തരബിരുദം നേടി. അവിടെ ഒരു പ്രസിദ്ധീകരണത്തില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. 'എന്‍ഷ്യന്റ് ഇന്ത്യ' എന്നപേരില്‍ ഒരു ചരിത്രസാംസ്‌കാരിക പുസ്തകവും രചിച്ചിട്ടുണ്ട്.
ചിത്രകലയിലും പ്രാവീണ്യം നേടി. എം.വി.ദേവനും കെ.സി.എസ്. പണിക്കരുമായുമൊക്കെ സൗഹൃദമുണ്ടായിരുന്നു. ഭാര്യ ഡോ. രാധാനായര്‍ മനഃശാസ്ത്രജ്ഞനാണ്. മകന്‍ ഡോ. ഹരിനായരും ഭാര്യയും അമേരിക്കയിലാണ്. ലോകത്തെ കാഴ്ചകളും അനുഭവങ്ങളും ഏറെ കണ്ടെങ്കിലും ആദ്യം പഠിച്ച സ്‌കൂള്‍ എന്നും മനസ്സിലെ വലിയൊരു 'പാഠശാല' തന്നെ - മാധവന്‍ നായര്‍ പറഞ്ഞു.

 

 




MathrubhumiMatrimonial