goodnews head

സൗമനസ്യം താലി ചാര്‍ത്തി; ധനലക്ഷ്മി സുമംഗലിയായി...

Posted on: 21 Aug 2014




കുറ്റിപ്പുറം:
അനാഥത്വത്തിന്റെ തിരുമുറ്റത്തൊരുങ്ങിയ സൗമനസ്യത്തിന്റെ പന്തലില്‍ ധനലക്ഷ്മിയ്ക്ക് മനംപോലെ മംഗല്യം. ആനക്കര കുമ്പിടി മനയ്ക്കല്‍ വളപ്പില്‍ ഗംഗാധരന്റെ മകന്‍ ഗോപാലകൃഷ്ണനാണ് ധനലക്ഷ്മിയെ ജീവിതസഖിയാക്കിയത്. സാമൂഹികനീതി വകുപ്പിന് കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസിയാണ് ധനലക്ഷ്മി.

വ്യാഴാഴ്ച രാവിലെ നടന്ന വിവാഹച്ചടങ്ങിന് വൃദ്ധമന്ദിരമാണ് വേദിയായത്. വീട്ടുകാരോടും ബന്ധുക്കേളാടും സുഹൃത്തുക്കളോടും ഒപ്പം വരനെത്തിയപ്പോള്‍ സാമൂഹികനീതി വകുപ്പ് അധികൃതരും ജനപ്രതിനിധികളും നാട്ടുകാരും വധുവിന്റെ 'ബന്ധു'ക്കളായി കൂടെനിന്നു. എം.എല്‍.എ. കെ.ടി. ജലീലും മറ്റും മുന്‍കയ്യെടുത്ത്, വധുവിന് അണിയാനുള്ള ആറ് പവന്‍ ആഭരണങ്ങളും വസ്ത്രങ്ങളും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുകയായിരുന്നു.

വിവാഹ ധനസഹായമായി 50,000 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അതൊന്നും ചെലവഴിക്കാതെയാണ് അധികൃതര്‍ വിവാഹം നടത്തിയത്. 700ഓളം പേര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും നല്‍കി. സര്‍ക്കാര്‍ നല്‍കിയ ധനസഹായതുക ധനലക്ഷ്മിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടിലിട്ടിരിക്കുകയാണ്. മൂന്ന് വര്‍ഷത്തോളം റസ്‌ക്യുഹോമില്‍ കഴിഞ്ഞിരുന്ന ധനലക്ഷ്മി ആറുമാസം മുമ്പാണ് മഹിളാമന്ദിരത്തിലെത്തിയത്.
കെ.ടി. ജലീല്‍ എം.എല്‍.എ, കളക്ടര്‍ കെ. ബിജു, മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. ബാലകൃഷ്ണന്‍, തവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ടി. സജിത, ജില്ലാ പഞ്ചായത്തംഗം സുരേഷ് പൊല്‍പ്പാക്കര, മുന്‍ എം.പി. സി. ഹരിദാസ്, ജില്ലാ സാമൂഹികനീതി ഓഫീസര്‍ വേണുഗോപാല്‍, മഹിളാമന്ദിരം സൂപ്രണ്ട് സതി, ആര്‍.ഡി.ഒ. കെ. ഗോപാലന്‍ തുടങ്ങിയവര്‍ വിവാഹച്ചടങ്ങുകളില്‍ പങ്കെടുത്തു.

 

 




MathrubhumiMatrimonial