NagaraPazhama

സര്‍. ടി. മാധവറാവുവിന്റെ ഓര്‍മകളുമായി ഹജൂര്‍കച്ചേരിയില്‍ ഒരു ചടങ്ങ്‌

Posted on: 19 Aug 2014


ചരിത്രം ഇവിടെ ആവര്‍ത്തിക്കുന്നോ? അങ്ങനെ പറയുന്നത് ശരിയല്ല. കാരണം ചരിത്രം ഒരിക്കലും ആവര്‍ത്തിക്കില്ല.
ഫ്രഞ്ച് വിപ്ലവവും അമേരിക്കന്‍ വിപ്ലവവും റഷ്യന്‍ വിപ്ലവവും ഒരിക്കലും വീണ്ടും അതുപോലെ ഉണ്ടാകില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിന് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോഴാണ് ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നുവെന്ന് സാധാരണ പറയാറുള്ളത്.
ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂടിയിണക്കുന്ന കണ്ണിയാണ് ചരിത്രം. അത്തരത്തില്‍ ഒരു മഹാസംഭവത്തിന് ജൂലായ് 30ന് കേരള ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് അഥവാ പഴയ ഹജൂര്‍കച്ചേരി (പുത്തന്‍കച്ചേരി) സാക്ഷിയായി.
പുത്തന്‍കച്ചേരി പണിയിപ്പിച്ചതും തീരുവിതാംകൂറിനെ ആധുനികതയിലേക്ക് ഉയര്‍ത്തിയതുമായ ദിവാന്‍ സര്‍. ടി. മാധവറാവു ഉപയോഗിച്ച ചരിത്രപ്രാധാന്യമുള്ള വസ്തുക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങി. സെക്രട്ടേറിയറ്റില്‍ ആദ്യം ആസ്ഥാനം ഉറപ്പിച്ച ദിവാനായിരുന്നു സര്‍. ടി. മാധവറാവു. അദ്ദേഹത്തിന്റെ ഓഫീസായിരുന്ന കെട്ടിടത്തിന്റെ അടുത്തുള്ളതും പിന്നീട് നിര്‍മിച്ചതുമായ മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ചടങ്ങുകള്‍ നടന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ചരിത്ര മ്യൂസിയത്തിലേക്കുവേണ്ടി മാധവറാവുവിന്റെ കൊച്ചുമകള്‍ ഊര്‍മിളലാല്‍ ആണ് ഇതെല്ലാം സര്‍ക്കാറിന് നല്‍കിയത്.
കോട്ടയ്ക്കകത്ത് ഉണ്ടായിരുന്ന ഹജൂര്‍കച്ചേരിയും മറ്റ് പ്രധാന സര്‍ക്കാര്‍ ഓഫീസുകളും ഒരേ കുടക്കീഴില്‍ വേണമെന്ന ആശയം സര്‍. ടി. മാധവറാവുവിന്റേതായിരുന്നു. അതിന് ആദ്യം അദ്ദേഹം പൊതുമരാമത്ത് വകുപ്പ് പുനസ്സംഘടിപ്പിച്ച് ബ്രിട്ടീഷ് എന്‍ജിനിയര്‍ ചീഫ് എന്‍ജിനിയറായി വില്യം ബാര്‍ട്ടനെ നിയമിച്ചു. അദ്ദേഹമാണ് സെക്രട്ടേറിയറ്റ് നിര്‍മാണത്തിന് നേതൃത്വം കൊടുത്തത്. അതിന് ചുടുകല്ല് ഉണ്ടാക്കാന്‍ മണ്ണ് എടുത്ത സ്ഥലമാണ് ചെങ്കല്‍ചൂള.
സെക്രട്ടേറിയറ്റ് നിര്‍മാണത്തില്‍ ഏറെ പഴികേട്ട ആളാണ് മാധവറാവു. പുത്തന്‍ചന്തയില്‍ മാധവറാവുവിന്റെ ബന്ധുക്കള്‍ക്ക് സ്ഥലം ഉണ്ടായിരുന്നു.

ഇതും പട്ടാള ബാരക്കുകളും എല്ലാം ഏറ്റെടുത്താണ് ഹജൂര്‍കച്ചേരി നിര്‍മിച്ചത്. സ്വന്തക്കാരുടെ ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാന്‍ വേണ്ടിയാണ് ഹജൂര്‍കച്ചേരി പണിയുന്നതെന്ന് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുനിന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ മാറ്റാന്‍ പാടില്ലെന്ന് വാദിച്ച യാഥാസ്ഥിതികരായിരുന്നു അവര്‍. മാത്രവുമല്ല ദിവാന്‍ എന്നനിലയില്‍ സര്‍. ടി. മാധവാറാവു താമസിച്ചിരുന്ന വടക്കേ കൊട്ടാരത്തിന് സമീപത്തുള്ള പദ്മവിലാസത്തോട് ചേര്‍ന്ന സ്ഥലം സെനാനമിഷന്‍ സ്‌കൂളിന് കൊടുത്തതിലും ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു.
കോട്ടയ്ക്കകത്തുനിന്നും നഗരം വികസിപ്പിക്കണമെങ്കില്‍ കാടുംമേടും കാട്ടുജീവികളുമായി കിടന്നിരുന്ന പ്രദേശങ്ങളിലെല്ലൊം ജനവാസം ഉണ്ടാകണമെന്ന് മാധവറാവു മനസ്സിലാക്കി. ഇതുകാരണം കുന്നുകളിലും മറ്റ് വിജനമായ സ്ഥലങ്ങളിലും സ്വന്തം മന്ദിരങ്ങള്‍ നിര്‍മിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍േദശം നല്‍കി. അതനുസരിച്ച് നഗരത്തിന്റെ പലഭാഗത്തും കെട്ടിടങ്ങള്‍ ഉയര്‍ന്നു. 'ബംഗ്ലാവ്', 'വ്യൂ' തുടങ്ങിയ പേരില്‍ ആണ് ഈ മന്ദിരങ്ങള്‍ അറിയപ്പെട്ടത്.
ചീഫ് എന്‍ജിനിയര്‍ വില്യം ബാര്‍ട്ടണ്‍തന്നെ കുന്നുകുഴിയിലെ ഒരു കുന്നാണ് തിരഞ്ഞെടുത്തത്. അത് ഇന്നും ബാര്‍ട്ടണ്‍ഹില്‍ എന്നറിയപ്പെടുന്നു. പുതിയ പുതിയ കെട്ടിടങ്ങളും റോഡുകളും എല്ലാം നഗരത്തിന്റെ മുഖഛായ മാറ്റി. മാധവറാവുവിന്റെ ഇന്നുള്ള ഏക സ്മാരകം സെക്രട്ടേറിയറ്റിന് എതിര്‍വശത്തുള്ള പ്രതിമയാണ്. ഈ പ്രതിമ സ്ഥാപിച്ചതിനാലാണ് 'സ്റ്റാച്യൂ' എന്ന് ആ സ്ഥലത്തിന് പേര് ലഭിച്ചത്.

തിരുവിതാംകൂര്‍ മഹാരാജാക്കന്മാരായ ആയില്യം തിരുനാളിന്റെയും അനുജന്‍ വിശാഖം തിരുനാളിന്റെയും അധ്യാപകനായിട്ടാണ് മാധവറാവു തിരുവനന്തപുരത്ത് എത്തിയത്.
മദ്രാസില്‍ പൗവ്വല്‍ ആരംഭിച്ച ഇംഗ്ലീഷ് വിദ്യാലയത്തിലെ സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു മാധവരായര്‍ അഥവാ മാധവറാവു. പിന്നീട് ഹജൂര്‍കച്ചേരിയില്‍ ഡെപ്യൂട്ടി പേഷ്‌ക്കാര്‍ ആയി. ആക്ടിങ് ദിവാനായിരുന്നശേഷമാണ് 1858ല്‍ ദിവാനായത്.
ജനറല്‍ ആശുപത്രി, യൂണിവേഴ്‌സിറ്റി കോളേജ്, വര്‍ക്കല തുരപ്പിന്റെ തുടക്കം എന്നിവ ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ മാധവറാവുവിന്റേതാണ്. ഒരുപക്ഷെ അദ്ദേഹത്തിന്റെ പ്രധാന പരിഷ്‌കാരം വിദ്യാഭ്യാസരംഗത്താണ്. ഇംഗ്ലീഷ് വിദ്യാലയങ്ങള്‍ക്ക് ഒപ്പം നാട്ടുഭാഷ വിദ്യാലയങ്ങള്‍ക്കും അദ്ദേഹം പ്രോത്സാഹനം നല്‍കി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ടെസ്റ്റ് ബുക്കു കമ്മറ്റി രൂപവത്കരിച്ചതും സര്‍ക്കാര്‍ ഉദ്യോഗത്തിന് വിദ്യാഭ്യാസ യോഗ്യത മാനദണ്ഡമാക്കിയതും മാധവറാവുവാണ്. മ്യൂസിയവും അവിടത്തെ പാര്‍ക്കും വിപുലീകരിച്ചതും അവിടെ ആദ്യമായി ഫലപുഷ്പ പ്രദര്‍ശനം സംഘടിപ്പിച്ചതും അദ്ദേഹമാണ്.
ഒരുപക്ഷേ മാധവറാവുവിന്റെ ദൂരവ്യാപകമായ പരിഷ്‌കാരം 'പണ്ടാരപാട്ടവിളംബരം' ആയിരുന്നു. പണ്ടാര (സര്‍ക്കാര്‍) പാട്ടഭൂമി വലിയ കുടുംബങ്ങള്‍ക്ക് പാട്ടം നല്‍കിയിരുന്ന പതിവ് അവസാനിപ്പിച്ച് അദ്ദേഹം അത് നിശ്ചിത തുക ഈടാക്കി പതിച്ചുകൊടുത്തു. ഇതോടെ കൂട്ടുകുടുംബങ്ങള്‍ തകരാന്‍ തുടങ്ങി. ഭൂമി വില്‍ക്കാനും വാങ്ങാനും കഴിയുന്ന സ്ഥിതിവന്നു. ഭൂമി കിട്ടിയ ആയിരക്കണക്കിന് യുവാക്കള്‍ അത് വിറ്റ് പഠനം നടത്തി വിദ്യാസമ്പന്നരായി. ഭൂമി വാങ്ങിച്ചവര്‍ ഭൂരിഭാഗവും സുറിയാനി ക്രിസ്ത്യാനികളായിരുന്നു. അവര്‍ കൃഷിചെയ്തും തോട്ടം നിര്‍മിച്ചും സമ്പന്നരായി.

തിരുവിതാംകൂറിന്റെ മുഖഛായ മാറ്റിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന സര്‍. ടി. മാധവറാവു നിരാശനായിട്ടാണ് നഗരം വിട്ടത്. ആയില്യം തിരുനാളുമായി അദ്ദേഹം അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഇതേത്തുടര്‍ന്ന് 1872ല്‍ ദിവാന്‍പദവി ഒഴിഞ്ഞ് നാട്ടിലേക്ക് പോയി. എന്നാല്‍ അദ്ദേഹത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്‍ഡോറിലെ ദിവാനാക്കി. അവിടെയും അദ്ദേഹം പല പരിഷ്‌കാരങ്ങളും നടപ്പിലാക്കി. പിന്നീട് മാധവറാവു ബറോഡ ദിവാനും പിന്നീട് റീജന്റും ആയി. ആ സമയത്ത് വൈസ്രോയി വിളിച്ചുകൂട്ടിയ ദര്‍ബാറില്‍ ആയില്യം തിരുനാളും മാധവറാവുവും പങ്കെടുത്തു.

എന്നാല്‍ മാധവറാവുവിന്റെ സ്ഥാനം ഒന്നാം നിരയിലും ആയില്യം തിരുനാളിന്റേത് രണ്ടാം നിരയിലുമായിരുന്നു. താന്‍ സേവിച്ച രാജാവിനെ പിന്‍നിരയിലിരുത്തന്നത് ശരിയല്ലെന്നും തന്റെ സ്ഥാനം അദ്ദേഹത്തിന് നല്‍കണമെന്നും മാധവറാവുവിന്റെ ആവശ്യം വൈസ്രോയി അംഗീകരിച്ചു. ഇതോടെ മാധവറാവുവിനോടുള്ള സ്‌നേഹവും ബഹുമാനവും ആയില്യം തിരുനാളിന് കൂടി. പിന്നീട് അനന്തപുരിയിലെത്തിയ മാധവാറാവുവിന് ആയില്യം തിരുനാള്‍ രാജാരവിവര്‍മയുടെ ചിത്രങ്ങള്‍ സംഭാവന ചെയ്തു. ഈ ചിത്രങ്ങളാണ് ഉത്തരേന്ത്യയില്‍ മാധവറാവുവിനെ കൂടുതല്‍ പ്രശസ്തനാക്കിയത്.
ബറോഡയില്‍ നിന്നും പിരിഞ്ഞശേഷം മാധവറാവു മദ്രാസില്‍ താമസിച്ചു. 1887ല്‍ മാധവറാവു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അടുത്തവര്‍ഷം വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹം ഏറ്റെടുത്തില്ല. പക്ഷാഘാതം ബാധിച്ച് കിടപ്പിലായ മാധവറാവു 1891 ഏപ്രില്‍ നാലിന് ലോകത്തോട് വിടപറഞ്ഞു.
തിരുത്ത്: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ കാലത്തെ ദിവാന്‍ 'പി. രാജഗോപാലാചാരി'യാണ്.



MathrubhumiMatrimonial