
പിറന്നാള്‍ സമ്മാനമായി ഭവനരഹിതര്‍ക്ക് സ്‌നേഹവീടൊരുക്കി
Posted on: 18 Aug 2014

പുത്തൂര്‍ : അപ്പച്ചന്റെ പിറന്നാള്‍ സമ്മാനമായി മൂന്ന് ഭവനരഹിതര്‍ക്ക് സ്‌നേഹവീട് നിര്‍മിച്ചുനല്‍കി മക്കള്‍ മാതൃകയായി. പുത്തൂര്‍ പുതിയഴികത്ത് ഐ.ബേബിയുടെ 81-ാം പിറന്നാള്‍ ആഘോഷമാണ് മൂന്ന് കുടുംബങ്ങള്‍ക്ക് സ്‌നേഹത്തണലൊരുക്കി അവിസ്മരണീയമാക്കിയത്.
ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന സഹോദരങ്ങളായ ലെനി, ലൈജു എന്നിവരാണ് അപ്പച്ചന്റെ സേവനപാതയിലൂടെ സഞ്ചരിച്ച് ചെറുമങ്ങാട് കര്‍മ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തില്‍ സ്‌നേഹവീട് പദ്ധതി നടപ്പാക്കിയത്. ഹരിപ്പാട് കരുവാറ്റ സ്വദേശി കുഞ്ഞുകുഞ്ഞ്, ഐവര്‍കാല പുത്തനമ്പലം സ്വദേശി ഷീജ, ചെറുമങ്ങാട് സ്വദേശി രതീശന്‍പിള്ള എന്നിവര്‍ക്കാണ് ബേബിയുടെ പിറന്നാള്‍ സമ്മാനമായി തലചായ്ക്കാനിടം ലഭിച്ചത്.
വീടിനായി വിവിധഭാഗങ്ങളില്‍നിന്നും ലഭിച്ച 43 അപേക്ഷകളില്‍നിന്നാണ് ഏറ്റവും യോഗ്യരെന്ന് തോന്നിയ മൂന്നുപേരെ തിരഞ്ഞെടുത്തത്.
കഴിഞ്ഞദിവസം പുത്തൂര്‍ വസുധ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ചായിരുന്നു വീടുകളുടെ താക്കോല്‍ദാന കര്‍മ്മം. ഭവനദാനസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. കര്‍മ ചെയര്‍മാന്‍ എന്‍.രഘുനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., വൈ.ബേബി, ഫാ. പി.ഐ.ജോണ്‍ എപ്പിസ്‌കോപ്പ എന്നിവര്‍ ചേര്‍ന്ന് ഭവനങ്ങളുടെ താക്കോല്‍ദാന കര്‍മ്മം നിര്‍വഹിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭ അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. പിറന്നാള്‍ ആഘോഷിക്കുന്ന ബേബിയെ കൊടിക്കുന്നില്‍ സുരേഷ് എം.പി. ആദരിച്ചു. ആയാംപറമ്പില്‍ പള്ളി വികാരി ജേക്കബ് മാത്യു ബേബിക്ക് പിറന്നാള്‍ സമ്മാനം നല്‍കി. കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.വി.അനില്‍, പവിത്രേശ്വരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ഭട്ടതിരി, നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ഇന്ദിര, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സൂസമ്മ, ജെ.കെ.വിനോദിനി, രാധാകൃഷ്ണപിള്ള, എസ്.കൃഷ്ണനുണ്ണിത്താന്‍, അനീഷ് ആലപ്പാട്, ജോണ്‍ പി.സഖറിയ, നെല്‍സണ്‍, ബിനു പാപ്പച്ചന്‍, ഹരി പുത്തൂര്‍, ദേവരാജന്‍, റിജിന്‍ എന്നിവര്‍ സംസാരിച്ചു.
