
നാലുപേര്‍ക്ക് ജീവനും രണ്ടുപേര്‍ക്ക് വെളിച്ചവുമേകി തോമസ് യാത്രയായി
Posted on: 18 Aug 2014
ദാനം ചെയ്തത് 7 അവയവങ്ങള്‍

വാക്കുകള്‍ അറംപറ്റിയതു പോലെ സ്വകാര്യ ബസ് ബൈക്കിലിടിച്ച് തോമസിന് മസ്തിഷ്‌ക മരണം സംഭവിക്കുകയും അദ്ദേഹത്തിന്റെ ഭാര്യ ലിജിയും അച്ഛന്‍ വര്‍ഗീസും കൂട്ടുകാരും മുന്‍കൈയെടുത്ത് അവയവദാനത്തിന് തയ്യാറാകുകയുമായിരുന്നു. ഹൃദയവും കരളും വൃക്കകളും പാന്‍ക്രിയാസും നേത്രപടലങ്ങളും ദാനം ചെയ്ത് നാലുപേര്‍ക്ക് പുതുജീവനും രണ്ടുപേര്‍ക്ക് വെളിച്ചവും സമ്മാനിച്ചാണ് തോമസ് യാത്രയാകുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ബാംഗ്ലൂരില്‍ നടന്ന ദേശീയ ടെന്‍പിന്‍ ബൗളിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ചിരുന്നു. ലുലുവിലെ ബൗളിംഗ് ടീമില്‍ അംഗമാണ്.
ഇടുക്കി കട്ടപ്പന പാണ്ടിപ്പാറയില്‍ കാഞ്ഞിരക്കാട്ട് വീട്ടില്‍ വര്‍ഗീസ് ജോസഫിന്റെയും മേരിയുടെയും മൂന്ന് ആണ്‍മക്കളില്‍ ഇളയവനാണ് തോമസ്. രണ്ടാമത്തെ മകന്‍ ജോര്‍ജ് വര്‍ഗീസ് 2012-ല്‍ കട്ടപ്പനയില്‍ നടന്ന അപകടത്തില്‍ മരിച്ചിരുന്നു. ജോര്‍ജിന്റെ നേത്രപടലങ്ങള്‍ അന്ന് ദാനം ചെയ്യാന്‍ വര്‍ഗീസ് തയ്യാറായി.
15-ാം തീയതി പാടിവട്ടം ജംഗ്ഷനില്‍ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് എറണാകുളം പോളിമെര്‍ ആന്‍ഡ് പോള്‍കെം ബില്‍ഡേഴ്‌സ് ഉടമ തോമസിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച തോമസിനെ ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച വൈകുന്നേരം എറണാകുളം ലേക്ഷോര്‍ ആസ്പത്രിയില്‍ എത്തിച്ചു.
മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് ജി. തോമസും സംഘവും അവയവങ്ങള്‍ കേടുകൂടാതെ എടുക്കുന്നതിന് നേതൃത്വം നല്‍കിയതായി ലേക്ഷോര്‍ ആസ്പത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ അറിയിച്ചു. ഹൃദയം ലിസി ആസ്പത്രിയില്‍ ചികിത്സയിലുള്ള 45 വയസ്സുള്ള പെരുമ്പാവൂര്‍ സ്വദേശിക്ക് നല്‍കി. ലേക്ഷോര്‍ ആസ്പത്രിയില്‍ കരള്‍രോഗത്തിന് ചികിത്സയിലായിരുന്ന 60 വയസ്സുള്ള തിരുവനന്തപുരം സ്വദേശിക്കാണ് തോമസിന്റെ കരള്‍ െവച്ചുപിടിപ്പിച്ചത്. ഒരു വൃക്ക ലേക്ഷോറില്‍ ചികിത്സയിലുള്ള 59 വയസ്സുള്ള കണ്ണൂര്‍ സ്വദേശിക്കും മറ്റൊരു വൃക്ക അമൃത ആസ്പത്രിയിലെ 35 വയസ്സുള്ള പാലക്കാട് സ്വദേശിക്കും മാറ്റിവെച്ചു.
ഞായറാഴ്ച രാവിലെ ലേക്ഷോര്‍ ആസ്പത്രിയിലെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദ് തോമസിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. തോമസിന്റെ ഏക മകള്‍ ആറു വയസ്സുകാരി ആന്‍ റോസ്‌കാംപെയ്ന്‍ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ശവസംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന് ഇടുക്കി കട്ടപ്പന പാണ്ടിപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടത്തും.
