2006 ഡിസംബറിലെ മഞ്ഞുള്ള പ്രഭാതത്തില്‍ ഞങ്ങള്‍ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള വഴിയിലൂടെ യാത്രതുടങ്ങി. ഇന്നോവയാണ് വണ്ടി. യാത്രക്കാരായി ഞങ്ങള്‍മൂന്ന് അണു കുടുംബങ്ങള്‍. മൂന്നു വീതം ഭാര്യാ ഭര്‍ത്താക്കന്മാര്‍. പിന്നെ രണ്ട് ചെറിയ കുട്ടികളും. നൂറുതവണ യാത്രചെയ്തിട്ടുള്ള ആളിനും ഡിസംബറിലെ പ്രഭാതത്തില്‍ വയനാടന്‍ ചുരത്തിലൂടെ യാത്രചെയ്യുമ്പോള്‍ പുതിയ കാഴ്ചകള്‍ കിട്ടും. സുന്ദരികള്‍ സാരിമാറിമാറി ഉടുക്കുന്നതുപോലെയുള്ള അനുഭവം.

പൂക്കോട് തടാകതീരത്തായിരുന്നു പ്രഭാതഭക്ഷണം. വീട്ടില്‍ നിന്ന് ഉണ്ടാക്കിക്കൊണ്ടുവന്ന ഇഡലിയും നൂല്‍പ്പുട്ടും ചപ്പാത്തിയും കറികളും. കൂടെ ഫ്ലസ്‌കിലെ ചായ. പ്രകൃതിയുടെ മിശ്രണം ടാറ്റയുടെ പാക്കിങ്ങ് എന്നൊക്കെ പറഞ്ഞ് ഒരു ഓപ്പണ്‍എയര്‍ ബ്രേക്ക്ഫാസ്്റ്റ്. സഞ്ചാരികളെയും കൊണ്ട് തടാകത്തിനുചുറ്റും പായുന്ന കുതിരവണ്ടികള്‍ മാത്രം ഇടയ്ക്കിടെകടന്നുപോയി. പിന്നെ തടാകത്തിലെ ചുവന്ന ആമ്പലുകളെ തഴുകി വരുന്ന കാറ്റും.അടുത്ത ലക്ഷ്യം മുത്തങ്ങവന്യജീവി സങ്കേതമാണ്. അവിടെയെത്തിയപ്പോള്‍ സമയം ഒരുമണി. ഞങ്ങള്‍ ചെന്ന വാഹനത്തില്‍തന്നെ കാടിനുള്ളിലേക്കു പോകാനുള്ള അനുമതി കിട്ടി. ഇപ്പോള്‍ മൃഗങ്ങളെയൊന്നും കാണാനിടയില്ലന്ന മുന്നറിയിപ്പും. ഞാനൊരു കുട്ടനാട്ടുകാരനാണ്. മീനൊന്നും കിട്ടിയില്ലെങ്കിലും രാവിലെ മുതല്‍ വൈകുന്നിടം വരെ ചൂണ്ടയുമിട്ട് കാത്തിരിക്കുന്ന ആളുകളെ ഞാന്‍ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. ഹെമ്മിങ്‌വേയുടെ കിഴവനും കടലും എന്ന നോവലിനെക്കുറിച്ചു പറയുമ്പോഴൊക്കെ ഞാന്‍ ആ ചൂണ്ടക്കാരെ ഓര്‍ക്കുകയും ചെയ്യും.ഞങ്ങള്‍ കാട്ടിലെ മണ്‍വഴിയിലൂടെ മുന്നോട്ട്...
ഒപ്പം വഴികാട്ടിയായി രാമകൃഷ്ണനും. ഇന്നോവയ്ക്ക് തീരെ ഒച്ചയില്ല എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. കഷ്ടിച്ച് അര കിലോമീറ്റര്‍ മുന്നോട്ടു പോയപ്പോള്‍ ഒരു മാന്‍ കൂട്ടം! പത്തിരുപതു പേരുണ്ട്. പിെന്ന ്വാട്ടുപന്നി, മുഖം മുഴുവന്‍ വെളുത്തരോമമുള്ള കമ്പിളിക്കുരങ്ങ്, കന്യാസ്ത്രീ കൊക്ക്, മ്ലാവ,് പുള്ളിയില്ലാത്ത ഒരിനം മാന്‍ അങ്ങനെപോകുന്നു ഞങ്ങളെക്കാണാനും ഞങ്ങള്‍ക്കു കാണാനും ഭാഗ്യമുണ്ടായവരുടെ പട്ടിക.പെട്ടെന്ന് രാമകൃഷ്ണന്‍ പറഞ്ഞു:''ആനച്ചൂരടിക്കുന്നു. അടുത്തെവിടെയോ ആനയുണ്ട്!''വണ്ടിനിര്‍ത്തി

ഞങ്ങള്‍ ആണുങ്ങള്‍ മൂന്നുപേരും ക്യാമറയുമായി പുറത്തിറങ്ങി, സ്ത്രീജനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ തന്നെ. രാമകൃഷ്ണന്‍ ശബ്ദമുണ്ടാക്കാതെ കുറച്ചകലേക്ക് കൈ ചൂണ്ടി. ഒറ്റയ്‌ക്കൊരു ആന-കൊമ്പനല്ല, പിടിയാണ്. ''സൂക്ഷിക്കണം! ചിലപ്പോള്‍ കുട്ടിയാനകൂടെയുണ്ടാവും. എങ്കില്‍ ആക്രമിക്കാനിടയുണ്ട്.''അപ്പോഴേക്കും ഒച്ചവയ്ക്കരുതെന്ന നിര്‍ദ്ദേശമൊക്കെ മറന്ന് വണ്ടിയിലിരുന്നവര്‍ ബഹളം വയ്ക്കാന്‍ തുടങ്ങി. കോഴിക്കോട് ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ എഴുതിയിരുന്ന ഒരു വാചകമാണ് എനിക്കോര്‍മ്മ വന്നത് -'മത്സരിക്കാന്‍ ഞാനില്ല കാത്തിരിക്കാനാളുണ്ട്!'നാലുമണിക്ക് കര്‍ണ്ണാടകഅതിര്‍ത്തി ക്കു തൊട്ടടുത്തുള്ള ഒരു മുളങ്കാട്ടില്‍ 'ഉച്ച'ഭക്ഷണം. ചപ്പാത്തി, നേന്ത്രപ്പഴം, മുന്തിരി... അത്രയൊക്കെയേ ഈ കൊടുങ്കാട്ടില്‍ രക്ഷയുള്ളു. അതിര്‍ത്തികടന്നപ്പോള്‍ കേരളത്തിന്റെ അടുക്കളകളില്‍വേവുന്ന പച്ചക്കറികള്‍ വിളയുന്ന തോട്ടങ്ങള്‍... ഗ്രാമീണരുടെ ഒന്നും തിരിയാത്തകന്നട. മൂന്നു വയസ്സുള്ള എന്റെ മകനുമാത്രം ഭാഷ പ്രശ്‌നമായില്ല. അവന്‍ അവരോടും അവര്‍ അവനോടും കൂളായി സംസാരിച്ചു. അന്തിവെയിലില്‍ കാരറ്റും കാബേജും ചോളവുംവിളയുന്ന പാടങ്ങളിലൂടെ വെറുതേ ചുറ്റിനടന്നു.

വിളകഴിഞ്ഞ സൂര്യകാന്തിപ്പാടത്ത് ഓര്‍മ്മത്തെറ്റുപോലെ ഏതാനും പൂക്കള്‍.ഗുണ്ടല്‍പേട്ട് മൈസൂര്‍ റോഡിലെ ഗോപിക റിസോര്‍ട്ടില്‍ താമസം ഏര്‍പ്പാടാക്കിയിരുന്നു. അവിടുത്തെ ജോലിക്കാരെല്ലാം മലയാളികള്‍. അതുകൊണ്ട് അന്യ സംസ്ഥാനമെന്ന തോന്നല്‍ ഉണ്ടായതേയില്ല. അതിരാവിലെ ഗോപാല്‍സ്വാമി ക്ഷേത്രത്തിലേക്ക്. ബന്ദിപ്പൂര്‍ വന്യജീവിസങ്കേതത്തിലെ ഏറ്റവും ഉയര്‍ന്നസ്ഥലം. ഗുണ്ടല്‍പേട്ട് -ഗൂഢല്ലൂര്‍ റോഡില്‍ ഹംഗ്ലയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞുപോകണം. മൈസൂര്‍ രാജവംശത്തിന്റെ ചരിത്രവഴികള്‍ ഈ ക്ഷേത്രത്തിലേക്കും നീളുന്നുണ്ട്. പുല്‍മേട്ടില്‍ നിന്ന് കാട്ടിലേക്ക് മറയുന്ന ആനക്കൂട്ടം. അതിശക്തമായ കാറ്റ്. പ്രകൃതിയും ഭക്തിയും കെട്ടുപിണഞ്ഞ് അപൂര്‍വ്വമായ ഒരു അനുഭവം. തിരക്കില്ലാത്തതിന്റെ ആശ്വാസം...മലയിറങ്ങുമ്പോള്‍ തിരിഞ്ഞുനോക്കി. ഇല്ല, കാണുന്നില്ല! ഗോപാലസ്വാമിയുടെകുന്ന് മഞ്ഞില്‍ മറഞ്ഞു പോയി. ഹിമവത് ഗോപാല്‍സ്വാമി ബെട്ട എന്ന ബോര്‍ഡ് വഴിയില്‍ പിന്നയും കണ്ടു.
ജൂണ്‍ ജൂലായ് മാസങ്ങളില്‍ ഈ കുന്നിന്‍ ചെരിവുമുഴുവന്‍ സൂര്യകാന്തിയുടെയും ബന്തിയുടെയും തോട്ടങ്ങള്‍ കൊണ്ട് നിറയും. മഞ്ഞയുടെയും ഓറഞ്ചിന്റെയും ചെറിയ ചെറിയ തുണ്ടുകള്‍!ബന്ദിപ്പൂര്‍ സാങ്ച്വറിയിയുടെ ഓഫീസിലെത്തിയപ്പോള്‍ കാട്ടിലേക്ക് ട്രക്കുകളില്‍ ആളെ കൊണ്ടുപോകുന്ന സമയം കഴിഞ്ഞു. രാവിലെ ഒന്‍പതുമണി കഴിഞ്ഞാല്‍ പിന്നെ വൈകുന്നേരമേയുള്ളു. സമയം കളയാനില്ല, നേരേ മുതുമലയിലേക്ക്. വഴിയില്‍ പലയിടത്തും മാന്‍കൂട്ടങ്ങള്‍... ഇടയ്ക്ക് മ്ലാവുകള്‍, മിന്നല്‍പോലെ ഒരു കാട്ടു പോത്തും!

കര്‍ണാടകത്തിന്റെ അതിര്‍ത്തി കടന്ന് തമിഴ്‌നാട്ടിലേക്ക്. മുതുമല വന്യജീവിസങ്കേതത്തിന്റെ കവാടത്തിലെത്തിയപ്പോള്‍ പന്ത്രണ്ടു മണി. അവിടെയും ഇപ്പോള്‍ പ്രവേശനമില്ല. പ്രധാനപാതയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞു. മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള വഴിയാണത്. 36 ഹെയര്‍പിന്‍ വളവുകളിലായി സൗന്ദര്യം വളഞ്ഞുകിടക്കുന്നു. കുറച്ചുചെന്നപ്പോള്‍ വഴിയരികില്‍ നീലക്കുറിഞ്ഞിപ്പൂക്കള്‍! ഏതാനും മാസം മുമ്പ് മൂന്നാറിലെത്തി നീലക്കുറിഞ്ഞിപ്പൂക്കള്‍ കണ്ട ഓര്‍മ്മ മാഞ്ഞുതുടങ്ങിയിട്ടില്ല. ഇപ്പോഴിതാ ഇത്ര പെട്ടെന്ന് വീണ്ടും കണ്‍മുമ്പില്‍ നീലക്കുറിഞ്ഞി. ഒരു ഹെയര്‍പിന്‍ വളവില്‍ വണ്ടി ഒതുക്കിനിര്‍ത്തിയിട്ട് ഞങ്ങള്‍ കാട്കയറി. വാക്കുകളിലൊതുങ്ങാത്ത അദ്ഭുതലോകമായിരുന്നു അത്. കണ്ണെത്താദൂരത്തോളം നീലക്കുറിഞ്ഞി പൂത്തു കിടക്കുന്നു. അതും ഒറ്റ കാഴ്ചക്കാരില്ലാതെ! മൂന്നാറിലെപ്പോലെ പൊക്കം കുറഞ്ഞവയല്ല. ഒരാള്‍ പൊക്കത്തിലധികം വളര്‍ന്നവ. മൂന്നാറില്‍ നാലഞ്ചു മണിക്കൂര്‍ ക്യൂ നിന്നതിനെക്കുറിച്ച് അതുവരെയില്ലാതിരുന്ന സങ്കടം പെട്ടെന്ന് തലപൊക്കി. കാട്ടുചെടികള്‍കൊണ്ട് കൈയും കാലുമൊക്കെ മുറിയുന്നുണ്ട്്. പെട്ടെന്ന് മുന്‍പില്‍ ആനപ്പിണ്ടം! അപകടങ്ങളില്‍ചെന്നുപെടാതിരിക്കാന്‍ ദൈവം ചില സൂചനകള്‍തരാറുണ്ടത്രേ! അത്തരമൊരുസൂചനയാണ് ഈ ആനപ്പിണ്ടത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു സ്ത്രീകളുടെവാദം. അങ്ങനെ കണ്ണും മനസ്സും മലഞ്ചരിവിലെ വസന്തത്തില്‍ പണയം വച്ചിട്ട് ഞങ്ങള്‍ മലയിറങ്ങി.

താഴെ റോഡിലെത്തിയപ്പോള്‍ കൈകാലുകളില്‍ ചോരയൊലിച്ചു; ഒപ്പം വേദനയും അറിഞ്ഞുതുടങ്ങി! ഇന്നോവ വളവുകള്‍ തിരിഞ്ഞ് വീണ്ടും കുതിച്ചു. ചിലയിടങ്ങളില്‍ കുറിഞ്ഞിപൂത്ത മല ഇളംചുവപ്പുകലര്‍ന്ന നീലനിറത്തില്‍ കാണാം. വഴിയില്‍ കല്ലട്ടി വെള്ളച്ചാട്ടമുണ്ട്. പക്ഷേ, വെള്ളമില്ലാതെ കരയുന്ന കണ്ണീരുമാത്രമേ അവിടെ താഴേയ്‌ക്കൊഴുകുന്നുള്ളു. മൂന്നുമണി കഴിഞ്ഞപ്പോഴേക്കും ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തി. അവിടെ ചുറ്റി നടക്കുമ്പോഴും പലപ്പോഴും സംസ്സാരം വഴിതെറ്റി എത്തുന്നത് നീലക്കുറിഞ്ഞിയിലായിരുന്നു.ഊട്ടിയിലുള്ള സുഹൃത്ത് ഒരു കോട്ടേജില്‍ താമസസൗക്യം ഏര്‍പ്പാടാക്കിയിരുന്നു. ഒരു വീടിന്റെ മുകള്‍ നില. മൂന്നുബെഡ്‌റൂം ഒരു ഹാള്‍, അടക്കള പിന്നെ ഭക്ഷണം പാകംചെയ്യാന്‍ അറുമുഖവും. രജനീകാന്തിന്റെ കടുത്ത 'ഭക്ത'നാണ് അറുമുഖം. ഭക്ഷണത്തോടൊപ്പം രജനിപടങ്ങളുടെ പല മര്‍മ്മഭാഗങ്ങളും അയാള്‍വിളമ്പി. അന്ന് ക്രിസ്മസ്സായിരുന്നു. ഊട്ടിയിലെ ഞങ്ങളുടെ ആദ്യ ക്രിസ്മസ്.

കുട്ടികളുടെ വയറിന്റെ സുരക്ഷയെ കരുതി കേക്ക് ഒഴിവാക്കി. പകരം മസിനഗുഡിയില്‍ നിന്നു വാങ്ങിയ തണ്ണിമത്തങ്ങ മുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. പിറ്റേന്ന് റോസ് ഗാര്‍ഡനും കണ്ട് മസിനഗുഡി വഴിതന്നെ മടക്കയാത്ര. മുതുമലയിലെത്തിയപ്പോള്‍ കാട്ടിലേക്കുള്ളയാത്രയ്ക്ക് വഴിയുണ്ടോ എന്ന് അന്വേഷിച്ചു. അവസാനവണ്ടിയാണ് പുറപ്പെടുന്നത്. അതിലും സ്ഥലമില്ല. ഒടുവില്‍ നിരാശയോടെ ഞങ്ങള്‍ മടങ്ങാനൊരുങ്ങുമ്പോള്‍ കൗണ്ടറില്‍നിന്ന് നല്ല മലയാളത്തില്‍ ഒരു ചോദ്യം:''നിങ്ങളെവിടുന്നാ?''കോഴിക്കോട് ഫറോക്കിലാണ് അവരുടെ വീട്. കാട്ടുവണ്ടിയുടെ ക്യാബിനില്‍ ഇരിക്കാനുള്ള സൗകര്യം അവര്‍ ശരിയാക്കിത്തന്നു. അതില്‍ കയറിയപ്പോഴോ? ഡ്രവറും ഗൈഡും മലയാളികള്‍. കൂട്ടത്തോടെ ചേക്കേറുന്ന മയിലുകള്‍, മാനിനെ കടിച്ചുവലിക്കുന്ന ചെന്നയ്ക്കൂട്ടം ഇതൊക്കെ കാണുമ്പോള്‍ ഞങ്ങളുടെ വണ്ടിയില്‍ സുഖമായി വിശ്രമിക്കുന്ന ക്യാമറകളെക്കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടാനേ കഴിഞ്ഞുള്ളു.

വനയാത്രയ്ക്ക് ടിക്കറ്റില്ല എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരോഴികെ എല്ലാവരും വണ്ടിയിലേക്ക് മടങ്ങിയതാണ്. പിന്നെ പെട്ടെന്ന് തിരിച്ചു വരുന്നതിനിടയില്‍ ക്യാമറയുടെ കാര്യം മറന്നു. മുതുമലയില്‍നിന്ന് മടങ്ങുമ്പോള്‍ ഇരുട്ടുവീണുതുടങ്ങി. ഗൂഢല്ലൂരുവഴിയാണ് മട ക്കം. പത്തു കിലോമീറ്റര്‍ പിന്നിട്ടുകാണും, മുന്നില്‍ ഹെഡ്‌ലൈറ്റിന്റെവെളിച്ചത്തില്‍ വലിയൊരു ആനക്കൂട്ടം! ഞങ്ങളുടെ ഡ്രൈവര്‍ പ്രകൃതിസ്‌നേഹിയോ ആനസ്‌നേഹി യോ വേട്ടക്കാരനോ അല്ലാത്തതുകൊണ്ട് ഇന്നോവ നിലം തൊടാതെ പറന്നു. ആ ഒറ്റക്കാരണം കൊണ്ട് ഒരുമണിക്കൂര്‍ മുന്‍പ് കോഴിക്കോട്ട് എത്തി എന്ന് വിശ്വസിക്കുന്ന പലരും ഞങ്ങളുടെ സംഘത്തിലുണ്ട്.