
ഉയരെ ഉയരെ ചൈനയെതൊട്ട്
Posted on: 22 Jul 2009
കെ.പി.ബിന്ദു

കല്‍ക്കത്താ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍ നഗര വിളക്കുകള്‍ തെളിഞ്ഞു നിന്നിരുന്നു. താഴെ ഹൗറ പാലവും ഹുഗഌ നദിയും ഒരു നേര്‍ രേഖപോലെ അവ്യക്തമായി കാണാം. രാവിലെ ദക്ഷിണേശ്വറിലേക്കായിരുന്നു ആദ്യയാത്ര. പോകുന്ന വഴിയില്‍ മിഷണറി ഓഫ് ചാരിറ്റിയുടെ മുഖ്യഭവനം. മദറിന്റെ മുഖം മനസില്‍ തെളിഞ്ഞു വന്നു. റോഡിനുള്ളിലെ റെയിലിലൂടെ പോകുന്ന ട്രാമുകള്‍. ഇന്ത്യയില്‍ കല്‍ക്കത്തയ്ക്ക് മാത്രം സ്വന്തമായുള്ളത്. സൈക്കിള്‍ റിക്ഷകള്‍. മനുഷ്യറിക്ഷകള്‍, എന്നിവയും കാണാം. നിരത്തിനരികില്‍ കുളിയും ഭക്ഷണവും. കൊല്‍ക്കത്താ നഗരത്തിന്റെ ഒരു മുഖം.

കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കൊല്‍ക്കത്തയുടെ മറ്റൊരു മുഖം. വൃത്തിയുള്ള റോഡുകളും അഴകാര്‍ന്ന ബഹുനില കെട്ടിടങ്ങളും നിറഞ്ഞ സുന്ദര നഗരം. വിവേകാനന്ദ പാലത്തിനു കീഴെ കുറച്ചകലെ ദക്ഷിണേശ്വര ക്ഷേത്രം കാണാം. ശ്രീരാമകൃഷ്ണ പരമഹംസര്‍ ദേവിയെ നേരില്‍ കണ്ട് പൂജിച്ചിടം. ഭവതാരിണി കാളിയാണ് മുഖ്യ പ്രതിഷ്ഠ. പരമശിവന്റെ പന്ത്രണ്ട് വിധത്തിലുള്ള പ്രതിഷ്ഠകളും രാധാകൃഷ്ണ ക്ഷേത്രവും, ദക്ഷിണേശ്വറിന്റെ സ്ഥാപകനായ റാണി റാഷ്‌മോണിയുടെ ആരാധനാലയവും ഇവിടെ കാണാം. രാമകൃഷ്ണ പരമഹംസരുടെ പത്‌നി ശാരദാദേവിയുടെ വാസസ്ഥലമായിരുന്ന നഹാബത്തിന്റെ താഴത്തെ നിലയില്‍ അവര്‍ക്കായി ഒരു പൂജാമുറി ഒരുക്കിയിട്ടുണ്ട്.

വിക്ടോറിയാ മെമ്മോറിയലിലേക്കായിരുന്നു അടുത്തയാത്ര. പോകുന്ന വഴിക്ക റേസ്‌കോഴ്‌സ്, ആര്‍മി ഈസ്‌റ്റേണ്‍ കമാന്റ്‌മെന്റിന്റെ ആസ്ഥാനം, കുത്തബ്മീനാറിന്റെ മാതൃകയിലുള്ള ഒസ്തര്‍ മെമ്മോറിയല്‍, മുഹമ്മദന്‍സ് സ്‌പോട്ടിങ് ക്ലബ്ബ്, ബ്രിട്ടീഷ് നിര്‍മ്മിതമായ റൈറ്റേഴ്‌സ് കെട്ടിടം. രാജ്ഭവന്‍, ഹൈക്കോര്‍ട്ട്, എല്‍.ഐ.സി കെട്ടിടം, റിസര്‍വ്വ് ബാങ്ക് ഓഫീസ്, ജനറല്‍ പോസ്റ്റ് ഓഫീസ്, പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ കൊല്‍ക്കത്തയുടെ ചരിത്രപ്രധാന ഭാഗങ്ങളും ദര്‍ശിച്ചു. വിക്ടോറിയാ മെമ്മോറിയലിനു സമീപത്തുതന്നെയാണ് ക്രിക്കറ്റ് സ്‌റ്റേഡിയം ഈഡന്‍ ഗാര്‍ഡന്‍സ്.

വിക്ടോറിയാ സ്മാരകം താജിനേക്കാള്‍ ആകര്‍ഷകമായി തോന്നി. 784 അടി ഉയരമുള്ള ഈ സ്മാരകം 64 ഏക്കര്‍ ഭൂമിയിലാണ്. ഭാരതീയ പാശ്ചാത്യ ചിത്രകാരന്‍മാരുടെ സൃഷ്ടികള്‍, കൈയെഴുത്തു പ്രതികള്‍, യുദ്ധ സാമഗ്രികള്‍, അപൂര്‍വ്വ പുസ്തകങ്ങള്‍, ശില്‍പ്പങ്ങള്‍ എന്നിവ ഇവിടെ കാണാം. കൊല്‍ക്കത്തയുടെ ചരിത്രവും വളര്‍ച്ചയും പ്രതിപാദിക്കുന്ന കല്‍ക്കത്താ ഗാലറിയും വിജ്ഞാന പ്രദമാണ്.
കുട്ടികള്‍ക്ക് മെട്രോ ട്രെയിനില്‍ കയറണം. ഞങ്ങള്‍ മൈതാന്‍ സ്‌റ്റേഷനിലേക്ക് പോയി. അവിടെ നിന്നും ടോളിഗഞ്ചിലേക്ക് യാത്ര ചെയ്തു. നിമിഷങ്ങള്‍ക്കകം ടോളിഗഞ്ചിലെത്തി. നേരെ കാളിഘട്ടിലേക്ക് പോയി. കല്‍ക്കത്തയിലെ പുണ്യപുരാതന ക്ഷേത്രമാണ് കാളിഘട്ടിലേത്. സതീദേവിയുടെ ദേഹത്യാഗത്തിനു ശേഷം പരമശിവന്റെ താണ്ഡവ വേളയില്‍ ദേവിയുടെ ശരീരം അമ്പത്തിരണ്ട് ഭാഗങ്ങളായി ഓരോ ദിക്കിലേക്ക് വീണുവത്രെ. ഇവിടെ ദേവിയുടെ വലതു കാലിലെ വിരലുകളാണ് വീണിട്ടുള്ളതെന്ന ഐതിഹ്യം. സ്‌പെഷല്‍ ദര്‍ശനത്തിന് കൈക്കൂലി വേണം. അതിനു നില്‍ക്കാതെ സാധാരണ ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോള്‍ റോഡരികിലെ കടകളില്‍ ശംഖുവളകള്‍ വില്‍ക്കുന്നത് കണ്ടു. ശംഖുവളകള്‍ ഇവിടുത്തെ പത്യേകതയാണ്.
പിറ്റേന്ന് സയന്‍സ് സിറ്റിയിലേക്ക് പുറപ്പെട്ടു. വളരെ വിശാലമായ് നിര്‍മ്മിച്ചിട്ടുള്ള ഈ ശാസ്ത്രനഗരം രണ്ട് ഭാഗങ്ങളായ് തിരിച്ചിരിക്കുന്നു. സയന്‍സ് സെന്ററും കണ്‍വെന്‍ഷന്‍ സെന്ററും സയന്‍സ് സെന്ററില്‍ സ്‌പേസ് ഒഡീസി, എവല്യൂഷന്‍ തീം പാര്‍ക്ക് മാരിടെം സെന്റര്‍, സയന്‍സ് പാര്‍ക്ക് ഡൈനോമോഷന്‍ ഹാള്‍ എന്നിവ അടങ്ങിയതാണ്. സ്‌പേസ് ഒഡീസിയിലെ സ്‌പേസ് തിയറ്റേറും ത്രീഡി തിയറ്ററും മിറര്‍ മാജിക്കും രസകരവും അറിവു പകരുന്നതുമാണ്. ഡൈനോമോഷന്‍ ഹാളില്‍ പൂമ്പാറ്റകള്‍ക്കായി ഒരുക്കിയിട്ടുള്ള അക്വേറിയം പിന്നെ വിവിധതരം ശാസ്ത്ര സാങ്കേതിക വിനോദങ്ങളും വിദ്യകളും കാണാം. കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു ഗ്രാന്‍ഡ് തിയേറ്ററും സെമിനാര്‍ ഹാളും. ഇങ്ങിനെ ഒരു ദിവസം മുഴുവന്‍ കണ്ടാലും മതിവരാത്ത കാഴ്ചകളാണിവിടെ.

രാവിലെ എട്ടരയോടെ നാഥുലാപാസ് കാണാനായി പുറപ്പെട്ടു.കാതോര്‍ത്തിരിക്കുന്ന വഴി എന്നാണ് നാഥൂലാ പാസിനര്‍ഥം. സിക്കിമും ചൈനയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാര ബന്ധമുളള മൂന്നു റുട്ടുകളില്‍ ഒന്ന്. ഇന്തോ ചൈനാ യുദ്ധത്തെ തുടര്‍ന്ന് 1962 ല്‍ അടച്ച നാഥൂലാ പാസ് 2006 ലാണ്ാ വീണ്ടും തുറന്നത്. ഇന്ത്യയില്‍ നിന്ന് 29 തരവും ചൈനയില്‍ നിന്ന് 15 തരവും വസ്തുക്കള്‍ ഈ വഴി കൈമാറ്റം ചെയ്യാനുള്ള കരാറാണ് ഇപ്പോള്‍ നിലവിലുള്ളത്. ഹിന്ദു- ബുദ്ധ തീര്‍ഥാടന കേന്ദങ്ങളിലേക്കുള്ള ദൂരവും ഇത് കുറയ്ക്കുന്നു. സിക്കിമിന്റെ തലസ്ഥാനമായ ഗാംങ്‌ടോക്കില്‍ നിന്ന് 54 കിലോമീറ്റര്‍ കിഴക്കായാണ് നാഥൂലാപാസ്. അവിടെ പോകാന്‍ ആര്‍മിയുടെയോ ഒരംഗീകൃത ട്രാവല്‍ ഏജന്‍സിയുടെയോ അനുവാദം വേണം. നാഥുല വളരെ ഉയരത്തില്‍ ചരിത്ര പ്രസിദ്ധമായ സില്‍ക്ക് റൂട്ടിലാണ്. 14140 അടി അതായത് 4310 മീറ്റര്‍ ഉയരത്തില്‍. ചെങ്കുത്തായ മലയുടെ മുകളിലേക്കുള്ള യാത്ര കഠിനവും പ്രയാസമേറിയതുമാണ്. ഇടയ്്ക്കിയ്ക്ക് 19 വെറ്റി നമതെ എന്ന സതേണ്‍ റെജിമെന്റിന്റെ കയ്യൊപ്പ് കാണാം. കരിങ്കല്‍ മലകളുടെ വശങ്ങളില്‍ മേരാ ഭാരത് മഹാന്‍ എന്നെഴുതി നമ്മെ ദേശ സ്‌നേഹത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. പലയിനം പൂക്കളും ചെടികളും വഴിനീളെ കാണാം. മാനുകളും യാക്കുകളും മലയിടുക്കളില്‍ നിന്ന് ഒളിഞ്ഞ് നോക്കുന്നു. ചാങ്കു അഥവാ സോങ്‌മോ തടാകത്തിനരികെ യാക്കുകളെ മെരുക്കി അണിയിച്ചൊരുക്കി സവാരിക്കിറക്കുന്നു. സിക്കിമിന്റെ പുണ്യ തടാകമായ ചോങ്‌മോ 3780 മീറ്റര്‍ ഉയരത്തിലാണ്. ദൂരെ നിന്നും ഇന്ത്യയുടെ ഭൂപടം പോലെ തോന്നിക്കുന്ന ഈ തടാകം ഡിസംബര്‍ തൊട്ട് മാര്‍ച്ച് വരെ മഞ്ഞുറഞ്ഞ നിലയിലായിരിക്കും. 50 അടി താഴ്ചയും ഒരു കിലോമീറ്ററോളം നീളവുമുള്ള തടാകത്തിന്റെ സംരക്ഷണം പോക്കാരി സമിതി ഏറ്റെടുത്തു നടത്തുന്നു. തടാകത്തിന്റെ നീരൊഴുക്കുള്ള ദിക്കില്‍ വിവിധ തരം ഔഷധ ചെടികളും ദേശാടന പക്ഷികളും നിറഞ്ഞതാണെന്ന് ഡ്രൈവര്‍ പറഞ്ഞു. ചിലപ്പോള്‍ ചുവന്ന് പാണ്ടയേയും കാണാമത്രെ. ഉയരത്തിലേക്ക് കയറും തോറും ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങി. പതിനൊന്നു മണിയോടെ നാഥുലായിലെത്തി. ഏകദേശം 6 ഡിഗ്രി തണുപ്പായതിനാല്‍ പ്രത്യേക വൂളന്‍ ഉടുപ്പകളും കാലുറകളും കരുതിയിരുന്നു. അല്ലെങ്കില്‍ തടാക തീരത്തുനിന്ന് വാടകയ്ക്ക് എടുക്കാം. വണ്ടി താഴെ പാര്‍ക്ക് ചെയ്തു. മുകളിലോട്ട് നടക്കണം. കയറുതോറും ശ്വാസം കിട്ടാന്‍ പ്രയാസം തോന്നി. പതുക്കെ സമയമെടുത്തു കയറി. അവിടെ ഇന്തോ-ചൈനാ അതിര്‍ത്തി. ഇന്ത്യന്‍ സൈനികരുമായി വിശേഷങ്ങള്‍ പങ്കു വെച്ചു. ചൈനീസ് പട്ടാളക്കാരോടൊപ്പം ഫോട്ടോയെടുത്തു. ,ചൈനയെ തൊട്ട് തിരിച്ചിറങ്ങുമ്പോള്‍ മലകളില്‍ അവിടവിടെയായി മഞ്ഞു കട്ടപിടിച്ചു കിടക്കുന്നത് കണ്ടു. മഞ്ഞുകട്ട കയ്യിലാക്കിയപ്പോള്‍ മനസടക്കം കുളിര്‍ത്തു.
താഴെക്കിറങ്ങാന്‍ തുടങ്ങി. നേരെ ബാബാ മന്ദിരത്തിലേക്ക്. അവിടെ ധീരനായ പട്ടാളക്കാരന്‍ ഹര്‍ഭജന്‍ സിംഗിന്റെ സമാധി. ഇന്തോ- ചൈനാ യുദ്ധകാലത്ത് നാഥുലയ്ക്കടുത്ത ഒരു ഹിമപാതത്തില്‍ പെട്ടു വീരമൃത്യുവടഞ്ഞ സൈനികനാണ് ഹര്‍ഭജന്‍സിങ്. 1941 ആഗസ്ത് 3 ന് പഞ്ചാബിലെ ബാത്തേബൈനി ഗ്രാമത്തില്‍ ജനിച്ച ബാബാ ഹര്‍ഭജന്‍സിങ്ങ് നാഥൂലാ പാസിനടുത്ത് വെച്ച് 1968 ഒക്ടോബര്‍ 4 നാണ് മരിക്കുന്നത്.ബാബ മന്ദിരത്തില്‍ മൂന്നു മുറിയാണുള്ളത്. നടുവിലത്തെ മുറിയില്‍ അദ്ദേഹത്തിന്റെ വലിയ ഒരു ചിത്രവും കൂടാതെ ഹിന്ദു ദൈവങ്ങളുടെയും സിക്ക് ഗുരുവിന്റെയും ഫോട്ടോകളുണ്ട് വലത്തെ മുറിയില്‍ അദ്ദേഹത്തിന്റെ യൂണിഫോമും, പോളിഷ് ചെയ്ത ബൂട്ട്‌സും വൃത്തിയായി വിരിച്ച കട്ടിലും എന്നും വൈകുന്നേരമാകുമ്പോഴേക്കും ഈ ബൂട്ടുകളില്‍ ചളി പുരളുന്നതായും വിരിച്ചിട്ട കിടക്ക വിരികള്‍ ചുളിയുന്നതായും ഇവിടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. അങ്ങിനെ പട്ടാള പുരാവൃത്തങ്ങളില്‍ മരണമില്ലാത്ത ധീര ജവാനാണ് ബാബ.
പെട്ടെന്ന് ഇരുട്ടാകുന്നതിനാല്‍ ഞങ്ങള്‍ വേഗം താഴേക്കിറങ്ങാന്‍ തുടങ്ങി. സന്ധ്യയോടെ ഗാങ്‌ടോക്കിലെത്തി. രാവിലെ സിക്കിമിലെ രണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ഗണേഷ് ടോക്കും ഹനുമാന്‍ടോക്കും ഹനുമാന്‍ ടോക്കിലെത്താന്‍ കുറച്ചു മുകളിലേക്ക് നടക്കണം. നാഥുലാ മലയിടുക്കിലേക്ക പോകുന്ന വഴിയാണിത്. നല്ല വൃത്തിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഈ സുന്ദര ക്ഷേത്രത്തില്‍ ഞങ്ങള്‍ തമിഴ് റെജിമെന്റിലെ ചില സൈനികരെ പരിചയപ്പെട്ടു. ഇവിടെ പൂജ ചെയ്യാന്‍ നിയോഗിക്കപ്പെട്ടവരാണിവര്‍. ഇവിടെ നിന്നും അവര്‍ ഞങ്ങള്‍ക്ക് കാഞ്ചന്‍ജംഗയുടെ മഞ്ഞുമലകള്‍ കാണിച്ചു തന്നു.
പിന്നീട് ഞങ്ങള്‍ തെക്കന്‍ സിക്കിമിലെ രാവങ്കള എന്ന ഗ്രാമ പ്രദേശത്തേക്ക് യാത്രയായി. പ്രകൃതിരമണീയമായ വഴികളിലൂടെ സ്വപ്‌ന സദൃശ്യമായ യാത്ര. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റാണി ഗീത് നദി റോഡിന് മറു വശത്തു കൂടി ഒഴുകികൊണ്ടിരുന്നു. ടിമി തേയിലത്തോട്ടത്തിലേക്കാണ് ആദ്യം പോയത്. വളരെ ശാന്തവും ഹരിതാഭവുമായ ഈ പ്രദേശം കേരളത്തിലെ മൂന്നാറിനെ ഓര്‍മ്മിപ്പിക്കും. റോഡിനിരുവശവും പൈന്‍മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. തണുപ്പ് കുറേശ്ശയായി കൂടിതുടങ്ങിയിരിക്കുന്നു. പിന്നീട് അതിനടുത്തുള്ള ഗുരു പത്മസംഭവന്റെ മൊണാസ്ട്രിയില്‍ ഇറങ്ങി. ഗുരുവിന്റെ അതികായ പ്രതിമയുടെ രൂപത്തിലുള്ള ഈ മൊണാസ്ട്രിക്കുള്ളില്‍ ലാമമാര്‍ താമസിക്കുന്നു. ഇതിനു ചുറ്റും മനോഹരമായ ഉദ്യാനമാണ്.
വൈകുന്നേരം ഞങ്ങള്‍ രാവങ്കളയിലെത്തി. മൗണ്ട് നര്‍സിങ് എന്ന കോട്ടേജിലാണ് താമസിച്ചത്. സിക്കിമിന്റെ ഗ്രാമഭംഗി ഞങ്ങളിവിടെ കണ്ടു. കോട്ടേജിന്റെ ചുറ്റും കടുത്ത നിറമുള്ള പൂക്കളും പച്ചപുല്‍ത്തകിടികളും മനസിന് കുളിര്‍മയേകുന്നതാണ്. കോട്ടേജിനു മുമ്പില്‍ ഒരു കുതിരയും. പശ്ചാത്തലത്തില്‍ കാഞ്ചന്‍ജംഗയുടെ പര്‍വ്വതഭംഗിയും. ഒരു പഴയകാല ഇംഗ്ലീഷ് സിനിമയിലെ ഗ്രാമീണ ഭംഗി ഓര്‍മ്മ വരുന്നു.
പിറ്റേന്ന് തിരിച്ചു വരുമ്പോള്‍ കനത്ത് മൂടല്‍ മഞ്ഞ് കാരണം ഹെയര്‍പിന്‍ വളവുകള്‍ കാണുന്നില്ല. ഡ്രൈവര്‍ ജാഗ്രതയോടെയാണ് വണ്ടിയോടിക്കുന്നത്. മനസില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ വീരകഥകള്‍ വീണ്ടും തെളിഞ്ഞു വന്നു. മരിച്ചിട്ടും മരിക്കാത്ത ദേശ ഭക്തിയോടെ ഇന്നും പട്ടാള സേവനം നടത്തുന്ന ആ മനുഷ്യന്റെ ആത്മാവ് നാഥുലയിലെത്തുന്നവരേയും കാക്കുന്നു. പിന്നെന്തിന് അപകട ഭീതി. മൂടല്‍മഞ്ഞില്‍ മുങ്ങി താഴ്‌വരയിലേക്ക ഊളിയിട്ടുകൊണ്ടിരിക്കുന്ന വാഹനത്തില്‍ എല്ലാം ഹര്‍ഭജന്‍ സിങ്ങിനെ ഏല്‍പ്പിച്ച ഞങ്ങള്‍ ഉറക്കത്തിലേക്ക്....
More Photos
Text and Photos: K.P.Bindhu
