
സാമൂതിരി രാജവംശത്തിലെ പോരാളി
Posted on: 31 Jul 2014
അഡ്വ. ടി.ബി. സെലുരാജ്

നൂറ്റാണ്ടുകളോളം കോഴിക്കോടെന്ന ചെറുരാജ്യത്തെ ഭരിച്ച ഒരു രാജവംശം, മതനിരപേക്ഷത നെഞ്ചോടു ചേര്‍ത്ത ഒരു രാജവംശം, അതായിരുന്നു സാമൂതിരി രാജവംശം. മതമോ ജാതിയോ നോക്കാതെ കടല്‍ കടന്നെത്തിയ ഏതൊരു ശക്തിക്കും ഇക്കൂട്ടര്‍ സ്വാഗതമരുളി. യവനന്മാര്‍, ചീനക്കാര്‍, അറബികള്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍... ഇങ്ങനെ പോകുന്നു സാമൂതിരിയുടെ ആതിഥേയത്വം സ്വീകരിച്ച ശക്തികള്‍. കോഴിക്കോട്ട് ഇന്ന് നിലവിലുള്ള ദേവമാതാ കത്തീഡ്രലിന് സ്ഥലംകൊടുത്തത് സാമൂതിരിയാണ്. കൊച്ചിയില്‍നിന്ന് കുടിയേറിയ മുഹമ്മദിനും കുടുംബത്തിനും 'മരയ്ക്കാര്‍' എന്ന പട്ടം കൊടുത്ത് തന്റെ നാവികസേനയുടെ നേതൃത്വം ഏല്‍പ്പിച്ചുകൊടുത്തതും സാമൂതിരിതന്നെ.
കുഞ്ഞാലിമരയ്ക്കാര്‍ക്ക് നാം അര്‍ഹിക്കുന്ന ബഹുമതികള്‍ കൊടുത്തു, കേന്ദ്ര ഗവണ്‍മെന്റിന്റെ നേവല്‍ ട്രെയിനിങ് കപ്പലിന് ഐ.എന്‍.എസ്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന പേര്‍ കൊടുത്തു. തീര്‍ന്നില്ല, വടകരയില്‍ കുഞ്ഞാലി മരയ്ക്കാര്‍ക്ക് സ്മാരകം പണിതുയര്‍ത്തി. എന്തുകൊണ്ട് സാമൂതിരി രാജവംശത്തിനായി ഒരു സ്മാരകമുണ്ടായില്ലെന്നു ചോദിച്ചാല്‍ ഉത്തരമില്ല. 'കരയുന്ന കുട്ടിക്കേ പാലുള്ളൂ' എന്നതാണല്ലോ നമ്മുടെ ഭരണവര്‍ഗത്തിന്റെ മുദ്രാവാക്യം. കോഴിക്കോട്ടുള്ളൊരു പ്രധാന റോഡിനോ ഒരു പബ്ലിക് കെട്ടിടത്തിനോ ഒരു ഹാളിനോ സാമൂതിരിയുടെ പേര്‍ വളരെ മുമ്പുതന്നെ സര്‍ക്കാറിന് നല്‍കാമായിരുന്നു. ഇത്രയും എഴുതുവാന്‍ കാരണമുണ്ട്. മുന്നിലിരിക്കുന്ന രേഖകള്‍ അഞ്ചാം സ്ഥാനിയായ സാമൂതിരി രാജവംശത്തിലെ രാജാവിന്റെ ബ്രിട്ടീഷ് ഭരണത്തിനുനേരേയുള്ള പടനീക്കത്തിന്റെ കഥ പറയുന്നു. 'എത്രയെത്ര അറിയപ്പെടാത്തവര്‍' എന്ന യശ്പാലിന്റെ വിഖ്യാത നോവലിന്റെ പേരാണ് മനസ്സിലേക്കോടിയെത്തിയത്. നമുക്കിനി അറിയപ്പെടാതെ പോയ ആ രാജാവിന്റെ കഥയിലേക്ക് ഒന്നെത്തിനോക്കാം.
മലബാര്‍ കളക്ടറായിരുന്ന തോമസ് വാര്‍ഡന്‍ 1805 ഒക്ടോബര്‍ മാസം 10-ന് ഗവണ്‍മെന്റ് സെക്രട്ടറി, ജുഡീഷ്യല്‍ ഡിപ്പാര്‍ട്ടുമെന്റിനയച്ച ഒരെഴുത്തിലൂടെ കടന്നുപോകാം. ''മാന്യരെ, കഴിഞ്ഞ മെയ് മാസം പഴശ്ശിരാജയുടെ രണ്ട് അനന്തിരവന്മാര്‍ വയനാട്ടില്‍നിന്ന് താഴെ ഭാഗത്തേക്കിറങ്ങിയെന്ന രഹസ്യവിവരം ഞാന്‍ ബോര്‍ഡ് ഓഫ് റവന്യൂവിനെ എഴുതി അറിയിച്ചിരുന്നു. അവര്‍ കുറേയേറെ അനുയായികളോടുകൂടി സതേണ്‍ ഡിവിഷണിലെ വനങ്ങളാല്‍ നിബിഡമായ മലകളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ നിന്ന് പതിനാല് മൈല്‍ മാറിയുള്ള വനമധ്യത്തിലുള്ള സ്ഥലമാണ് കള്ളിടിക്കോട്ട.
ആയുധങ്ങളെല്ലാം കള്ളിടിക്കോട്ടയില്‍ നിക്ഷേപിച്ച് അനുചരന്മാരെ പറഞ്ഞയച്ചതിനുശേഷം യുവാക്കളായ ഈ രാജാക്കന്മാര്‍ കൊച്ചി രാജ്യത്ത് സ്ഥിരതാമസമുള്ള ഒരു നമ്പൂതിരിയുടെ വീട്ടില്‍ അഭയംപ്രാപിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ ഈ രഹസ്യവിവരം വയനാട് സബ്കളക്ടറെ അറിയിച്ചിരിക്കുന്നു. അദ്ദേഹത്തോട് കൂടുതല്‍ വിവരങ്ങള്‍ തിരക്കുവാനും കള്ളിടിക്കോട്ടയില്‍ ഒരു പരിശോധന നടത്തുവാനും ആവശ്യപ്പെട്ടിരുന്നു. ഈ കോട്ട സാമൂതിരി രാജവംശത്തിലെ അഞ്ചാം സ്ഥാനിയായ രാജാവിന്റെ പടിഞ്ഞാറെ കോവിലകത്തിന്റേതാണ്. ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത് കള്ളിടിക്കോട്ടയിലാണ്.
രണ്ടു ദിവസം മുമ്പ് സബ്കളക്ടര്‍ കള്ളിടിക്കോട്ട പരിശോധന നടത്തുകയും ഒട്ടേറെ ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഈ പരിശോധനയുടെ സൂക്ഷ്മമായൊരു റിപ്പോര്‍ട്ട് സബ് കളക്ടറായ ഡ്രമ്മണ്ട് എനിക്കയച്ചുതരികയും ചെയ്തിരിക്കുന്നു. അഞ്ചാം രാജയ്ക്ക് ബ്രിട്ടിഷ് ഭരണകൂടത്തിനോടുള്ള എതിര്‍പ്പ് എനിക്ക് വ്യക്തമായും അറിയാം. ടിപ്പുവിന്റെ പതനത്തിനുശേഷം കോഴിക്കോടിന്റെ ഭരണം നമ്മുടെ കൈയില്‍ വന്നപ്പോള്‍ത്തന്നെ നമുക്കെതിരെ അദ്ദേഹം പടയൊരുക്കം നടത്തിയിരുന്നു. അതിനാല്‍ ശക്തമായിത്തന്നെ ഇദ്ദേഹത്തെ നാം നേരിടേണ്ടതായുണ്ട്.
എന്നാല്‍ മാത്രമേ, മലബാറിലെ മറ്റു രാജാക്കന്മാര്‍ക്കും ഇതൊരു പാഠമാവുകയുള്ളൂ. മലബാറില്‍ നമ്മുടെ നയങ്ങള്‍ സമാധാനപരമായി നടത്തിക്കിട്ടണമെങ്കില്‍ ഈ മനുഷ്യനെ നിലയ്ക്കു നിര്‍ത്തേണ്ടതായുണ്ട്. ഇത്തരം അപസ്വരങ്ങളെ തുടക്കത്തില്‍ത്തന്നെ നാം നുള്ളേണ്ടതായുണ്ട്. ബഹുമാനപ്പെട്ട കമ്പനി സര്‍ക്കാര്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തെക്കുറിച്ച് എനിക്ക് പൂര്‍ണമായ ബോധ്യമുണ്ട്. അതിനാല്‍ പടിഞ്ഞാറെ കോവിലകത്തെ സാമൂതിരി രാജാവിനെ - അഞ്ചാം സ്ഥാനിയെ - ദിണ്ടിഗലിലുള്ള നമ്മുടെ ജയിലിലേക്ക് മാറ്റുകയാണ്. ഇന്നലെ രാത്രിയാണ് കള്ളിടിക്കോട്ടയില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളോടൊപ്പം അഞ്ചാം രാജാവിനെ ബന്ധനസ്ഥനാക്കി എന്റെ മുന്നിലെത്തിച്ചിട്ടുള്ളത്. നാളെ അതിരാവിലെ ദിണ്ടിഗലിലേക്ക് അദ്ദേഹത്തെ കൊണ്ടുപോകും. കുറച്ച് ചെറുപ്പക്കാരുടെ (റിബലുകളുടെ) മാനസികാവസ്ഥ മനസ്സിലാക്കിയതിനാലാണ് താനവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയതെന്നും അത് തന്റെ കടമയാണെന്നും ചോദ്യംചെയ്ത അവസരത്തില്‍ അദ്ദേഹമെന്നോട് പറഞ്ഞു.
ദക്ഷിണ ഡിവിഷണിലെ സബ് കളക്ടറോട് കള്ളിടിക്കോട്ട ഇടിച്ച് നിരപ്പാക്കുവാന്‍ ഞാന്‍ കല്പന കൊടുത്തു കഴിഞ്ഞു. ഒരു ഘോരവനത്തിലാണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. നിയമം തെറ്റിച്ച് നടക്കുന്നവര്‍ക്കും കലാപകാരികള്‍ക്കും അടുത്തകാലങ്ങളിലായി ഈ കോട്ട ഒരഭയകേന്ദ്രമായി മാറിയിട്ടുണ്ടെന്നതാണ് വാസ്തവം. ടിപ്പുവിനെ നാം തോല്പിച്ചയുടനെതന്നെ ഈ അഞ്ചാം രാജ ബഹുമാനപ്പെട്ട കമ്പനിക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നതോര്‍ക്കുമല്ലോ. നാം പിന്നീടയാള്‍ക്ക് മാപ്പുകൊടക്കുകയും 5,500/- ഉറുപ്പിക മാലിഖാനയായി കൊടുത്തുവന്നിരുന്നതുമാണ്. അദ്ദേഹത്തിനു മാത്രമല്ല, അദ്ദേഹത്തിന്റെ ഇളയ സഹോദരനും നാം ഈ തോതില്‍ മാലിഖാന കൊടുക്കുന്നുണ്ട്.
അതിനാല്‍ അഞ്ചാം രാജ ചെയ്തത് തീര്‍ത്തും നന്ദികേടായ പ്രവൃത്തിയാണ്. അദ്ദേഹം മാപ്പര്‍ഹിക്കുന്നില്ല. അദ്ദേഹത്തിന്റെ സ്വന്തമായ ചില ഭൂമികളും പിടിച്ചെടുക്കുവാന്‍ നാം കല്പനയായിട്ടുണ്ട്. ഭാവിയില്‍ അഞ്ചാം സ്ഥാനമെന്ന രാജകീയ പദവിയെ നാം അംഗീകരിക്കേണ്ടതില്ല. അതിനാല്‍ എത്രയും പെട്ടെന്ന് കള്ളിടിക്കോട്ട രാജ എന്ന പേരുള്ള അഞ്ചാം സ്ഥാനിയായ സാമൂതിരി രാജാവിനെതിരെ ഞാനെടുത്ത നടപടികള്‍ക്ക് എത്രയും പെട്ടെന്ന് അംഗീകാരം തരിക. ഇതിനോടൊപ്പം സബ് കളക്ടര്‍ ഡ്രമ്മണ്ട് അയച്ച പരിശോധനാ റിപ്പോര്‍ട്ടും അയയ്ക്കുന്നു.''
ഇനി നമുക്ക് കള്ളിടിക്കോട്ട പരിശോധന നടത്തിയ സബ് കളക്ടര്‍ ഡ്രമ്മണ്ടിന്റെ പരിശോധനാ റിപ്പോര്‍ട്ട് കാണാം: ''സര്‍, കൊട്ടിയോട്ട് രാജാവായ പഴശ്ശിയുടെ രണ്ട് അനന്തിരവന്മാര്‍ കുറച്ച് സൈനികരുമായി കള്ളിടിക്കോട്ടയിലെത്തിയിരിക്കുന്നു എന്ന താങ്കളുടെ രഹസ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ഈ കോട്ടയെക്കുറിച്ച് അന്വേഷണം നടത്തിയതിനുശേഷം എന്റെ കമ്പനിയിലെ ശിരസ്തദാരെ, കുറച്ച് ശിപായികളോടൊപ്പം കോട്ടയിലേക്ക് പറഞ്ഞയച്ചു.
അഞ്ചാം രാജയ്ക്ക് ഞാന്‍ പരിശോധന നടത്തുവാനുള്ള കാരണങ്ങള്‍ കാണിച്ചുകൊണ്ടുള്ള ഒരു നോട്ടീസും കൈമാറുകയുണ്ടായി. കൊട്ടാരവും അതിനോടനുബന്ധിച്ചുള്ള മറ്റ് കെട്ടിടങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 35 തോക്കുകള്‍, 19 വാളുകള്‍, 8 നായന്മാരുടെ കത്തികള്‍, 18 അമ്പുകള്‍ എന്നിവ കണ്ടെടുക്കുവാന്‍ കഴിഞ്ഞു. ആയുധങ്ങളോടൊപ്പം അഞ്ചാം രാജയെ ബന്ധനസ്ഥനാക്കി. ചില ആയുധങ്ങള്‍ രാജാവിന്റെ കാര്യസ്ഥന്റെ വീട്ടില്‍നിന്നാണ് കണ്ടെടുത്തത്.
കോട്ടയോടു ചേര്‍ന്നുതന്നെയാണ് കാര്യസ്ഥന്റെ വീടും. താത്കാലികമായി ഞാന്‍ അഞ്ചാം രാജയെ താമസിപ്പിച്ചിട്ടുള്ളത് ഇവിടെയുള്ള ചെറിയൊരു ജയിലിലാണ്. എന്താണ് ഇനി ഞാന്‍ ചെയ്യേണ്ടത് എന്ന് എത്രയും പെട്ടെന്ന് അറിയിക്കുക.'' 09-10-1805-നാണ് ഡ്രമ്മണ്ട് മലബാര്‍ കളക്ടര്‍ക്ക് ഈ കത്ത് എഴുതിയതായി കാണുന്നത്. അതേ ദിവസംതന്നെ മലബാര്‍ കളക്ടര്‍ ദിണ്ടിഗലിലെ ജഡ്ജ് ആന്‍ഡ് മജിസ്ട്രേട്ടിന് ഇങ്ങനെയൊരു കത്തെഴുതിയതായി കാണുന്നു. ''കള്ളിടിക്കോട്ട രാജാവെന്ന പേരിലറിയപ്പെടുന്ന സാമൂതിരി രാജവംശത്തിലെ അഞ്ചാം സ്ഥാനിയായ രാജാവിനെ മതിയായ ബന്ധവസ്സോടുകൂടി ഇന്ന് എന്റെ മുന്നില്‍ ഹാജരാക്കിയിരിക്കുന്നു. ഞാന്‍ ഈ മനുഷ്യനെ കമ്പനി എന്നിലേല്പിച്ച അധികാരത്തിന്റെ പിന്തുണയില്‍ ദിണ്ടിഗലിലേക്കയയ്ക്കുന്നു. ഇദ്ദേഹത്തെ ഇനിയൊരറിയിപ്പുവരെ ദിണ്ടിഗലിലെ നമ്മുടെ ജയിലില്‍ തടവിലിടുക.''
ദിണ്ടിഗലിലെ തടവില്‍ കിടന്നുകൊണ്ടുതന്നെ അദ്ദേഹം മൃത്യു വരിച്ചു. എത്രയെത്ര അറിയപ്പെടാത്തവര്‍ എന്നു മാത്രമേ പറയുവാനുള്ളൂ. മതനിരപേക്ഷത നെഞ്ചോടു ചേര്‍ത്ത ഈ രാജവംശത്തിനുവേണ്ടി എന്നാണ് ഉചിതമായൊരു സ്മാരകം കോഴിക്കോട്ടുയരുക. നമുക്ക് കാത്തിരിക്കാം...
seluraj@yahoo.com
