NagaraPazhama

ഇംഗ്ലണ്ടോളം എത്തിയ വിദ്യാഭ്യാസ പ്രതിഷേധം; കോട്ടും സൂട്ടും ഉപേക്ഷിച്ച് അധ്യാപകന്‍

Posted on: 15 Jul 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



അന്ന് വിദ്യാഭ്യാസം കച്ചവടമായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചിരുന്നില്ല.
പ്രാഗത്ഭ്യം തെളിയിച്ചവരായിരുന്നു അധ്യാപകര്‍.
നിയമനത്തിനും കുട്ടികളുടെ പ്രവേശനത്തിനും കോഴ ഏര്‍പ്പാട് ഉണ്ടായിരുന്നില്ല. ഇവിടത്തെ അധ്യാപകര്‍ക്ക് കേംബ്രിഡ്ജിലും ഓക്‌സ്‌ഫോര്‍ഡിലും അംഗീകാരം ഉണ്ടായിരുന്നു. അവരില്‍ പലരും നിയമരംഗത്തും ആരോഗ്യരംഗത്തും ഉദ്യോഗതലത്തിലും അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചവരായിരുന്നു.

ലോകത്തെ ആദ്യത്തെ വനിതാ സര്‍ജന്‍ ജനറല്‍ ഡോ. മേരി പുന്നന്‍ ലൂക്കോസ്, ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജി അന്നാചാണ്ടി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പോലും പ്രശംസ പിടിച്ചുപറ്റിയതും ഐ.എ.എസ്. ഒന്നാംറാങ്ക് നേടിയതുമായ വെങ്കിട്ടരമണന്‍, വിദേശകാര്യ സെക്രട്ടറിയായിരുന്ന എന്‍.ആര്‍. പിള്ള, രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന്‍, ഹരിതവിപ്ലവത്തിന്റെ ഉപജ്ഞാതാവ് ഡോ. എം.എസ്. സ്വാമിനാഥന്‍, അറ്റോമിക് എനര്‍ജി കമ്മീഷന്റെ മുന്‍ ചെയര്‍മാന്‍ ഡോ. പി.കെ. അയ്യര്‍ തുടങ്ങിയ എത്രയോപേര്‍ ഇന്നത്തെ കേരള സര്‍വകലാശാലയുടെ മുന്‍ഗാമിയായ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ സംഭാവനകളാണ്.
ഒരുകാലത്ത് ബറോഡയും തിരുവിതാംകൂറുമായിരുന്നു ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ വിദ്യാഭ്യാസരംഗത്ത് മുന്‍നിരയില്‍ നിന്നിരുന്നത്. തിരുവിതാംകൂറിലെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് തുടക്കംകുറിച്ചത് ക്രിസ്ത്യന്‍ മിഷനറിമാരും ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരുടെ സഹായം ഉണ്ടായിരുന്ന മഹാരാജാക്കന്മാരുമായിരുന്നു.

മിഷനറിമാരില്‍ ആദ്യത്തേത് എല്‍.എം.എസ് കാരനായ റിംഗിള്‍ ടാബ് ആയിരുന്നു. അദ്ദേഹത്തെ പിന്തുടര്‍ന്ന് റവ. മീഡ്, റോബര്‍ട്ട്, സി.എം.എസിലെ േനാര്‍ട്ടിന്‍, ബഞ്ചമിന്‍ ബെയ്‌ലി തുടങ്ങി എത്രപേര്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചു.
ഇവിടെ ഒരു ചോദ്യം സ്വാഭാവികമാണ്. ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരിച്ച മലബാര്‍ എന്തുകൊണ്ട് വിദ്യാഭ്യാസത്തില്‍ പിന്നാക്കംപോയി? അവിടെയും ക്രിസ്ത്യന്‍ മിഷണറിമാര്‍ ഉണ്ടായിരുന്നുവല്ലോ? ഇവിടെയാണ് യശഃശരീരനും പ്രശസ്ത മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായ പി. ഗോവിന്ദപിള്ളയുടെ ഒരു സിദ്ധാന്തത്തിന്റെ പ്രാധാന്യം.
അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തിരുവിതാംകൂറിന്റെ സൃഷ്ടാവ് അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (17291758) െകാണ്ടുവന്ന ഭൂനയമാണ് വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണാക്കി ഇവിടം മാറ്റിയത്.
പ്രഭുക്കന്മാരിലും മാടമ്പിമാരിലും നിലനിന്നിരുന്ന ഭൂമി മാര്‍ത്താണ്ഡവര്‍മ്മ സര്‍ക്കാരിലേക്ക് പിടിച്ചെടുത്തു.
കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും പലര്‍ക്കും അദ്ദേഹം അത് നല്‍കി. ഇതുകാരണം വളരെയധികം ആളുകള്‍ പില്‍ക്കാലത്ത് ഭൂഉടമകളായി.
ഈ ഭൂമിയില്‍ അധ്വാനിച്ചും പിന്നീട് എഴുതിവിറ്റും പഠിക്കാന്‍ ധാരാളം പേര്‍ക്ക് അവസരം ലഭിച്ചു.
റാണി ഗൗരി പാര്‍വതിഭായി (18151829) മുതല്‍ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് (19311949) വരെയുള്ള ഭരണാധികാരികളും സര്‍. ടി. മാധവറാവു (18521872) മുതല്‍ സര്‍. സി.പി. രാമസ്വാമിഅയ്യര്‍ (19361947) വരെയുള്ള ദിവാന്മാരും വിദ്യാഭ്യാസ രംഗത്ത് നടത്തിയിട്ടുള്ള സേവനങ്ങള്‍ എത്ര യാണെന്ന് അറിയാന്‍ താത്പര്യമുള്ളവര്‍ പഴയ ട്രാവന്‍കൂര്‍ അഡ്മിനിസ്‌ട്രേഷന്‍ റിപ്പോര്‍ട്ടും ഗവണ്മെന്റ് ഗസറ്റുകളും വിദ്യാഭ്യാസ പരിഷ്‌കരണ റിപ്പോര്‍ട്ടുകളും പുരാരേഖവകുപ്പിലുണ്ട്. അവ പരിശോധിച്ചാല്‍ മതി.
രണ്ടുതരവും മൂന്നുതരവും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഒരുകാലത്ത് തിരുവിതാംകൂറിലില്ലായിരുന്നു. പണം ഉള്ളവര്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നു. കോടികള്‍ മുടക്കി സര്‍ക്കാര്‍ നടത്തുന്നതും സര്‍ക്കാര്‍ ശമ്പളം നല്‍കുന്നതുമായ സ്‌കൂളുകള്‍ നോക്കുകുത്തികളായി മാറിയിരിക്കുന്നു.

ഗുണമേന്മയുള്ള സ്വകാര്യസ്‌കൂളുകളില്‍ പ്രവേശനംകിട്ടാന്‍ വന്‍തുക കോഴ കൊടുത്ത് കുട്ടികളുമായി രക്ഷാകര്‍ത്താക്കള്‍ പരക്കം പായുന്നു.
സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റുന്ന അധ്യാപകര്‍പോലും തങ്ങളുടെ കുട്ടികളെ വിടുന്നത് സ്വകാര്യ സ്‌കൂളുകളിലേക്കാണ്. പലതരം സിലബസുകള്‍, പലതരം പഠനരീതി, യോഗ്യതയില്ലെങ്കിലും ലക്ഷങ്ങള്‍ കൊടുത്ത് നിയമനം നേടുന്ന അധ്യാപകര്‍. ഇതെല്ലം ഈ രംഗത്തെ ശാപമായി മാറിയിരിക്കുന്നു.
തിരുവിതാംകൂറിലെ വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കാനും ഈ രംഗത്ത് ഒരു ഏകീകരണം നടത്താനും ദിവാന്‍ സര്‍ വി.പി. കൊണ്ടുവന്ന പരിഷ്‌കാരം ഒരിക്കല്‍ ഇംഗ്ലണ്ടില്‍പോലും ഒച്ചപ്പാട് സൃഷ്ടിച്ചു. ലോകത്തിന്റെ പലഭാഗത്തും ഇതിനോടനുബന്ധിച്ച് പ്രതിഷേധം ഉണ്ടായി.
ഒടുവില്‍ ഗവര്‍ണര്‍ ജനറല്‍പോലും ഇടപെട്ടാണ് പ്രശ്‌നം തീര്‍ത്തത്.
അധ്യാപകരുടെ പദവി, ശമ്പളം, ഏകീകൃത സിലബസ് തുടങ്ങിയ കാര്യങ്ങളെപ്പറ്റി പഠിക്കാന്‍ നിയോഗിച്ചിരുന്ന ഡോ. പാവര്‍ത്ത് ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്മേലാണ് പ്രതിഷേധം ഉയര്‍ന്നത്. 1945ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇതുപ്രകാരം െ്രെപമറി വിദ്യാഭ്യാസ മേഖലയെ ഏകീകരിക്കാനും അധ്യാപക ശമ്പളം സര്‍ക്കാര്‍ നല്‍കാനും തീരുമാനിച്ചു. സിലബസ്, കെട്ടിടം, കളിസ്ഥലം എന്നിവയ്ക്ക് സര്‍ക്കാര്‍ ഏകീകരണം ഉണ്ടായി.
എന്നാല്‍, സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്തതും സ്വകാര്യ ഏജന്‍സികള്‍ നടത്തുന്നതുമായ സ്‌കൂളുകള്‍ സ്വന്തമായി സ്‌കൂള്‍ നടത്താമെന്നും പൊതുനിലവാരം കാത്തുസൂക്ഷിക്കാനും കളിസ്ഥലം, കെട്ടിടനിര്‍മാണം, സിലബസ് എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ സ്‌കൂളുകള്‍ പിടിച്ചെടുക്കാനുള്ള തന്ത്രമാണെന്ന് തെറ്റിദ്ധരിച്ച് കത്തോലിക്കാസഭ പ്രതിഷേധവുമായി രംഗത്ത് എത്തി.
അതേസമയം സി.എസ്.ഐ, എല്‍.എം.എസ്. തുടങ്ങിയ സംഘടനകള്‍ ഇത് അംഗീകരിച്ചു.
കത്തോലിക്കസഭയുടെ പ്രതിഷേധം ശക്തമായി. അവര്‍ ഇന്ത്യാ സര്‍ക്കാരിനും ബ്രിട്ടീഷ് സര്‍ക്കാരിനും ലോകത്തെമ്പാടുമുള്ള െ്രെകസ്തവ സഭയ്ക്കും കത്തെഴുതി. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചങ്ങനാശ്ശേരി ബിഷപ്പ് മാര്‍ ജെയിംസ് കാളശ്ശേരി ഇടയലേഖനം പുറപ്പെടുവിച്ചു. അത് പള്ളിയില്‍ വായിച്ചതോടെ പ്രശ്‌നം ആളിക്കത്തി. ഇതിനിടയില്‍ ഇംഗ്ലണ്ടിലെ നിര്‍ദേശപ്രകാരം ഗവര്‍ണര്‍ ജനറല്‍ തിരുവിതാംകൂറിനോട് പ്രശ്‌നം തിരക്കി.

ഇംഗ്ലണ്ടില്‍ നടപ്പാക്കിയ പദ്ധതിയുടെ ചുവടുപിടിച്ചാണ് തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്‌കാരമെന്ന് സി.പി. മറുപടി നല്‍കി. ചങ്ങനാശ്ശേരി ബിഷപ്പിന്റെ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുമെന്ന് കാണിച്ച് സര്‍ക്കാര്‍ നോട്ടീസ് അയച്ചു.
ഒടുവില്‍ ഇന്ത്യാ സര്‍ക്കാരും റസിഡന്റും ഇടപെട്ട് പ്രശ്‌നം ശാന്തമാക്കി. അങ്ങനെ 'തിരുവിതാംകൂര്‍ െ്രെപമറി എഡ്യുക്കേഷന്‍ ആക്ട് 1946' നിയമസഭ പാസ്സാക്കി.
തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്‌കരണ നടപടികളെ പിന്താങ്ങി കൊല്ലത്തെ ഒരു കത്തോലിക്ക സ്‌കൂളിലെ അധ്യാപകന്‍ പത്രത്തില്‍ േലഖനം എഴുതി. അതോടെ അദ്ദേഹത്തെ പള്ളിയില്‍നിന്നും പുറത്താക്കി. ഖദര്‍വസ്ത്രങ്ങളും ഗാന്ധി തൊപ്പിയും ധരിച്ചിരുന്ന ആ അധ്യാപകനെ തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലാക്കി സ്ഥലംമാറ്റി. അവിടത്തെ വേഷം പാന്റും സൂട്ടും കോട്ടും ടൈയും തൊപ്പിയുമായിരുന്നു. കാര്യം മനസ്സിലാക്കിയ അഭിമാനിയായ അധ്യാപകന്‍ ജോലി രാജിവെച്ചു. ആ അധ്യാപകന്‍ മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. േബബിയുടെ പിതാവ് പി.എം. അലക്‌സാണ്ടറായിരുന്നു.



MathrubhumiMatrimonial