
മലേഷ്യന്‍ മാജിക്ക്
Posted on: 13 Jul 2009
ലബീദ് അരീക്കോട്

ഒരു ടൂര്‍ പേക്കേജില്‍ സിങ്കപ്പൂര്‍ -മലേഷ്യ-കൊളംമ്പോ എന്നിവിടങ്ങളിലേക്ക് ഒമ്പതു ദിവസത്തെ യാത്രക്ക് പോയതാണ് ഞങ്ങള്‍. എനിക്ക് പുറമെ കോഴിക്കോട്, കണ്ണൂര്‍, വടകര, അരീക്കോട്, കൊടുവള്ളി എന്നിവിടങ്ങളിലെ ബിസിനസുകാരും അധ്യാപകരും റിട്ടയേര്‍ഡ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന 62 അംഗങ്ങളും ഗൈഡായി ആലപ്പുഴ സ്വദേശിയായ ജോണുമടങ്ങിയതാണ് യാത്രാസംഘം.
ന്യൂമെക്‌സിക്കോവിനേക്കാള്‍ ഒരല്‍പ്പം വലുപ്പക്കൂടുതലേ മലേഷ്യക്കുള്ളൂ. അതായത് മലേഷ്യയുടെ രണ്ട് ഭാഗങ്ങളും കൂടി ചേര്‍ന്നാല്‍ കേവലം 329,750 ചതുരശ്ര കിലേമീറ്റര്‍ മാത്രം. സബഹും സരാവക്കും ചേര്‍ന്ന് ഈസ്റ്റ്മലേഷ്യയും പിന്നെ പെനിന്‍സുലാര്‍ മലേഷ്യ എന്ന് വിളിക്കുന്ന വെസ്റ്റ്മലേഷ്യയുമാണ് രണ്ട് ഭാഗങ്ങള്‍. ചൈനാ സമുദ്രത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറുരാജ്യം. ഈ രാജ്യത്തിന് രണ്ട് കാലാവസ്ഥകളാണ്. ഈര്‍പ്പമുള്ളതും അതിയായ ഈര്‍പ്പമുള്ളതും.

അവിടെ ഞങ്ങള്‍ക്ക് ചൈനീസ്, യൂറോപ്പ്യന്‍, നോര്‍ത്തിന്ത്യന്‍ ഭക്ഷണങ്ങള്‍ ഒരുക്കി നിലമ്പൂര്‍ സ്വദേശികളായ അഹമ്മദും കൂട്ടരും കാത്തുനില്‍പ്പുണ്ടായിരുന്നു. നേരം വൈകിയതിനാല്‍ ഹോട്ടലില്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൈനീസ്, യൂറോപ്പ്യന്‍, ഉത്തരന്ത്യന്‍ വിഭവ സമൃദ്ധമായ ഭക്ഷണം ഇവിടുന്ന് മാത്രമേ ലഭിക്കൂ. അതിനാല്‍ ആദ്യം ചൈനീസ് പരീക്ഷിച്ചു. പിന്നെ യൂറോപ്പ്യന്‍, പിന്നെ ഉത്തരേന്ത്യന്‍. ഇതിന്റയൊക്കെ അവസാനത്തില്‍ പച്ചക്കറിയും ഫ്രൂട്ട്‌സും പായസവും ലസിയും.

കോലാലംമ്പൂര്‍ ആദ്യം ചൈനക്കാരുടെ ടിന്‍ഖനിയായിരുന്നു. ഗോംബാക്ക് നദിയും കെലാങ്ങ് നദിയും ഒന്നുചേരുന്ന നക്കല്‍ പ്രദേശത്തായിരുന്നു ആദ്യം ഈ നഗരം. അതുകൊണ്ടാണെത്രെ കോലാലംമ്പൂര്‍ എന്ന പേരു വന്നത്. കുല എന്നാല്‍ വളക്കൂറുള്ളത് . ലംപൂര്‍ എന്നാല്‍ കളിമണ്‍പ്രദേശം. ഇന്നവിടെ വലിയ ഷോപ്പിംങ്ങ് സമുച്ചയങ്ങളും വന്‍ ഹോട്ടലുകളും റേഡിയോ ടാക്‌സികളും, ഓംനി ബസ്സുകളുമായി തിരക്കിന്റെ ലോകമായി മാറിയിരിക്കുന്നു. ലോഹഖനികളാണ് മലേഷ്യക്ക് വിദേശപ്പണം കൊണ്ടുവന്നു കൊടുക്കുന്നത്. മലേഷ്യയുടെ പഴയ പേര് സ്വര്‍ണ്ണഖനി എന്നര്‍ത്ഥം വരുന്ന ഓറിയാ ചെര്‍സോനീസസ് എന്നായിരുന്നുവെത്രെ. പെട്രോള്‍ റിഫൈനിംങ്ങ്, കാര്‍ അസംബ്ലിംങ്ങ് തുടങ്ങിയ ജോലികളില്‍പ്പെട്ടവരാണിവിടെയധികമാളുകളും. എന്നാല്‍ തൊട്ടടുത്ത രാജ്യത്തുള്ളതിനേക്കാള്‍ ഇരട്ടി വിലകൊടുക്കണം മലേഷ്യക്കാര്‍ക്ക് പെട്രോളിന്. ഇത് അനധികൃതമായി പെട്രോള്‍ അയല്‍ നാടുകളിലേക്ക് കടത്തുന്നത് തടയാനാണത്രെ. സിവില്‍സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരാണത്രെ അവിടുത്തെ മിക്ക ചെറുപ്പക്കാരും.

കുചിന്‍ സിറ്റിയില്‍ പ്രവേശിക്കുമ്പോള്‍ പ്രഭാതം പൊട്ടിവിരിയുന്നതേയുള്ളൂ. നാടിന്റെ പരമ്പരാഗത വസ്ത്രങ്ങളും ജിവിക്കുന്ന മ്യൂസിയങ്ങളായ മനുഷ്യരും കലയുടെയും കരകൗശലത്തിന്റെയും ചാരുതയും സരാവക്ക് വില്ലേജിന്റെ പ്രത്യേകതകളാണ്. കുചിങ്ങ് എന്നാല്‍ പൂച്ച എന്നാണ് മലയ ഭാഷയില്‍ അര്‍ത്ഥം. പ്രധാന ബസാറില്‍ കരവേല ചെയ്ത വിരിപ്പുകളും ചൈനീസ്പാത്രങ്ങളും വസ്ത്രങ്ങളും എത്രയധികം. എന്നാല്‍ പൊള്ളുന്ന വിലക്കേട്ട് അധികമാരും ഒന്നും വാങ്ങിയതുമില്ല. എന്നാല്‍ റഹ്മത്ത് മാസ്റ്റര്‍ സന്ദര്‍ശിച്ച തെളിവിനു വേണ്ടി ഇവിടേനിന്ന് ചില പാത്രങ്ങള്‍ സ്വന്തമാക്കുകയുണ്ടായി. ഭാര്യയുടെ നിര്‍ബന്ധം കൊണ്ട് ഷോക്കേസില്‍ വെക്കാനുള്ളതാണെന്നായിരുന്നു വിശദീകരണം. എന്നാല്‍ ലഗേജുകളുടെ കൂട്ടത്തില്‍പ്പെട്ടിട്ടും ഉടയാതെ നാട്ടിലെത്തിക്കാന്‍ റഹ്മത്ത് മാസ്റ്റര്‍ക്കായി.

സെലാംഗര്‍ മലേഷ്യയുടെ അവസാനിക്കാത്ത ആകര്‍ഷണകേന്ദ്രമാണ്. വിമാനത്താവളത്തിലേക്കും പ്രധാന തുറമുഖത്തേക്കുമുള്ള മലേഷ്യയുടെ പ്രധാനകവാടമാണത്രേയിത്. ആശുപത്രികളും അന്തര്‍ദേശീയ കലാലയങ്ങളും പടുകൂറ്റന്‍ ഷോപ്പിംങ്ങ് മാളുകളും വിനോദകേന്ദ്രങ്ങളും ഉണ്ടിവിടെ. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പണിത ബന്ധര്‍ പാലസ് ഈ പ്രദേശത്തിന്റെ തിലകക്കുറിയാണ്. സെലാംനഗറിന്റെ അഞ്ചാം സുല്‍ത്താനായ അലാവുദ്ധീന്‍ഷായാണ് മരത്തടികളോടു കൂടിയ കരവിരുതുകളേറെയുള്ള കൊട്ടാരം നിര്‍മ്മിച്ചത്. പതിനഞ്ച് മനോഹരമുറികളും ചുറ്റും അപൂര്‍വ്വസുന്ദരമായ പൂന്തോട്ടവുമുള്ള കൊട്ടാരം. ജുഗ്രാമലയുടെ മുകളില്‍ പണിത റോയല്‍ മുസോളിയം സുല്‍ ത്താന്‍ അബ്ദുല്‍സമദിന്റെ വകയാണെത്രെ. ഇന്ത്യന്‍ മുസ്‌ലിംകളുടെയും പടിഞ്ഞാറന്‍ ശിലല്‍പികളുടെയും കരവിരുതാണെത്രെ ഈ മുസോളിയത്തിന് ഇത്രമേല്‍ ചാരുതയേകിയത്.
കോലാലംപൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഒരു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന സ്ഥലമാണ് ബാത്തുഗുഹ. മഴവെള്ളം വന്ന് ദ്രുവീകരരിച്ച് ഉറച്ചിരിക്കുന്ന ഗുഹയിലേക്ക് പടികള്‍ നിര്‍മ്മിച്ച് ഹൈന്ദവ പുണ്യദേവന്റെ സ്വര്‍ണ്ണപ്രതിമയുളള വിനോദ സഞ്ചാര കേന്ദ്രമാണിത്. ഗുഹയ്ക്കകത്ത് ബുദ്ധമതക്കാരുടെയും ഹിന്ദുക്കളുടെയും പുണ്യപ്രതിമകളും പൂജാ കേന്ദ്രങ്ങളുമുണ്ട്.
ഗുഹാമുഖത്ത് തന്നെ വിവിധതരം പാമ്പുകള്‍, ഓന്തുകള്‍, പക്ഷികള്‍ എന്നിവ പ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്. വേണമെങ്കില്‍ ബാത്തു കേവ്‌സിന്റെ പശ്ചാത്തലത്തില്‍ പാമ്പിനെയും ഓന്തിനേയും ശരീരത്തില്‍ തൂക്കി ഫോട്ടോക്ക് പോസ് ചെയ്യാം. ഒരു ഫോട്ടോയെടുക്കാന്‍ പത്ത് റിംഗിത്ത് വേണം. ഒരു റിംഗിത്ത് പതിനേഴ് രൂപയാണ്. റിംഗിത്ത് കൊടുക്കാതെ പാമ്പിനെ വെച്ച്് ഫോട്ടോയെടുക്കാന്‍ റഹ്മത്ത് മാസ്റ്റര്‍ പല തവണ ശ്രമിച്ചുവെങ്കിലും പാമ്പിന്റെ ഉടമസ്ഥര്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞു മാറുകയായിരുന്നു.

മലേഷ്യയുടെ അവസാന കാഴ്ചയായ ജന്റിങ്ങ് ഐലന്റിലേക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. ഇരുപത് മിനിറ്റ് കേബിള്‍കാറില്‍ മലമുകളിലൂടെ സഞ്ചരിച്ചാലാണ് ജന്റിങ്ങ് ഐലന്റില്‍ എത്തിച്ചേരുക. ഇവിടെ വെള്ളത്തിലും വായുവിലുമായി വിവിധ വിനോദസാമഗ്രികളാണ് തയ്യാറാക്കിയിരുന്നത്. പ്രായ-ലിംഗ ഭേദമന്യേ ആളുകള്‍ ആസ്വദിക്കുന്ന ഒരു മേഖലയായിരുന്നു ജന്റിങ്ങ് ഐലന്റ്.
മൈന്‍ഡ് വണ്ടര്‍ലാന്റിലെ സ്‌നോ ഹൗസ് മലേഷ്യയിലെ വിന്റര്‍ വണ്ടര്‍ലാന്റായി കണക്കാക്കപ്പെടുന്നു. ഇവിടുത്തെ മ്യൂസിക്കല്‍ഫൗണ്ടേന്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും മികച്ച ജലധാരയായി അറിയപ്പെടുന്നു. വെളിച്ചവും ജലവും സമ്മേളിക്കുന്ന വിസ്മയകാഴ്ചതന്നെയാണിത്. മലേഷ്യയിലെ ഏറ്റവും വലിയ സംസ്ഥാനം സരാവക്കാണ്. സ്റ്റാര്‍ ഹോട്ടലുകളുടെയും ഇന്റര്‍നാഷണല്‍ റിസോര്‍ട്ടുകളുടെയും കേന്ദ്രമാണിവിടം. മലകയറ്റത്തിനും ട്രെക്കിങ്ങിനും ജലകേളികള്‍ക്കും കേളിക്കേട്ട സ്ഥലം. വെള്ളച്ചാട്ടങ്ങളും മൃഗസംരക്ഷണ കേന്ദ്രങ്ങളും ഇവിടെയുണ്ട്. സബാഹ് ദ്വീപിലെ കോട്ടാ കിനാബലു നീന്തല്‍വിദഗ്ദരുടെ പറുദീസയാണ്. ഇവിടെയും ജലമാര്‍ഗ്ഗം പല വിനോദങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റ് വാട്ടര്‍ റാഫ്റ്റിംങ്ങ് കടലിലൂടെയുള്ള ഉന്മാദ സഞ്ചാരമാണ്. സ്‌നേഹ സൗഹാര്‍ദ്ദങ്ങളുടെ ഉറപ്പുള്ള വേരുകള്‍ ഭാരതീയരെ എന്നും പരസ്പരം ഇണക്കുന്നുവെന്ന് മലേഷ്യന്‍സഞ്ചാരം ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. യാത്ര കഴിയുമ്പോള്‍ മണ്ണിന്റെയും മമതയുടെയും മാനവതയുടെയും സ്മരണകള്‍ ഹൃദയത്തില്‍ ബാക്കിയാവുന്നു.
