goodnews head

അച്ചനും ചാച്ചനും ഒത്തുചേര്‍ന്നു; മദ്യപിക്കാത്തവര്‍ക്ക് വീടും സ്ഥലവും

Posted on: 04 Jul 2009


കേളകം(കണ്ണൂര്‍):പാവങ്ങള്‍ക്ക് സൗജന്യമായി വീടും സ്ഥലവും നല്‍കും. പക്ഷേ, ഒരു നിബന്ധന. അവര്‍ മദ്യപിക്കരുത്. മദ്യപിച്ചാല്‍ വീടും സ്ഥലവും കിട്ടാനുള്ള അര്‍ഹത നഷ്ടപ്പെടും. ഒരു വൈദികന്റെയും നാട്ടുകാരന്റെയും കരുണയില്‍ കൊട്ടിയൂരിലെ ഒരു കോളനിക്കാര്‍ക്ക് ലഭിച്ചത് 18 വീടുകള്‍.

മാനന്തവാടി രൂപതാ വൈദികന്‍ ഫാ. ജോസഫ് നന്തിക്കാടും കൊട്ടിയൂര്‍ നീണ്ടുനോക്കി ടൗണിന് സമീപം തട്ടാപ്പറമ്പില്‍ കോളനിയിലെ ചാച്ചന്‍ എന്ന തട്ടാപ്പറമ്പില്‍ പാപ്പച്ചനും ഒന്നിച്ചുചേര്‍ന്നാണ് കോളനിക്കാര്‍ക്ക് പുതുമയാര്‍ന്ന ഈ സേവനം നല്‍കിയത്. നീണ്ടുനോക്കി ടൗണിന് സമീപം ലക്ഷങ്ങള്‍ വിലവരുന്ന 81 സെന്റ് സ്ഥലം ഇതിനായി അവര്‍ ഉപയോഗിച്ചു.

പാപ്പച്ചന്റെ മകനും കേളകത്തെ വ്യാപാരി നേതാവുമായ സ്റ്റനി സ്ലവോസിന്റെ പേരിലുള്ളതാണ് 81 സെന്റ് സ്ഥലം. ഇതില്‍നിന്ന് 18 വീടുകള്‍ക്ക് സ്ഥലം നല്‍കി. ഇതില്‍ 16 എണ്ണത്തിന്റെയും പണി പൂര്‍ത്തിയായി.

നാല് സെന്റ് വീതം എട്ട് വീട്ടുകാര്‍ക്കും മൂന്ന് സെന്റ് വീതം രണ്ട് വീട്ടുകാര്‍ക്കും അഞ്ച് സെന്റ് വീതം അഞ്ച് വീട്ടുകാര്‍ക്കും ചാച്ചന്റെ മക്കള്‍ നടത്തുന്ന കടയിലെ ജീവനക്കാരന് ഒമ്പത് സെന്റ് സ്ഥലവുമാണ് നല്‍കിയത്. വീടിന് സ്ഥലം കിട്ടിയിട്ടും പണി തുടങ്ങാന്‍ കഴിയാതിരുന്നതോടെ സഹായത്തിന് നന്തിക്കാട്ട് അച്ചനെത്തി. 1979-82ല്‍ കൊട്ടിയൂര്‍ ഇടവകയില്‍ സേവനംചെയ്തിട്ടുള്ള അച്ചന്‍ മാനന്തവാടി രൂപതാ പ്രീസ്റ്റ്‌ഹോമില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴാണ് ചാച്ചന്റെ വാഗ്ദാനമെത്തിയത്. 1967ല്‍ വൈദിക പട്ടം സ്വീകരിച്ച് 40 വര്‍ഷം പൂര്‍ത്തിയാക്കുന്ന അച്ചന്റെ ആഗ്രഹമായിരുന്നു 40 പേര്‍ക്ക് വീട് ഉണ്ടാക്കി നല്‍കണമെന്നത്. വിവിധ സ്ഥലങ്ങളിലായി അച്ചന്‍-ചാച്ചന്‍ കൂട്ടുകെട്ട് ഇതുവരെ 23 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സന്‍മനസ്സുകളുടെ ഔദാര്യംകൊണ്ടാണ് ഇതിനായി പണം സ്വരൂപിക്കുന്നത്.

സ്ഥലം നല്‍കുമ്പോള്‍ ഒരു നിബന്ധനയുണ്ട്. സ്ഥലം വില്‍ക്കാന്‍ പാടില്ല. അങ്ങനെയുള്ളവര്‍ അത് ചാച്ചന് തിരികെ നല്‍കണം. മദ്യപാനികള്‍ക്കും സ്ഥലവും വീടും നല്‍കില്ല. സ്ഥലം രജിസ്‌ട്രേഷനുവേണ്ട തുക സ്വന്തമായി കണ്ടെത്തണം. അതിനിടെ 32,000 രൂപ മുടക്കി അച്ചനും ചാച്ചനും പൊതു കിണര്‍ കുഴിച്ചിട്ടുണ്ട്. ഇതിന് പഞ്ചായത്തിന്റെ സഹായവും ലഭിച്ചിട്ടുണ്ട്.

താമസക്കാര്‍ക്ക് റേഷന്‍കാര്‍ഡ്, വൈദ്യുതി കണക്ഷന്‍ എന്നിവ ലഭിച്ചിട്ടില്ല. സ്നേഹത്തിലും ഐക്യത്തിലും കഴിയണമെന്നാണ് പുതിയ താമസക്കാര്‍ക്ക് അച്ചനും ചാച്ചനും നല്‍കുന്ന ഉപദേശം. മദ്യപിച്ച് ബഹളമുണ്ടാക്കിയ മൂന്നുപേരെ സൗജന്യ ഭവന പദ്ധതിയില്‍നിന്ന് ഇരുവരും ഒഴിവാക്കിയിട്ടുണ്ട്.


കെ.പി.ടോമി

 

 




MathrubhumiMatrimonial