NagaraPazhama

മുല്ലപ്പെരിയാറിനുവേണ്ടി സര്‍ സി.പി. വക്കീല്‍കോട്ടണിഞ്ഞ നിമിഷം

Posted on: 19 May 2014

മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍



നഗരപ്പഴമ


1947 ജൂലായ് 25ന് സന്ധ്യക്ക് സ്വാതിതിരുനാള്‍ അക്കാദമിയില്‍വെച്ച് വെട്ടേറ്റ് അവശനായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവാന്‍ സര്‍ സി.പിയുടെ ചിത്രം അനന്തപുരിയിലെ എത്രയോ ആളുകളുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ആഗസ്ത് 19ന് രാവിലെ അദ്ദേഹം ആരുമാരുമറിയാതെ വിമാനത്തില്‍ ഈ നഗരംവിട്ടു.

എന്നാല്‍ കേരളത്തിന്റെ ഉറക്കംകെടുത്തുന്നതും, പ്രശ്‌നം എങ്ങനെ പരിഹരിക്കാന്‍ കഴിയുമെന്നറിയാതെ ഭരണകക്ഷികളും പ്രതിപക്ഷവും
ഇരുട്ടില്‍ത്തപ്പുന്നതുമായ ഒരു പ്രശ്‌നം പരിഹരിക്കാന്‍ ഇന്നത്തെ തമിഴ്‌നാടിന്റെ അപേക്ഷ തിരസ്‌കരിച്ച് മലയാളികള്‍ക്കുവേണ്ടി ദിവാന്‍കുപ്പായം തത്ക്കാലം മാറ്റി, വക്കീല്‍ കോട്ടണിഞ്ഞ സര്‍ സി.പിയെ ഇന്ന് ആരാണ് ഓര്‍ക്കുന്നത്? പ്രശ്‌നം 'മുല്ലപ്പെരിയാര്‍' തന്നെയാണ്. കേസില്‍ സര്‍ സി.പി. വിജയിച്ചു. പക്ഷേ, സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനാധിപത്യ സര്‍ക്കാര്‍ ആലോചന കൂടാതെ ഒപ്പിട്ടുകൊടുത്ത കരാറാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങളെയാകെ ആശങ്കാകുലരാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്താന്‍ 2006ല്‍ കേരള നിയമസഭാ പാസാക്കിയ ജലസേചനജലസംരക്ഷണ ഭേദഗതി നിയമം റദ്ദാക്കിക്കൊണ്ടും അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിനെ അനുവദിച്ചുകൊണ്ടുമാണ് മെയ് 7ന് സുപ്രിംകോടതിയുടെ ഭരണഘടനാ െബഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ത്താനുള്ള നടപടികള്‍ വിധി അറിഞ്ഞതോടെ തമിഴ്‌നാട് സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ 120 വര്‍ഷം പഴക്കമുള്ളതും ചുണ്ണാമ്പ്, ശര്‍ക്കര, മണല്‍, മുട്ടയുടെ വെള്ള എന്നിവ ചേര്‍ത്ത സുര്‍ക്കി മിശ്രിതവും കരിങ്കല്ലും മുകളില്‍ കോണ്‍ക്രീറ്റുംകൊണ്ട് നിര്‍മിച്ചതുമായ ഈ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്നും ജലനിരപ്പ് ഉയര്‍ത്തിയാല്‍ ഏത് നിമിഷവും ഭയങ്കരമായ അപകടം ഉണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം.

മാത്രവുമല്ല, ഈ പ്രദേശത്ത് കൂടെക്കൂടെ ഭൂചലനങ്ങള്‍ ഉണ്ടാകുന്നുമുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ അത് രണ്ടുമൂന്നു ജില്ലകളിലെ ആയിരക്കണക്കിന് ആളുകളുടെ സ്വത്തിനും ജീവനും ഭീഷണിയാകുമെന്നുള്ള കേരളത്തിന്റെ വാദവും സുപ്രിംകോടതി അംഗീകരിച്ചില്ല. അണക്കെട്ടിന് അത് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനിയര്‍ ജോണ്‍ പെനിക്വിക്ക് തന്നെ 50 വര്‍ഷത്തെ ആയുസാണ് നല്‍കിയിരുന്നതെന്ന വാദവും വിലപ്പോയില്ല. ആകപ്പാടെ ധര്‍മ്മസങ്കടത്തിലായ കേരളം ഭരണപ്രതിപക്ഷ നേതാക്കള്‍ ഒന്നിച്ചിരുന്ന് സെക്രട്ടേറിയറ്റില്‍ ആലോചന നടത്തി അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനിയുള്ള നിയമയുദ്ധം എങ്ങനെ പോകുമെന്നോ, അതിനിടയില്‍ അണക്കെട്ടിന് സമീപത്തുള്ള ജനങ്ങള്‍ എങ്ങനെ ഭയത്തോടെ ജീവിക്കുമെന്നോ കാലത്തിന് മാത്രമേ പറയാന്‍ കഴിയൂ.
കേരളം ബ്രിട്ടീഷ് ഇന്ത്യയുടെ കീഴില്‍ മലബാര്‍, തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളായി കിടന്നിരുന്ന കാലത്താണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉണ്ടായത്. അന്ന് ഈ നാട്ടുരാജ്യങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ ഭരണം നടത്തുന്ന മദ്രാസ് ഗവര്‍ണറുടെ കീഴിലായിരുന്നു.

1886 ഒക്ടോബര്‍ 29 (1062 തുലാം 14)ന് ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്താണ് മുല്ലപ്പെരിയാര്‍ കരാര്‍ ഒപ്പിട്ടത്.
മഹാരാജാവിനുവേണ്ടി ദിവാന്‍ രാമയ്യങ്കാരും ഇന്ത്യാകാര്യങ്ങള്‍ക്കുള്ള സെക്രട്ടറി ഓഫ് സ്‌റ്റേറ്റിനുവേണ്ടി റസിഡന്റ് ഹാന്നിങ്ടണുമാണ് കരാറില്‍ ഒപ്പിട്ട പ്രമുഖര്‍. തിരുവിതാംകൂര്‍ മരാമത്ത് സെക്രട്ടറി കെ.കെ. കരുവിളയും ആക്ടിങ് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ എച്ച്.ഐ. പ്രിന്‍സും സാക്ഷികളായിരുന്നു. കരാര്‍ പ്രകാരം പെരിയാറില്‍ നിന്നുള്ള വെള്ളം അണകെട്ടി ജലസേചനത്തിന് മദ്രാസിലേക്ക് കൊണ്ടുപോകാനും ഇതിനുവേണ്ടി 8000 ഏക്കര്‍ ഭൂമി നല്‍കാനും ഇതിന് നഷ്ടപരിഹാരമായി 40,000 രൂപ തിരുവിതാംകൂറിന് നല്‍കാനുമാണ് വ്യവസ്ഥ. പക്ഷേ, ഈ തുക തിരുവിതാംകൂര്‍, ബ്രിട്ടീഷ് സര്‍ക്കാരിന് നല്‍കാനുള്ള മേല്‍ക്കോയ്മയ്ക്കുള്ള കപ്പത്തുകയില്‍ തട്ടിക്കഴിക്കും. 8000 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉപയോഗിക്കേണ്ടിവന്നാല്‍ ഒരേക്കറിന് 5 രൂപ എന്ന നിരക്കില്‍ പാട്ടം നല്‍കുന്നതാണ്. 999 വര്‍ഷത്തേക്കാണ് കരാര്‍ കാലാവധി. അണക്കെട്ട് നിര്‍മ്മാണത്തിനുള്ള കല്ല്, മണ്ണ്, മരം, മുള ഇവ തിരുവിതാംകൂര്‍ നല്‍കേണ്ടതാണ്. മദ്രാസ് സര്‍ക്കാരിന്റെ കീഴിലുള്ള തിരുവിതാംകൂര്‍ മഹാരാജാവിനെ സമ്മര്‍ദ്ദത്തിലാക്കി, ശ്വാസംമുട്ടിച്ചാണ് കരാര്‍ ഒപ്പിട്ടതെന്ന് അന്നത്തെ രേഖകള്‍ തെളിയിക്കുന്നു. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കാലമായ 1850 മുതലാണ് ഇന്നത്തെ ചര്‍ച്ചാവിഷയമായ മുല്ലപ്പെരിയാര്‍ കരാറിന്റെ തുടക്കം. മദ്രാസിലെ മധുര, രാമനാട് ജില്ലകളിലെ രൂക്ഷമായ ജലക്ഷാമവും കൃഷിനാശവും പരിഹരിക്കാനാണ് പെരിയാറിലെ മുല്ലാര്‍ എന്ന സ്ഥലത്ത് അണകെട്ടി ജലം തിരിച്ചുവിടാന്‍ മദ്രാസ് സര്‍ക്കാര്‍ ആലോചിച്ചത്.

എന്നാല്‍ ജലം സംബന്ധിച്ച ശാസ്ത്രീയമായ പഠനങ്ങളോ ജലസേചന പദ്ധതികളോ അന്ന് തിരുവിതാംകൂറിന് ഇല്ലായിരുന്നു. ജലത്തിനുള്ള തുക ഈടാക്കി അത് നല്‍കാന്‍ ആദ്യം തിരുവിതാംകൂര്‍ മഹാരാജാവ് ആയില്യം തിരുനാള്‍ സമ്മതംമൂളി. എന്നാല്‍ പിന്നീടാണ് ഇതിന്റെ ഭവിഷ്യത്ത് സര്‍ക്കാര്‍ മനസ്സിലാക്കിയത്. 1880ല്‍ അധികാരമേറ്റ വിശാഖം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് പെരിയാര്‍ ജലം തിരിച്ചുവിട്ടാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി പഠനറിപ്പോര്‍ട്ടുകള്‍ കിട്ടി. എന്നാല്‍ അണക്കെട്ടിന് വേണ്ടി മദ്രാസ് സര്‍ക്കാര്‍ പിടിമുറുക്കി. ബ്രിട്ടീഷ്‌കാരുടെ കൈവശമുള്ള അഞ്ചുതെങ്ങ്, തങ്കശ്ശേരി, ആലപ്പുഴയിലെ കൃഷിത്തോട്ടങ്ങള്‍ എന്നിവ തിരുവിതാംകൂറിന് വിട്ടുനല്‍കണമെന്ന അഭ്യര്‍ഥനപോലും അവഗണിച്ച് അണക്കെട്ടിനുവേണ്ടി മദ്രാസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് വിശാഖംതിരുനാള്‍ അന്തരിച്ചതും ശ്രീമൂലം തിരുനാള്‍ 1885ല്‍ അധികാരമേറ്റതും. തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രശ്‌നങ്ങളും മറ്റ് കാര്യങ്ങളും മുതലാക്കി അണക്കെട്ടിന് വേണ്ടി മദ്രാസ് സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തല്‍ ശക്തമാക്കിയതോടെ ഗത്യന്തരമില്ലാതെ ശ്രീമൂലംതിരുനാള്‍ അതിന് വഴങ്ങി. അങ്ങനെയാണ് കരാര്‍ ഒപ്പിട്ടത്. ജോണ്‍ പെനിക്വിക്ക്, ജെയിംസ്‌കാള്‍ഡ്വെന്‍ എന്നിവരുടെ നേതൃത്വത്തില്‍ 1895ലാണ് അണക്കെട്ട് പൂര്‍ത്തിയായത്. പിന്നീട് ഏകപക്ഷീയമായ ചില കരാറുകളും തിരുവിതാംകൂറിനുമേല്‍ മദ്രാസ് സര്‍ക്കാര്‍ അടിച്ചേല്പിച്ചു.

1932ല്‍ മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ മദ്രാസ് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചതോടെയാണ് വീണ്ടും പ്രശ്‌നം തുടങ്ങിയത്. അന്ന് തിരുവിതാംകൂര്‍ മഹാരാജാവിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് മാത്രമായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ ഇതിനെതിരെ രംഗത്തുവന്നു. അദ്ദേഹം ഇതിനെ ശക്തിയായി എതിര്‍ത്തു. മദ്രാസിന് നല്‍കിയത് 'ദാഹജലം' എന്ന നിലയിലാണെന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പറ്റില്ലെന്നും സി.പി. വാദിച്ചു. നിയമയുദ്ധം തുടരുന്നതിനിടയില്‍ സി.പി. ദിവാനായി. ഒടുവില്‍ പ്രശ്‌നം കരാര്‍ പ്രകാരം രണ്ടു മധ്യസ്ഥര്‍ക്ക് വിടാന്‍ മദ്രാസ് സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ പരസ്പരവിരുദ്ധമായ വിധിയാണ് അവരില്‍നിന്നും ഉണ്ടായത്. ഇതേത്തുടര്‍ന്നാണ് സര്‍ നളിനി രഞ്ജന്‍ ചാറ്റര്‍ജിയെ ഉന്നതാധികാരമുള്ള ആര്‍ബിട്രേറ്റര്‍ ആയി നിയമിച്ചത്. മദ്രാസ് സര്‍ക്കാരിന് വേണ്ടി സര്‍ അലാഡി കൃഷ്ണസ്വാമി അയ്യര്‍ ആര്‍ബിട്രേഷന് മുമ്പില്‍ ഹാജരായി. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളില്‍ നടന്ന ചൂടേറിയ വാദപ്രതിവാദങ്ങളും തിരുവിതാംകൂറിനുവേണ്ടി സര്‍ സി.പി. വക്കീല്‍ കോട്ടണിഞ്ഞ് രംഗത്ത് എത്തിയതുമെല്ലാം 100 വയസ് തികയുന്ന നഗരത്തിന്റെ കാരണവരായ അഡ്വക്കേറ്റ് കെ. അയ്യപ്പന്‍ പിള്ള നന്നായി ഓര്‍ക്കുന്നു. വിജയം സി.പിക്കായിരുന്നു. ജലസേചനത്തിനുവേണ്ടി മാത്രമേ പെരിയാര്‍ വെള്ളം ഉപയോഗിക്കാവൂ എന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു. സ്വാതന്ത്ര്യത്തിനുശേഷം പെരിയാര്‍ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തമിഴ്‌നാട് വീണ്ടും ശ്രമം തുടര്‍ന്നു. 1970ല്‍ മുഖ്യമന്ത്രി സി. അച്യുത മേനോന്റെ കാലത്താണ് അതിന് അനുവാദം നല്‍കിയത്. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ കാര്യങ്ങള്‍ ഇന്നും അജ്ഞാതമായി തുടരുന്നു. അതോടെ 1886ലെ പാട്ടക്കരാര്‍ പുതുക്കി എഴുതി. അതാണ് ഇന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ തുറപ്പുചീട്ടും കേരളത്തിനെ അലട്ടുന്ന പ്രശ്‌നവുമായി മാറിയിരിക്കുന്നത്.




MathrubhumiMatrimonial