NagaraPazhama

മലബാറിലെ സ്വര്‍ണപ്പൊടി വ്യാപാരം

Posted on: 08 May 2014

അഡ്വ. സെലുരാജ് ടി.ബി.





ചില പത്രവാര്‍ത്തകളും ചിത്രങ്ങളും നമ്മെ വല്ലാതെ ആകര്‍ഷിക്കുക മാത്രമല്ല അവ നമ്മളെ ഇരുത്തിച്ചിന്തിപ്പിക്കുകയും ചെയ്യും. അക്ഷയതൃതീയയിലെ സ്വര്‍ണവ്യാപാരത്തെപ്പോലെത്തന്നെ മാതൃഭൂമി ഫോട്ടോഗ്രാഫറായ സന്തോഷിന്റെ നഗരത്തെരുവുകളിലെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന നിര്‍ധനരുടെ ഫോട്ടോകളും ഇക്കൂട്ടത്തില്‍ പെടുന്നു.

ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഐശ്വര്യം വേണമോ? എങ്കില്‍ അക്ഷയതൃതീയ നാളില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുക. ഇത് ഇന്‍ഷുറന്‍സ് കമ്പനിക്കാരുടെ പരസ്യമൊന്നുമല്ല. കച്ചവടക്കണ്ണുള്ള സ്വര്‍ണവ്യാപാരികളുടെ ഒരു പുത്തന്‍ അടവാണിത്. ഹൈന്ദവവിശ്വാസങ്ങളുടെ പിന്‍ബലത്തോടെയാണ് ഇക്കൂട്ടര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അഞ്ചോ ആറോ വര്‍ഷമേ ആയിട്ടുള്ളൂ ഈ പുതിയ ടെക്നിക്കുമായി സ്വര്‍ണവ്യാപാരികള്‍ രംഗത്തെത്തിയിട്ട്. ആള്‍ദൈവങ്ങള്‍ക്കുപിറകെ പോവുന്ന ചിലരാണ് ഇവിടെയും ഇരകളാകുന്നത്.

ചെറിയ തുകയ്ക്കുള്ള സ്വര്‍ണാഭരണങ്ങളും പാവപ്പെട്ടവര്‍ക്കായി കരുതിയിട്ടുണ്ടെന്ന് ഒരു ജാള്യതയുമില്ലാതെ ഒരു സ്വര്‍ണവ്യാപാരി ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടതും കണ്ടു. ഇതിനിടയ്ക്കാണ് മാതൃഭൂമിയിലെ ഫോട്ടോഗ്രാഫറായ സന്തോഷിന്റെ, നഗരത്തില്‍ തെരുവുകടകള്‍ക്കുമുന്നില്‍ അന്തിയുറങ്ങുന്ന പാവങ്ങളുടെ ചിത്രങ്ങള്‍ കണ്ടത്. വൃദ്ധര്‍ മുതല്‍ പ്രായംതികഞ്ഞ പെണ്‍മക്കള്‍വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വര്‍ണവ്യാപാരികളുടെ പണപ്പെട്ടി വീര്‍പ്പിച്ചുകൊണ്ടല്ല ഒരു വര്‍ഷത്തെ ഐശ്വര്യം തേടേണ്ടത് എന്നുമാത്രമേ പൈതൃകത്തിന് പറയാനുള്ളൂ.

തെരുവിലുറങ്ങുന്ന അനാഥര്‍ക്ക് എന്തെങ്കിലുമൊക്കെ ഒരു ചെറുസഹായം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ഒരു വര്‍ഷത്തിലേക്കല്ല ഒരു ജീവിതകാലം മുഴുവനും ഐശ്വര്യവും സമാധാനവും നിങ്ങള്‍ക്ക് കിട്ടും എന്നുമാത്രം പറയട്ടെ. സ്വര്‍ണത്തിനോടുള്ള താത്പര്യം ബ്രിട്ടീഷുകാര്‍ക്കുമുണ്ടായിരുന്നു. മലബാറില്‍നിന്ന് കിട്ടുന്ന സ്വര്‍ണപ്പൊടികളെ ഇവര്‍ വിലയ്ക്കുവാങ്ങിച്ചിരുന്നു. ആ ചരിത്രമാകട്ടെ ഇത്തവണ.

1837 മെയ് മാസം 21-ന് റവന്യൂവകുപ്പ് സെക്രട്ടറി ഫോര്‍ട്ട് സെന്റ് ജോര്‍ജിന് മലബാര്‍ പ്രിന്‍സിപ്പല്‍ കളക്ടറായിരുന്ന ക്ലമന്റ്സ്റ്റന്‍ എഴുതിയ ഒരെഴുത്തില്‍നിന്ന് മലബാറിലെ സ്വര്‍ണപ്പൊടി കച്ചവടത്തെക്കുറിച്ച് ഒരു ഏകദേശരൂപം നമുക്ക് കിട്ടും. അതിങ്ങനെ: 'സര്‍ കഴിഞ്ഞമാസം ബഹുമാനപ്പെട്ട ഗവര്‍ണര്‍ ഇന്‍ കൗണ്‍സില്‍ മലബാറില്‍നിന്ന് കഴിയുന്നത്ര സ്വര്‍ണപ്പൊടി ശേഖരിക്കുക എന്ന കല്പന എനിക്ക് ലഭിക്കുകയുണ്ടായി. ഈ വിഷയത്തില്‍ എന്റെ മുന്‍ഗാമിയായ ഷെഫീല്‍ഡ് ശേഖരിച്ച സ്വര്‍ണപ്പൊടിയുടെ കണക്ക് താങ്കള്‍ക്ക് അയച്ചുതരികയും ചെയ്തിരുന്നുവല്ലോ. മലബാറിലെ പുഴയോരങ്ങളിലും ഖനികളിലും ധാരാളം സ്വര്‍ണപ്പൊടി ഉണ്ടെന്നറിയിക്കട്ടെ. ഷെഫീല്‍ഡിനെ തുടര്‍ന്ന് ഞാനും സ്വര്‍ണപ്പൊടികള്‍ ശേഖരിക്കുന്നുണ്ട്. 12727 പുത്തന്‍ പണത്തൂക്കം വരുന്ന സ്വര്‍ണപ്പൊടി ശേഖരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്രയും സ്വര്‍ണപ്പൊടിക്കായി നാം 5566 ഉറുപ്പിക 8 അണ 2 പൈ ഇതുവരേയായും മുടക്കിയിട്ടുണ്ട്. സ്വര്‍ണം അരിച്ചെടുക്കുന്നവരില്‍ നിന്ന് ഓരോ ദിവസവും ലഭ്യമാവുന്ന സ്വര്‍ണപ്പൊടി വാങ്ങിക്കുവാനായി നാം ഒരു വകുപ്പ് തന്നെ തുടങ്ങിയിട്ടുണ്ട്. ഈ വകുപ്പിന്റെ ചെലവിലേക്കായി 294 ഉറുപ്പിക 4 അണ 8 പൈ മുടക്കേണ്ടതായിട്ടുണ്ട്. ഈ ചെലവുകൂടി കൂട്ടുമ്പോള്‍ ഇതുവരേയായി 5860 12 അണ 10 പൈ ചെലവാക്കിയിരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ സ്വര്‍ണപ്പൊടി വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന ഒരു കിംവദന്തി ഇവിടെയാകെ പരന്നിരിക്കുന്നു. അതിനാല്‍ ഞാന്‍ ആശയക്കുഴപ്പത്തിലാണ്. തത്കാലം സ്വര്‍ണപ്പൊടി വാങ്ങുന്നത് നിര്‍ത്തിയാലോ എന്ന് ഞാനാലോചിക്കുകയാണ്. സര്‍ക്കാറില്‍നിന്ന് പുതുതായി വല്ല കല്പന കിട്ടിയാല്‍മാത്രമേ കിംവദന്തിക്ക് ഒരു ശമനം ആവുകയുള്ളൂ'

ഷഫീല്‍ഡ് പോയതിന് ശേഷം ഞാന്‍ മലബാറിന്റെ കളക്ടറായി ചാര്‍ജെടുത്തു. ഇതിന് ശേഷം 12,7271/2 പണത്തൂക്കം സ്വര്‍ണപ്പൊടി ശേഖരിച്ചിരിക്കുന്നു. മുന്‍ കളക്ടര്‍ ഷെഫീല്‍ഡ് ശേഖരിച്ചിരുന്ന 2908 പണത്തൂക്കം സ്വര്‍ണപ്പൊടി എന്നെ ഏല്‍പിച്ചതിന് ശേഷമാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയത്. ഇവ രണ്ടുംകൂടി 156353 കാല്‍ പണത്തൂക്കം സ്വര്‍ണപ്പൊടി ഞാന്‍ ട്രഷറിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്. ഇവയ്ക്ക് മൊത്തം 7187 ഉറുപ്പിക 3 അണയോളം വിലവരും. ഇത്രയും വരുന്ന സ്വര്‍ണപ്പൊടി ഞാന്‍ എന്തുചെയ്യണമെന്ന് അവിടത്തെ കല്പന എത്രയും പെട്ടെന്ന് ലഭിക്കണം. എന്നാല്‍ മാത്രമേ വേണ്ട രീതിയില്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. ഇതുപോലെത്തന്നെ പ്രത്യേക വകുപ്പ് രൂപവത്കരിക്കാനും മറ്റുമായി ചെലവായ 5860 ഉറുപ്പിക 12 അണ 10 പൈ എത്രയും പെട്ടെന്ന് എനിക്ക് അയച്ചുതരികയും വേണം. ഇതിനുപുറമെ മറ്റൊന്നുകൂടി പറയുവാനുണ്ട്. സ്വര്‍ണപ്പൊടി ലഭ്യതയ്ക്ക് ആവശ്യമായ 6 പെട്ടി ആയുധങ്ങള്‍ എന്റെ പക്കലുണ്ട്. ഇവ എന്തു ചെയ്യണമെന്ന് അറിയിക്കുക. അതുപോലെത്തന്നെ 4 പെട്ടി സിലിണ്ടര്‍ പമ്പുകളും കുറച്ച് ലെഡ് പൈപ്പുകളും എന്റെ പക്കലുണ്ട്. 1832 ഒക്ടോബര്‍ മാസത്തില്‍ മദ്രാസ് ആസ്ഥാനത്തുനിന്ന് എനിക്ക് ലഭിച്ചതാണിവ. ലഫ്റ്റനന്റ് നെല്‍സണ്‍ നീലഗിരിയില്‍നിന്ന് അയച്ചുതന്നതായ കുറച്ച് പണിയായുധങ്ങളും ഇതിനുപുറമെയായി ഇവിടെയുണ്ട്. മലബാറിലെ സ്വര്‍ണപ്പൊടി ലഭ്യമാവുന്ന സ്ഥലങ്ങളുടെ പേരും വര്‍ഷത്തില്‍ എത്ര തോതില്‍ അവ കിട്ടുന്നു എന്ന വിവരവും താഴെ കാണിച്ചിരിക്കുന്നു.

ഫറോക്ക് പാലം നന്നാക്കാനുള്ള ഒരെഴുത്തില്‍ മലബാര്‍ കളക്ടര്‍ ഗവര്‍ണറോട് ഇങ്ങനെ എഴുതിയതായി കാണുന്നു. 'നിലമ്പൂരില്‍നിന്ന് എത്രമാത്രം സ്വര്‍ണപ്പൊടി നഗരത്തിലേക്ക് എത്തുന്നു എന്നറിയാത്തതുകൊണ്ടാണ് ഫറോക്ക് പാലത്തിന്റെ അറ്റകുറ്റപ്പണി തീര്‍ക്കുന്നതില്‍ അവിടന്ന് അനാസ്ഥ കാണിക്കുന്നത്'.




MathrubhumiMatrimonial