
വെള്ളിയാങ്കല്ല് എന്ന സമുദ്രസ്ഥാനം
Posted on: 26 Jun 2009
-സ്വന്തം ലേഖകന്‍

കായലും തടാകങ്ങളുമൊക്കെ സുലഭം. എന്നാല്‍, ഒരു സമുദ്രയാത്ര കേരളത്തില്‍ അത്ര എളുപ്പമല്ല. പോയി വരാവുന്ന സ്ഥലങ്ങള്‍ നമ്മുടെ തീരക്കടലില്‍ വിരളമാണ് എന്നതു തന്നെ കാരണം. 650 കിലോമീറ്റര്‍ സമുദ്രതീരമുണ്ടെങ്കിലും, കേരളീയരുടെ യാത്രാനുഭവങ്ങളില്‍ നിന്നും ഏറെ അകലെയാണ് ഇന്നും കടല്‍ (ദിവസവും കടലില്‍ പോയി വരുന്ന മത്സ്യത്തൊഴിലാളികളെ മറന്നുകൊണ്ടല്ല ഈ പരാമര്‍ശം. അവര്‍ക്ക് കടല്‍ കാഴ്ചയ്ക്കുള്ളതല്ല, ജീവിക്കാനുള്ള തൊഴില്‍മേഖലയാണ്).
കേരളത്തെപ്പറ്റി പൊതുവെ പറയാവുന്നതാണ് ഈ 'കടല്ദാരിദ്യം' എങ്കിലും, ഇതിനൊക്കെ അപവാദമായി ഒരു സ്ഥലമുണ്ട്-കോഴിക്കോട് ജില്ലയില്‍ തിക്കോടിക്കടുത്തുള്ള വെള്ളിയാങ്കല്ല്. ഐതിഹ്യവും ചരിത്രവും സംഗമിക്കുന്ന ഒരു സമുദ്രസ്ഥാനം. സാമൂതിരിയുടെ കപ്പല്‍പടയെ നയിച്ചിരുന്ന കുഞ്ഞാലിമരയ്ക്കാറുടെ ഒളിപ്പോര്കേന്ദ്രം. പോര്‍ച്ചുഗീസ് കപ്പകളുടെ പേടിസ്വപ്നം. തിക്കോടിയില്‍നിന്ന് പതിനാറ് കിലോമീറ്ററാണ് വെള്ളിയാങ്കല്ലിലേക്ക്, പയ്യോളിയില്‍നിന്ന് പതിമൂന്നും.

'മയ്യഴിപ്പുഴയുടെ തീരങ്ങളില്‍' ആത്മാക്കള്‍ തുമ്പകളായി പറക്കുന്ന വെള്ളിയാങ്കല്ല, 'മലബാര്‍ മാന്വലി'ലില്‍ വില്യം ലോഗന് വിശേഷിപ്പിക്കുന്ന ബലിക്കല്ല്...ഐതീഹ്യങ്ങളില്‍ മാത്രമല്ല സാഹിത്യത്തിലും നിറയുന്ന ഒന്നാണ് വെള്ളിയാങ്കല്ല്. പയ്യോളി തീരത്ത് മുട്ടയിടാന്‍ എത്തുന്ന കടലാമകളുടെയും, എണ്ണമറ്റ കടല്‍പക്ഷികളുടെയും വിശ്രമസ്ഥാനംകൂടിയായിരിക്കണം കടലിന് നടുക്കുള്ള ഈ പാറക്കെട്ട്. ഫാന്റം പാറയെന്ന് അറിയപ്പെടുന്ന തലയോട്ടിയെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ പാറയും അവിടെയുണ്ട്.
സാധാരണ സഞ്ചാരികള്‍ക്ക് വെള്ളിയാങ്കല്ല് പ്രാപ്യമായ ഒരു സ്ഥലമല്ല. കാരണം അങ്ങോട്ട് യാത്ര സംഘടിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ആരുമില്ല. സ്വന്തം ഉത്തരവാദിത്വത്തില്‍ പോവുകയേ നിവൃത്തിയുള്ളു. പരിചയമുള്ള മത്സ്യത്തൊഴിലാളികളുടെ സഹകരണം കൂടിയേ തീരൂ. കൊയിലാണ്ടി, വടകര, മാഹി ഭാഗങ്ങളില്‍നിന്ന് പോവുകയാണ് സൗകര്യം. ഏറ്റവും കുറഞ്ഞ ദൂരം പയ്യോളിയില്‍നിന്നാണ്.
ബോട്ടിലാണ് യാത്രയെങ്കില്‍ ചെറിയ മത്സ്യബന്ധന വള്ളം ഒപ്പം കൊണ്ടുപോകണം. വെള്ളിയാങ്കല്ലില്‍ പാറയില്‍ അടുപ്പിച്ച് കരയ്ക്കിറങ്ങാന്‍ വള്ളം തന്നെ വേണം. വേലിയിറക്കസമയമാണ് വള്ളമടുപ്പിക്കാന്‍ അനുയോജ്യമായ സമയം. പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികള്‍ ഉണ്ടെങ്കിലേ വള്ളമടുപ്പിക്കാന്‍ കഴിയൂ എന്ന കാര്യവും ഓര്‍ക്കുക. ലൈഫ് ജാക്കറ്റ് തീര്‍ച്ചയായും കരുതണം. വള്ളമടുപ്പിക്കുന്ന സ്ഥാനത്ത് കൂര്‍ത്ത മൂര്‍ച്ചയേറിയ കക്കകളുണ്ട്. അതിനാല്‍ ചെരിപ്പ് കൂടിയേ തീരൂ. മദ്യപാനം ഈ യാത്രയില്‍ തീര്‍ച്ചയായും അരുത്.
ഫോട്ടോകള്‍: എന്‍.എം. പ്രദീപ്
-ഫോട്ടോഗ്യാലറി
