goodnews head

ചരിത്രാതീത ഫോസിലുകളുമായി ഏഴാംക്ലാസ്സുകാരന്‍

Posted on: 22 Nov 2007


കളമശ്ശേരി: നേപ്പാളിലേക്കുള്ള വിനോദയാത്ര ഏഴാംക്ലാസ്സുകാരന്‍ റിഫിന് സമ്മാനിച്ചത് ചരിത്രാതീതകാലത്തിന്റെ കാഴ്ചകള്‍.

''ഇത് അമോണൈറ്റ്‌സ്; 650 ലക്ഷം വര്‍ഷംമുമ്പ് കടലിനടിയില്‍ ജീവിച്ചിരുന്ന ജീവികള്‍'' - കളമശ്ശേരി നജാത്ത് പബ്ലിക്‌സ്‌കൂളിലെ റിഫിന്‍ ടി. സജീവ് കരിങ്കല്‍ചീളുകള്‍പോലുള്ള പാറക്കഷ്‌നങ്ങള്‍ ചൂണ്ടി ചരിത്രകാരന്റെ ഭാവത്തോടെ വിവരിക്കുമ്പോള്‍ ചുറ്റുംകൂടുന്ന കൂട്ടുകാര്‍ക്ക് കൗതുകം. ''ഷെല്ലുകള്‍ക്കുള്ളില്‍ ജീവിച്ചിരുന്നവയാണിത്. നമ്മുടെ കക്കയെപ്പോലെ'' റിഫിന്റെ വിശദീകരണം തുടരുന്നു. അതുകേള്‍ക്കാന്‍ ചുറ്റും കൂട്ടുകാരുടെ എണ്ണവും കൂടുന്നു.

എവറസ്റ്റ് കാണണമെന്ന റിഫിന്റെ വാശിയിലാണ് അച്ഛന്‍ അഡ്വ. സജീവും അമ്മ രാജശ്രീയും അനിയന്‍ റസ്സലും നേപ്പാളിലേക്ക് പുറപ്പെട്ടത്. നേപ്പാളിലെ കാളിഗണ്ഡകി നദീതീരത്തുനിന്നുമാണ് റിഫിന് ഫോസിലുകള്‍ ലഭിച്ചത്.

''450 ദശലക്ഷം വര്‍ഷത്തിനും 60 ദശലക്ഷം വര്‍ഷത്തിനും ഇടയില്‍ കണ്ടിരുന്ന അമോണൈറ്റ്‌സിന്റെ ഫോസിലുകളാണിത്.'' റിഫിന്റെ കൈവശമുള്ള ഫോസിലുകള്‍ പരിശോധിച്ച കൊച്ചി സര്‍വകലാശാല മറൈന്‍ സയന്‍സ് വിഭാഗം ഡയറക്ടര്‍ ഡോ.കെ.ടി. ദാമോദരന്‍ പറയുന്നു. റിഫിന്റെ താത്പര്യംകണ്ട അദ്ദേഹമാണ് സംശയനിവാരണത്തിന് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്മാരുടെ സഹായം വാഗ്ദാനം ചെയ്തത്. ഫോസിലുകള്‍ ശേഖരിക്കുന്നവര്‍ കേരളത്തില്‍ അപൂര്‍വമാണെന്നും പഠനത്തിനായി കോളേജുകളിലും മറ്റുമേ ഇവ സൂക്ഷിക്കാറുള്ളൂവെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹിമാലയപര്‍വതനിരകളില്‍ ചരിത്രാതീതകാലത്ത് 'തെതീസ്' എന്ന സമുദ്രത്തിനടിയിലായിരുന്നെന്ന ചരിത്രഗവേഷകരുടെ കണ്ടെത്തലിന്റെ തെളിവുകളായിട്ടാണ്, അമോണൈറ്റ്‌സിന്റെ ഫോസിലുകളെ ചരിത്രലോകം വിലയിരുത്തുന്നത്. ഇന്‍ര്‍നെറ്റ്‌വഴിയാണ് ഫോസിലുകളെക്കുറിച്ച് റിഫിന്‍ പഠനം തുടങ്ങിയത്. ഇപ്പോള്‍ ഇതേക്കുറിച്ചുള്ള പുസ്തകങ്ങളും കളമശ്ശേരി മൂലേപ്പാടത്തെ റിഫിന്റെ വീട്ടിലുണ്ട്.

നന്നേ ചെറുപ്പത്തില്‍ത്തന്നെ ദിനോസറുകളുടെ ചിത്രങ്ങള്‍ കണ്ടപ്പോള്‍മുതലാണ് റിഫിന് ചരിത്രത്തോട് ഇഷ്ടംകൂടാന്‍ തുടങ്ങിയത്. അമോണൈറ്റ്‌സിനുപുറമേ ഇതേവര്‍ഗത്തില്‍പ്പെട്ട സെല്‍മനൈറ്റ്‌സിന്റെയും കണ്ണൂര്‍ഭാഗത്തുനിന്ന് ലഭിച്ച ഇലയുടെയും ഫോസില്‍ റിഫിന്റെ ശേഖരത്തിലുണ്ട്.

ടി.ജെ. ശ്രീജിത്ത്


 

 




MathrubhumiMatrimonial