
ചങ്ങാതിയുടെ ചികിത്സയ്ക്കായി സഹപാഠികളുടെ കൂട്ടായ്മ
Posted on: 21 Jun 2009

തിരുവല്ലം ക്രൈസ്റ്റ്‌നഗര്‍ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥി ഹരികൃഷ്ണന്റെ രോഗശാന്തിക്കായി ഉണര്‍ന്നിരിക്കുകയാണ് ഒരു സ്‌കൂള്‍ മുഴുവന്‍. കുട്ടികള്‍ പ്രാര്‍ത്ഥനകളും വഴിപാടുകളും മുറതെറ്റാതെ തുടരുന്നതിനിടെ ചികില്‍സാ സഹായത്തിനായി സ്‌കൂളില്‍ കഴിഞ്ഞദിവസം ഭക്ഷ്യമേളയും ഒരുക്കി. ഭക്ഷ്യമേളയായിരുന്നില്ല അത്. സ്‌കൂളിലെ രണ്ടായിരം കുട്ടികളും അവരവരുടെ വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം സ്‌കൂളില്‍ കൊണ്ടുവന്ന് പരസ്പരം വില്‍പ്പന നടത്തി പണം കണ്ടെത്തുകയായിരുന്നു, കൂട്ടുകാരന്‍ വീണ്ടും സ്‌കൂള്‍ മൈതാനത്ത് ഓടിക്കളിക്കാനെത്തുന്ന ദിവസത്തിനായി.
ശനിയാഴ്ച സ്‌കൂളില്‍ നടന്ന ഭക്ഷ്യമേളയില്‍ രണ്ടായിരം കുട്ടികളും ആയിരത്തോളം രക്ഷാകര്‍ത്താക്കളും പൂര്‍വവിദ്യാര്‍ത്ഥികളുമടക്കം ഒത്തുചേര്‍ന്നു. മേളയിലൂടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും സംഭാവനകളിലൂടെയുമടക്കം ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപയാണ് ഒറ്റ ദിവസംകൊണ്ട് കൂട്ടുകാരന്റെ സഹായത്തിനായി സ്വരൂപിച്ചത്. പ്രിന്‍സിപ്പല്‍ ഫാ. മാത്യു തെങ്ങന്‍പള്ളി, സ്‌കൂള്‍ ലീഗല്‍ അഡൈ്വസര്‍ അഡ്വ. ശിഹാബുദ്ദീന്‍ എന്നിവരുടെ പ്രോല്‍സാഹനത്തോടെയാണ് കാരുണ്യത്തിന്റെ ഭക്ഷ്യമേള ഒരുക്കിയത്. വിജയന്‍തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
മണക്കാട് സ്വദേശിയായ ഹരികൃഷണന്‍ ഒരു മാസം മുന്‍പാണ് അര്‍ബുദബാധയെത്തുടര്‍ന്ന് ആസ്പത്രിയിലായത്. തുടക്കമായതിനാല്‍ പേടിക്കേണ്ടതില്ലെന്ന ഡോക്ടര്‍മാരുടെ തീര്‍പ്പില്‍ ആശ്വാസം കണ്ടെത്തുകയാണ് ഈ കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം ക്രൈസ്റ്റ്‌നഗര്‍ സ്‌കൂള്‍ മുഴുവനും. രോഗ വിവരം അറിഞ്ഞതുമുതല്‍ എല്ലാ ദിവസവും സ്‌കൂളിലെ കുട്ടികള്‍ മുഴുവന്‍ പങ്കെടുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്. പോരാത്തതിന് വേളാങ്കണ്ണിയിലും ശബരിമലയിലുമടക്കം കുട്ടികള്‍ നേരുന്ന നേര്‍ച്ചകളും. ഹരിയുടെ രോഗശയ്യയ്ക്ക് ചുറ്റും നിറയുകയാണ് ഈ കരുതലുകള്‍. രോഗം ഭേദമായി കൂട്ടുകാരന്‍ സ്‌കൂള്‍ ഗേറ്റ് കടന്നുവരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ് ഈ സ്‌കൂള്‍.
