goodnews head

ചെന്നൈയിലെ ചേരിയില്‍നിന്ന് മാഞ്ചസ്റ്ററിന്റെ കളരിയിലേക്ക്

Posted on: 22 Nov 2007


ചെന്നൈ: വ്യാസര്‍പാടി കല്യാണപുരം കോളനിയിലെ നാലു കുട്ടികള്‍ - ദിലീപന്‍, രാംകുമാര്‍, ഹൃദയരാജ്, രാജു - ഇവരായിരിക്കും ഒരു പക്ഷേ, തമിഴകത്തിന്റെ ഈ തലസ്ഥാനനഗരിയെ ലോകഫുട്‌ബോള്‍ ഭൂപടത്തിലേക്ക് പിടിച്ചുയര്‍ത്തുക. ചേരിയിലെ പട്ടിണിയും ഉച്ചനീചത്വങ്ങളും പ്രതിഭയുടെ മാന്ത്രികസ്​പര്‍ശം കൊണ്ട് മറികടന്ന് ഈ കുട്ടികള്‍ ഫുട്‌ബോളില്‍ പുതിയ ഗാഥകള്‍ തീര്‍ക്കുകയാണ്. കാര്യങ്ങളെല്ലാം സുഗമമായി നീങ്ങുകയാണെങ്കില്‍ അടുത്തവര്‍ഷം ആഗസ്തില്‍ ഈ കുട്ടികള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് താരങ്ങള്‍ക്ക് കീഴില്‍ ഫുട്‌ബോളിന്റെ പുതുപാഠങ്ങള്‍ പഠിക്കും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബില്‍ പരിശീലനം നേടുന്നതിന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുത്തിട്ടുള്ള നാലു കുട്ടികളാണിവര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇഷ്ടതാരത്തിനൊപ്പം കാല്‍പ്പന്ത് കളിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത ദിലീപനെയും ഹൃദയരാജിനെയും ആവേശഭരിതരാക്കുന്നു. ഈ അസുലഭ ഭാഗ്യത്തെക്കുറിച്ച് എന്തുപറയണമെന്ന് ഈ കുട്ടികള്‍ക്കറിയില്ല. വ്യാസര്‍പാടിയിലെ കോര്‍പ്പറേഷന്‍ സ്‌കൂളിനുമുന്നില്‍ ചെളിപിടിച്ചുകിടക്കുന്ന ഗ്രൗണ്ടില്‍ എല്ലാം മറന്നു കളിക്കുകയാണ് ഈ കുട്ടികള്‍.

തങ്കരാജും ഉമാഗണപതിയുമാണ് ഈ കുട്ടികളുടെ പരിശീലകര്‍. ഇവരുടെ മാത്രമല്ല, വ്യാസര്‍പാടിയിലെ ചേരിയിലുള്ള അഞ്ഞൂറോളം കുട്ടികളെ തങ്കരാജും ഉമാഗണപതിയും പരിശീലിപ്പിക്കുന്നുണ്ട്. തങ്കരാജ് ഫോട്ടോഗ്രാഫറാണ്. ഉമാഗണപതി ഇന്‍കംടാക്‌സ് ഓഫീസില്‍ ജോലിനോക്കുന്നു. ഇവര്‍ രണ്ടുപേരും കല്യാണപുരം കോളനിയില്‍ ജനിച്ചുവളര്‍ന്നവരാണ്. സ്വന്തം പ്രയത്‌നനത്താല്‍ നല്ല നിലയിലെത്തിയപ്പോഴും തങ്കരാജും ഉമാഗണപതിയും ചേരി വിട്ടുപോയില്ല. ''ഞങ്ങള്‍ക്ക് പിന്നാലെ വരുന്ന തലമുറയെ എങ്ങനെ കൂടുതല്‍ മെച്ചപ്പെട്ടൊരു ജീവിതത്തിലേക്ക് കൊണ്ടുവരാനാകും എന്നാണ് ഞങ്ങള്‍ നോക്കുന്നത്''- തങ്കരാജും ഉമാഗണപതിയും പറയുന്നു. ''സ്‌പോര്‍ട്‌സ് ഞങ്ങളെ സംബന്ധിച്ചിടത്തോളം സാമൂഹികമാറ്റത്തിനുള്ള ഉപാധിയാണ്. ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങിയതോടെ കൂടുതല്‍ കുട്ടികള്‍ ഇപ്പോള്‍ സ്‌കൂളില്‍ പഠിക്കാന്‍ പോകുന്നുണ്ട്. കൂടുതല്‍ കുട്ടികള്‍ക്ക് ഇപ്പോള്‍ വിദ്യാഭ്യാസം നേടണമെന്ന ചിന്തയുണ്ട്''.

ഫുട്‌ബോള്‍ മാത്രമല്ല, കാരംസിലും ചെസ്സിലുമൊക്കെ ഇപ്പോള്‍ കല്യാണപുരം കോളനിയിലെ കുട്ടികള്‍ മികവു തെളിയിക്കുന്നുണ്ട്. ഭാഗ്യരാജ് എന്ന 17കാരന്‍ കഴിഞ്ഞ നാല് വര്‍ഷമായി കാരംസില്‍ തമിഴ്‌നാട്ടിലെ ചാമ്പ്യനാണ്. അമല എന്ന പെണ്‍കുട്ടിയും കാരംസില്‍ വലിയൊരു വാഗ്ദാനമാണെന്ന് തങ്കരാജ് പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി തങ്കരാജും ഉമാഗണപതിയും വ്യാസര്‍പാടിയിലെ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. ക്രൈ എന്ന സന്നദ്ധ സംഘടനയുടെ രംഗപ്രവേശത്തോടെയാണ് ഈ പരിശീലന പദ്ധതിക്ക് പുതിയൊരു ദിശാബോധം കൈവന്നതെന്ന് രണ്ടുപേരും ചൂണ്ടിക്കാട്ടുന്നു.

ദളിത് സമുദായത്തില്‍പ്പെട്ടവരാണ് കല്ല്യാണപുരം കോളനിയിലുള്ളവരില്‍ ഭൂരിഭാഗവും. കൂലിപ്പണിയെടുത്ത് നിത്യവൃത്തി കഴിക്കുന്നവര്‍. ലഹരിയുടെയും കുറ്റകൃത്യങ്ങളുടെയും കേന്ദ്രമായിരുന്ന ഈ കോളനി ഇന്നിപ്പോള്‍ ജീവിതത്തിന്റെ പ്രസാദാത്മകതയിലേക്ക് വരുന്നതില്‍ തങ്കരാജിന്റെയും ഉമാഗണപതിയുടെയും ക്രൈയുടെയും പങ്ക് ചെറുതല്ല. പുതിയ റേഷന്‍കടകള്‍ക്കുവേണ്ടിയും സ്‌കൂള്‍ ഗ്രൗണ്ടിനുവേണ്ടിയും മിനിമം കൂലിക്ക് വേണ്ടിയുമൊക്കെയുള്ള പോരാട്ടങ്ങളിലേക്ക് ഈ ഇടപെടല്‍ നീളുന്നു. വിവരാവകാശ നിയമത്തിന്റെ ശക്തമായ പ്രയോഗത്തിലേക്കും ചേരിനിവാസികള്‍ ഉണരുന്നതിന് ഇത് കാരണമായിട്ടുണ്ട്.

ദിലീപന്‍ ബംഗ്ലാദേശില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സംഘടിപ്പിച്ച 13 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ക്യാമ്പില്‍ പങ്കെടുത്ത് തിരിച്ചുവന്നിട്ട് അധികമായിട്ടില്ല. ധാക്കയില്‍ പാകിസ്താനെതിരെ ഒരു ഗോളടിച്ചതിന്റെ ത്രില്‍ ഇപ്പോഴും ദിലീപനിലുണ്ട്. ''ഒരു ദിവസം ഇന്ത്യയ്ക്കുവേണ്ടി കളിക്കണം''-നാലു കുട്ടികളും ഒരേ സ്വരത്തില്‍ പറയുന്നു. ഈ മാസം 27 മുതല്‍ ഡിസംബര്‍ 14വരെ ചെന്നൈയില്‍ എ.എഫ്.സി.യുടെ കോച്ചിങ് ക്യാമ്പുണ്ട്. അതുകഴിഞ്ഞാല്‍ ചിലപ്പോള്‍ കൊറിയയില്‍ ഒരു പരിശീലനപരിപാടിക്കും എ.എഫ്.സി.ക്ക് പദ്ധതിയുണ്ട്. അതിനുശേഷമായിരിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിന്റെ പുല്‍ മൈതാനങ്ങളിലേക്ക് ചെന്നൈയില്‍നിന്നുള്ള ഈ മുത്തുകളുടെ ചരിത്രപ്രവേശം.

കെ.എ. ജോണി


 

 




MathrubhumiMatrimonial