NagaraPazhama

എണ്‍പത്തിരണ്ടു വര്‍ഷംമുമ്പ് സ്വന്തം വിമാനത്തില്‍ വന്ന വ്യക്തി ആര്?

Posted on: 13 Mar 2014

മലയന്‍കീഴ് ഗോപാലകൃഷ്ണന്‍



ആര്‍ക്കും അറിയില്ല അത് ആരാണെന്ന്. തിരുവിതാംകൂര്‍ സര്‍ക്കാര്‍ വിമാനസര്‍വീസ് ആരംഭിക്കുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു തിരുവനന്തപുരം സ്വദേശിക്ക് സ്വന്തമായി വിമാനം ഉണ്ടായിരുന്നുവെന്നും അതില്‍ അദ്ദേഹം ബ്രിട്ടനില്‍നിന്ന് നാട്ടിലേക്ക് വരാന്‍ പോകുന്നുവെന്നുമായിരുന്നു ഇംഗ്ലീഷ് വാര്‍ത്ത ഉദ്ധരിച്ച് മലയാളപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷേ ആരായിരുന്നുവെന്നോ സ്വന്തം വിമാനത്തില്‍ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയെന്നോ, വിമാനം എവിടെയാണ് ലാന്‍ഡ് ചെയ്തതെന്നോ ആര്‍ക്കും അറിയില്ല. പില്‍ക്കാലത്ത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാളിന് സ്വന്തമായി ഒരു ഡക്കോട്ട വിമാനം ഉള്ളതായി പഴമക്കാര്‍ക്ക് അറിയാം. പക്ഷേ, ബ്രിട്ടനില്‍ സ്വന്തമായി വിമാനം ഉണ്ടായിരുന്ന തലസ്ഥാനവാസിയെപ്പറ്റി പഴമക്കാര്‍ കേട്ടിട്ടുപോലും ഇല്ല. എന്നാല്‍ ഉത്തരവാദിത്വമുള്ള ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ആ വാര്‍ത്തയെ തള്ളിക്കളയാനും പറ്റില്ല.

1935 ഒക്ടോബര്‍ 29 നാണ് തിരുവനന്തപുരത്തുനിന്ന് കണ്ണൂര്‍-ഗോവ വഴി ബോംബേക്ക് വിമാന സര്‍വീസ് ആരംഭിച്ചത്. ആഴ്ചയിലൊരിക്കല്‍ ബോംബേയില്‍നിന്നും തിരുവനന്തപുരത്തേക്കും ഇവിടെനിന്നും അങ്ങോട്ടും പോക്കുവരവ് നടത്തുന്ന വിമാനസര്‍വീസ് ആളുകള്‍ക്ക് അത്ഭുതമായിരുന്നു. ആദ്യവിമാനം കാണാന്‍ വിമാനത്താവളത്തിനുചുറ്റും മാത്രമല്ല നഗരത്തിന്റെ ഉയര്‍ന്ന പ്രദേശങ്ങളിലും വലിയ കെട്ടിടങ്ങളിലും മരങ്ങളിലുമെല്ലാം ആളുകള്‍ കയറിനിന്നത് പഴമക്കാര്‍ ഓര്‍ക്കുന്നുണ്ട്. തിരുവനന്തപുരത്ത് മാത്രമല്ല കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലെയും ആളുകള്‍ ഈ യാത്രാവിമാനത്തെ അതിശയത്തോടെയാണ് വീക്ഷിച്ചിരുന്നതെന്ന് അന്നത്തെ പത്രറിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഈ സംഭവത്തിന് മൂന്നുവര്‍ഷം മുമ്പ് അതായത് കൊല്ലവര്‍ഷം 1107 മേടം 10 (ഇംഗ്ലീഷ് വര്‍ഷം 1932) ല്‍ അന്ന് 'പ്രതിദിനം' എന്ന പത്രത്തിലാണ് അതിശയിപ്പിക്കുന്ന വാര്‍ത്തവന്നത്. ഈ പത്രം അന്ന് തിരുവനന്തപുരത്തെക്കുറിച്ചും രാജകീയ സര്‍ക്കാരിനെപ്പറ്റിയും ധാരാളം വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ 1931ല്‍ തുറന്നതും അവിടെ അത്യപൂര്‍വമായ നിധിശേഖരം കണ്ടെത്തിയതും സംബന്ധിച്ച് മറ്റ് പത്രങ്ങളോടൊപ്പം പ്രധാനവാര്‍ത്ത അക്കാലത്ത് പ്രസിദ്ധീകരിച്ചതും 'പ്രതിദിനം' ആണ്. ഇതിന്റെയെല്ലാം ഇംഗ്ലീഷ് റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ മുമ്പാകെയുണ്ട്. 1107 മേടം 10ന് പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ശീര്‍ഷകം 'തിരുവിതാംകൂര്‍കാരന്റെ വിമാനയാത്ര' എന്നാണ്. അതില്‍ പറയുന്നത് ഇങ്ങനെയാണ്. ''തിരുവനന്തപുരം സ്വദേശിയും കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി വെയില്‍സിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ അഭ്യാസം നടത്തിക്കൊണ്ടിരിക്കുന്ന ദേഹവുമായ ശ്രീമാന്‍ ജി.പി. നായര്‍ അവര്‍കള്‍ അവിടെനിന്നും ഏപ്രില്‍ മാസത്തില്‍ ഒരു ചെറിയ വിമാനത്തില്‍ സ്വദേശത്തേക്ക് പുറപ്പെടുന്നതാണെന്നുള്ള വിവരം കഴിഞ്ഞ ലക്കം പത്രത്തില്‍ പ്രസ്താവിച്ചിരുന്നുവല്ലോ. ഇപ്പോള്‍ അതേപ്പറ്റി കാര്‍ഡിഫില്‍ നിന്നും പുറപ്പെടുന്നതും ഇന്ന് കിട്ടിയതുമായ 'വെസ്റ്റേണ്‍ മെയില്‍ ആന്‍ഡ് സൗത്ത് വെയില്‍സ് ന്യൂസ്' എന്ന പത്രത്തില്‍ വിശദമായി പ്രസ്താവിച്ചിരിക്കുന്നതിനെ വായനക്കാരുടെ അറിവിലേക്കായി താഴെ വിവരിക്കുന്നു. മദ്രാസിന് സമീപമുള്ള തിരുവനന്തപുരം സ്വദേശിയായ ജി.പി. നായര്‍ അദ്ദേഹത്തിന്റെ സ്വന്തം വക ഒരു ചെറിയ വിമാനത്തില്‍ തനിയെ ഏറ്റവും ചുരുങ്ങിയ സമയംകൊണ്ട് അയ്യായിരം നാഴികദൂരമുള്ള സ്വദേശത്ത് എത്തുന്നതിനായി യാത്ര ചെയ്യുന്നതാണ്. രാത്രിയിലും പകലും ഒരുപോലെ സഞ്ചരിക്കാനാണ് അദ്ദേഹം തീര്‍ച്ചപ്പെടുത്തിയിരിക്കുന്നത്. വളരെ വര്‍ഷങ്ങളായി കാണാന്‍ സാധിച്ചിട്ടില്ലാത്ത വയോവൃദ്ധയായ മാതാവിനെ കണ്ടശേഷം തിരികെ അദ്ദേഹം വിമാനത്തില്‍തന്നെ എത്തുന്നതായിരിക്കും. തിരിച്ചുള്ള യാത്ര പല സ്ഥലങ്ങളിലുമുള്ള വിശ്രമത്തോടുകൂടി ആയിരിക്കും. മിസ്റ്റര്‍ നായര്‍ ഡല്‍ഹിയില്‍നിന്നും പ്രസിദ്ധം ചെയ്തുകൊണ്ടിരുന്ന 'റിപ്പബ്ലിക്' എന്ന പത്രത്തിന്റെ ഉടമസ്ഥനും അധിപനും ആയിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം നിയമവും രാഷ്ട്രമീംമാസയും പഠിക്കാനായി ഇങ്ങോട്ടുവന്നത്.

സര്‍വകലാശാലയിലെ വിദ്യാര്‍ഥികളില്‍ ഇദ്ദേഹത്തിന് മാത്രമേ വിമാനം നയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ. ബ്രുക്ക്‌ലന്‍ഡുസ് വിമാനപരിശീലന സ്‌കൂളിലെ അധ്യാപകനും പ്രസിദ്ധ വ്യോമയാന വിദഗ്ദ്ധനും ആയ ക്യാപ്ടന്‍ ഇ. ജോണ്‍സാണ് ഇദ്ദേഹത്തെ ആദ്യമായി വിമാനം നയിക്കാന്‍ പഠിപ്പിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് നായര്‍ക്ക് വിമാന മന്ത്രിസഭക്കാര്‍ 'എ' ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. വിമാനം നയിച്ച് അധികപരിചയം ലഭിക്കാത്തതിനാല്‍ ഈ യാത്ര ആപല്‍ക്കരമായിരിക്കില്ലേയെന്ന് വെസ്റ്റേണ്‍ മെയിലിന്റെ ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചതിന് ''ജീവിതം ധീരകൃത്യങ്ങളാല്‍ ബഹുലമായിരിക്കണം. അതില്‍നിന്നും പിന്‍തിരിയുന്നവന് ഒന്നുംതന്നെ ചെയ്യാന്‍ സാധിക്കുന്നില്ല'' എന്നായിരുന്നു നായരുടെ മറുപടി. നായര്‍ക്കുവേണ്ടി പണിചെയ്യുന്ന വിമാനം താമസിയാതെ കാര്‍ഡിഫില്‍ എത്തിക്കും. നായരുടെ സഹപാഠികള്‍ അദ്ദേഹത്തിന് യാത്ര പുറപ്പെടുമ്പോള്‍ കെങ്കേമമായ ഒരു യാത്രയയപ്പ് നല്‍കുന്നതാണ്. ലാര്‍ഡ് മേയറും കോര്‍പ്പറേഷന്‍ പ്രതിനിധികളും തദവസരത്തില്‍ ഹാജരായിരിക്കും''-ഇതാണ് 'പ്രതിദിന'ത്തിന്റെ വാര്‍ത്ത.

ആരാണ് ഈ ജി.പി. നായര്‍? അദ്ദേഹം തിരുവനന്തപുരത്ത് എവിടെയാണ് താമസിച്ചിരുന്നത്? വെയില്‍സില്‍ നിന്നും അദ്ദേഹം സ്വന്തം വിമാനത്തില്‍ തിരുവനന്തപുരത്ത് വന്നോ? വിമാനത്താവളമില്ലാതിരുന്ന അക്കാലത്ത് എവിടെയാണ് ലാന്‍ഡ് ചെയ്തത്? 'പ്രതിദിനം' പത്രത്തിന്റെ തുടര്‍ ലക്കങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ അതേപ്പറ്റി ഒന്നും അറിയില്ല. ഇനി ഇതെല്ലാം പത്രത്തിന്റെ ഭാവനാ റിപ്പോര്‍ട്ടായിരുന്നോ? പക്ഷേ, അതിനും സാധ്യത കാണുന്നില്ല. വൈമാനികന്‍ തിരുവനന്തപുരം സ്വദേശി നായര്‍ ജി.പിയെപ്പറ്റി ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അത് ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ പുതിയ വാതായനം ആയിരിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല.



MathrubhumiMatrimonial