
അമ്മയേയും മകളേയും മരണത്തില്‍ നിന്ന് സുനില്‍ മടക്കിവിളിച്ചു
Posted on: 10 Jun 2009

തുറവൂര്‍ ടിഡി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥി, ചമ്മനാട് രശ്മിയില്‍ രാധാകൃഷ്‌നന്റെയും ശ്രീകുമാരിയുടെയും മകന്‍ സുനിലിന്റെ മനഃസാന്നിധ്യവും സമയോചിത ഇടപെടലുമാണ് മല്ലികയേയും മകള്‍ നീതുവിനേയും രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.40-ന് തുറവൂര്‍ ടിഡി സ്‌കൂളിനു മുന്നിലെ നീതു കമ്പ്യൂട്ടര്‍ സെന്ററില്‍ ആണ് സംഭവം. അച്ഛന്‍ ദാമുവിന്റെ ഉടമസ്ഥതയിലുള്ള കടയില്‍ എത്തിയ ടിഡി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ നീതുവിന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് ഷോക്കേറ്റത്. ഷോക്കേറ്റു പിടഞ്ഞ നീതുവിന്റെ കൈകളില്‍, കടയില്‍ ഉണ്ടായിരുന്ന അമ്മ മല്ലിക കസേര കൊണ്ട് അടിച്ചെങ്കിലും കസേര തെറിച്ചതല്ലാതെ യുപിഎസ്സുമായുള്ള ബന്ധം വിട്ടില്ല. ഇവരുടെ അലര്‍ച്ച കേട്ട് നിരവധിപ്പേര്‍ എത്തിയെങ്കിലും ഭയത്താല്‍ ആരും അടുത്തില്ല. രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പാഴായപ്പോഴാണ് മരണം ഉറപ്പിച്ച മല്ലിക എല്ലാം മറന്ന് മകളെ കെട്ടിപ്പുണര്‍ന്നത്.
ഞൊടിയിടയിലാണ് സുനില്‍ പാഞ്ഞടുത്ത് ചെരിപ്പുധരിച്ച കാലുകൊണ്ട് മല്ലികയേയും നീതുവിനേയും തൊഴിച്ചു മാറ്റിയത്. കൂട്ടുകാരും നാട്ടുകാരും അധ്യാപകരും സുനിലിന്റെ ധീരതയെ പുകഴ്ത്തുമ്പോഴും തന്റെ പ്രവൃത്തിയില്‍ രണ്ടു ജീവന്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷം മാത്രമാണീ വിദ്യാര്‍ഥിക്ക്.
