പിണറായി നിയമത്തിന് വഴങ്ങണം - ഉമ്മന്‍ചാണ്ടി

Posted on: 09 Jun 2009


തിരുവനന്തപുരം: ലാവലിന്‍ കേസില്‍ നിയമപരമായ വിചാരണയ്ക്ക് പിണറായി വിജയന്‍ വിധേയനാകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയപ്രേരിതമാണെങ്കില്‍ മുഖ്യമന്ത്രിയെയും ഘടകകക്ഷികളെയും ബോധ്യപ്പെടുത്തുകയാണ് ആദ്യം പിണറായി വിജയനും സി.പി.എമ്മും ചെയ്യേണ്ടതെന്ന് തിങ്കളാഴ്ച പത്രസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. കരിദിനത്തിന്റെ മറവില്‍ കായികമായി ജനങ്ങളെ നേരിടാനാണ് സി.പി.എം ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അഴിമതി ആരോപണത്തിന് വിധേയനായ ആളെ കുറ്റവിമുക്തനാക്കേണ്ടത് കോടതിയാണോ പാര്‍ട്ടിയാണോ എന്നദ്ദേഹം ചോദിച്ചു. സി.എ.ജി. ചൂണ്ടിക്കാട്ടുകയും സി.ബി.ഐ. കണ്ടെത്തുകയും ചെയ്ത വസ്തുത ഗവര്‍ണര്‍ പരിശോധിക്കുകയായിരുന്നു. ജനവിധിയിലൂടെ അക്കാര്യം ജനങ്ങളും അംഗീകരിച്ചുകഴിഞ്ഞു. പാര്‍ട്ടി കുറ്റവിമുക്തനാക്കിയതുകൊണ്ട് എല്ലാം കഴിഞ്ഞുവെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഗവര്‍ണറുടെ അനുമതി വരെ സി.പി.എം കാത്തിരിക്കരുതായിരുന്നു. വൈകിയാണെങ്കിലും നിയമനടപടിക്ക് വിധേയനാകാന്‍ പിണറായി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണമെന്ന് താന്‍ പറയില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അക്കാര്യത്തില്‍ പിണറായിയും സി.പി.എമ്മുമാണ് തീരുമാനമെടുക്കേണ്ടത് എന്നദ്ദേഹം വ്യക്തമാക്കി. സി.ബി.ഐ. കേസിനോട് സി.പി.എം കാണിക്കുന്ന വെപ്രാളം ജനങ്ങളില്‍ സംശയമുണര്‍ത്തുന്നതാണ്. പ്രശ്‌നത്തെ കായികമായി നേരിടാനുള്ള തീരുമാനത്തിന് ഉത്തരവാദി പൊളിറ്റ് ബ്യൂറോയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്കിയത് ആദ്യമായി പൊളിറ്റ് ബ്യൂറോയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.




MathrubhumiMatrimonial