പി.ബി. പിണറായിക്കൊപ്പം

Posted on: 09 Jun 2009


ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ പിണറായി വിജയനൊപ്പം ഉറച്ചുനില്‍ക്കുമെന്നുറപ്പായി. തിങ്കളാഴ്ച ചേര്‍ന്ന അവെയ്‌ലബിള്‍ പി.ബി. യോഗത്തിനുശേഷം പാര്‍ട്ടി കേന്ദ്രകമ്മിറ്റി പുറത്തുവിട്ട പത്രക്കുറിപ്പില്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആവര്‍ത്തിച്ചു.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.ക്ക് അനുമതികൊടുത്ത ഗവര്‍ണര്‍ ആര്‍.എസ്.ഗവായ്‌യുടെ നടപടി നിര്‍ഭാഗ്യകരമായിപ്പോയെന്ന് പത്രക്കുറിപ്പ് കുറ്റപ്പെടുത്തി. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്നും പത്രക്കുറിപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ചേര്‍ന്ന അവെയ്‌ലബിള്‍ പി.ബി. യോഗം 40 മിനിറ്റോളം നീണ്ടു. ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെയും മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയുടേയും അഭാവത്തില്‍ എം.കെ. പാന്ഥെ, വരദരാജന്‍, എസ്. രാമചന്ദ്രന്‍പിള്ള, വൃന്ദകാരാട്ട് തുടങ്ങിയവരാണ് യോഗം ചേര്‍ന്നത്.

യോഗത്തിനിടയില്‍ കാരാട്ടുമായി ടെലഫോണില്‍ ബന്ധപ്പെട്ടതായി വിശ്വസ്തകേന്ദ്രങ്ങള്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം അഴിമതിക്കേസില്‍ പ്രോസിക്യൂഷന് വിധേയനാകുന്നത്. ലാവലിന്‍ കേസില്‍ സി.പി.എം. നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പി.ബി.യോഗത്തിന് മുമ്പ് വൃന്ദാകാരാട്ട് പറഞ്ഞു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിത്. പാര്‍ട്ടി കേസിനെ നേരിടുമെന്ന് പി.ബി.യും സംസ്ഥാന സെക്രട്ടേറിയറ്റും നേരത്തേതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്- വൃന്ദപറഞ്ഞു.

സി.ബി.ഐ.യെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്ന് മറ്റൊരു പൊളിറ്റ് ബ്യൂറോ അംഗമായ എം.കെ.പാന്ഥെയും ആരോപിച്ചു. എന്നാല്‍ 19ന് ചേരുന്ന പി.ബി.യോഗത്തില്‍ ഈ വിഷയം ആരെങ്കിലും ഉന്നയിച്ചാല്‍ തീര്‍ച്ചയായും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി.ബി. യോഗത്തില്‍ ലാവലിന്‍ വിഷയം വിശദമായി ചര്‍ച്ചചെയ്യുമെന്ന് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞ സ്ഥിതിക്ക് അദ്ദേഹം ഈ വിഷയം ഉന്നയിക്കുമെന്നതുറപ്പാണ്. ആന്ധ്രപ്രദേശില്‍ സന്ദര്‍ശനം നടത്തുന്ന പ്രകാശ് കാരാട്ട് കേരളത്തില്‍ എത്തിയ ശേഷമായിരിക്കും ഡല്‍ഹിയില്‍ തിരിച്ചെത്തുക.




MathrubhumiMatrimonial