ലാവലിന്‍: യഥാര്‍ഥ പോരാട്ടം സി.പി.എമ്മില്‍ത്തന്നെ

Posted on: 08 Jun 2009


തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നിടത്തോളം എത്തിനില്‍ക്കുന്ന എസ്.എന്‍.സി. ലാവലിന്‍ അഴിമതി സംബന്ധിച്ച അന്വേഷണത്തിനും തുടര്‍നടപടികള്‍ക്കും സി.പി.എമ്മിലെ സമീപകാല വിഭാഗീയതയോളം പഴക്കം. പിണറായിക്കെതിരായ വിജിലന്‍സ് കേസിന്റെ ഉത്ഭവത്തിന് സി.പി.എമ്മിലെ ഗ്രൂപ്പിസവുമായി പ്രത്യക്ഷ ബന്ധമില്ലെങ്കിലും തുടര്‍ന്നുള്ള സംഭവങ്ങളിലെല്ലാം പാര്‍ട്ടിയിലെ വിഭാഗീയത മുഖ്യപങ്കു വഹിച്ചുവെന്നതാണ് സത്യം.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണ ചുമതല പിണറായിയുടെ ഭരണകാലത്ത് എസ്.എന്‍.സി. ലാവലിന്‍ കമ്പനിയെ ഏല്പിച്ചതുതന്നെ അന്ന് സി.പി.എം. പി.ബി. അംഗമായിരുന്ന ഇ.ബാലാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു.

പിന്നീട് ടി.എം.ജേക്കബിന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌നന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. എം.എല്‍.എമാരും രംഗത്തെത്തിയെങ്കിലും അന്ന് അത് സി.പി.എമ്മില്‍ ചലനമുണ്ടാക്കിയില്ല. എന്നാല്‍, സി.പി.എം. മലപ്പുറം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തമ്മിലുള്ള ഗ്രൂപ്പുയുദ്ധം മുറുകിയപ്പോള്‍ സ്വാഭാവികമായും എസ്.എന്‍.സി. ലാവലിന്‍ വി.എസ്.പക്ഷത്തിന്റെ ആയുധമായി.

തുടര്‍ന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എസ്.എന്‍.സി. ലാവലിന്‍ കരാറിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് ആയുധമാക്കി കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. അച്യുതാനന്ദന്‍ നീക്കം തുടങ്ങി. പിന്നീട് സംസ്ഥാന വിജിലന്‍സ് പിണറായിയെ കുറ്റവിമുക്തനാക്കിയെങ്കിലും യു.ഡി.എഫ്. സര്‍ക്കാര്‍ കേസന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. തുടര്‍ന്ന് വന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേസ് സി.ബി.ഐ. അന്വേഷിക്കേണ്ടായെന്ന നിലപാടാണ് സ്വീകരിച്ചത്. ആ നിലപാടു തള്ളി ഹൈക്കോടതി അന്വേഷണച്ചുമതല സി.ബി.ഐയെത്തന്നെ ഏല്പിച്ചു. ഈ കാലത്തെല്ലാം എന്‍.എന്‍.സി. ലാവലിന്‍ കരാര്‍ ഉയര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ വി.എസ്. പോരാട്ടം തുടര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവകേരള മാര്‍ച്ച് പിണറായിയുടെ നേതൃത്വത്തില്‍ നടത്താന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ച സാഹചര്യത്തിലാണ് കേസില്‍ പിണറായി കുറ്റക്കാരനാണെന്ന സി.ബി.ഐയുടെ കണ്ടെത്തലുണ്ടായത്. സി.ബി.ഐ. കണ്ടെത്തല്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ത്തന്നെ ഡല്‍ഹിയിലെത്തി പിണറായിയെ നവകേരള മാര്‍ച്ച് നയിക്കാനനുവദിക്കരുതെന്ന ആവശ്യം വി.എസ്. മുന്നോട്ടുവെച്ചു. ലാവലിന്‍ കരാര്‍ സംബന്ധിച്ച് പാര്‍ട്ടി സമഗ്രമായ ചര്‍ച്ച നടത്തണമെന്നും വി.എസ്. ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് നവകേരള യാത്രയില്‍ പങ്കെടുക്കില്ലെന്ന നിലപാട് ഒടുവില്‍ തിരുത്തിയെങ്കിലും പാര്‍ട്ടിക്കുള്ളിലും പുറത്തും തന്റെ നിലപാട് വി.എസ്. മാറ്റിയില്ല. പല സന്ദര്‍ഭങ്ങളിലും പൊതുവേദികളില്‍ത്തന്നെ പിണറായിക്കെതിരെ ഒളിയമ്പുകളെയ്യാനും വി.എസ്. തയ്യാറായി. ഏറ്റവും ഒടുവില്‍ മന്ത്രിസഭാ യോഗത്തിലും വി.എസ്. പാര്‍ട്ടി നിലപാട് ലംഘിച്ചു.

ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം അംഗീകരിച്ച് തീരുമാനമെടുക്കണമെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചാണ് ഈ കാര്യത്തില്‍ തന്റെ നിലപാട് വി.എസ്. ജനങ്ങളെ അറിയിച്ചത്.

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ യു.ഡി.എഫിനേ ക്കാള്‍ തങ്ങള്‍ക്ക് വിനാശകരമായത് മുഖ്യമന്ത്രിയും പി.ബി. അംഗവുമായ വി.എസിന്റെ നിലപാടുകളാണെന്ന കാര്യം പിണറായി പക്ഷത്തിനും ബോധ്യമുണ്ട്. വി.എസ്സിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കാനുള്ള അവരുടെ നീക്കങ്ങള്‍ക്ക് പിന്നിലെ കാരണവും ആ തിരിച്ചറിവു തന്നെ.




MathrubhumiMatrimonial