'രാഷ്ട്രീയപ്രേരിതം തന്നെ': നിലപാടില്‍ മാറ്റമില്ലാതെ സി.പി.എം.

Posted on: 08 Jun 2009


ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ കേരള ഗവര്‍ണര്‍ ആര്‍.എസ്. ഗവായി അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ജൂണ്‍ 19 ന് ആരംഭിക്കുന്ന സി.പി.എം. നേതൃയോഗങ്ങള്‍ നിര്‍ണായകമാകും. 19 ന് ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗവും തുടര്‍ന്ന് രണ്ടുദിവസങ്ങളില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റിയോഗവും ലാവലിന്‍ വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പു ഫലത്തിന്റെ അവലോകനമാണ് യോഗത്തിന്റെ പ്രഖ്യാപിത അജന്‍ഡ. അതേസമയം, ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടായിരിക്കും പാര്‍ട്ടി നേതൃത്വം തല്‍ക്കാലം വിഷയം കൈകാര്യംചെയ്യുകയെന്നാണ് സൂചന.

ഡല്‍ഹിയിലുള്ള പി.ബി. അംഗങ്ങളുടെ തിങ്കളാഴ്ചത്തെ യോഗത്തില്‍ ലാവലിന്‍ വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും തീരുമാനമോ നടപടിയോ ഉണ്ടാവില്ല. ഇടയ്ക്ക് ഉയര്‍ന്നുവരുന്ന രാഷ്ട്രീയവിഷയങ്ങള്‍ സ്വാഭാവികമായും 'അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ' (ഡല്‍ഹിയിലുള്ള അംഗങ്ങള്‍) ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന അംഗങ്ങളായ എസ്.കെ. പാന്ഥെയും വരദരാജനും ചൂണ്ടിക്കാട്ടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും തലസ്ഥാനത്തില്ല. എസ്. രാമചന്ദ്രന്‍ പിള്ള, വൃന്ദാ കാരാട്ട്, വരദരാജന്‍, എസ്.കെ. പാന്ഥെ എന്നീ പൊളിറ്റ് ബ്യൂറോ അംഗങ്ങളാണ് ഡല്‍ഹിയിലുള്ളത്.

ലാവലിന്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് നേരത്തേ പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയ കാര്യം എസ്. രാമചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടി. നിയമപരമായ നടപടി അടുത്ത പൊളിറ്റ് ബ്യൂറോ യോഗത്തിനുമുമ്പ് തന്നെ ആവശ്യമാണെങ്കില്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച് നടപടി സ്വീകരിക്കും. ഗവര്‍ണറുടെ അനുമതിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനെതിരെ കുറ്റപത്രവുമായി സി.ബി.ഐ.മുന്നോട്ടു പോവുകയാണെങ്കില്‍ പൊളിറ്റ് ബ്യൂറോയുടെ അടുത്തയോഗം വരെ കാത്തിരിക്കാതെ തന്നെ പാര്‍ട്ടി നിയമപരമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളും. എന്തായാലും പ്രോസിക്യൂഷന്‍ വിഷയം കോടതിയിലേ തീരൂ.

ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ഔദ്യോഗിക നിലപാട് പാര്‍ട്ടി തല്‍ക്കാലം മാറ്റില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന വ്യക്തമായ സൂചന. അതായത് ഗവര്‍ണറുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പിണറായി വിജയനെതിരെ പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കം ഉണ്ടാവില്ല. കേസുമായി മുന്നോട്ടു പോകുമ്പോള്‍ പിണറായി വിജയനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തില്ലെന്ന് ഉറപ്പ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ത്തന്നെ, പ്രോസിക്യൂഷന് അനുമതി നല്‍കിയ നടപടിയെ കോടതിയില്‍ എതിര്‍ക്കുകയും രാഷ്ട്രീയമായി പ്രചാരണം നടത്തുകയും ചെയ്യുക എന്ന സമീപനമാണ്‌സി.പി.എം.ഇപ്പോള്‍ സ്വീകരിക്കുക. അതേസമയം, ധാര്‍മികത കണക്കിലെടുത്ത് പിണറായി സെക്രട്ടറിസ്ഥാനം ഒഴിയണമെന്ന നിലപാട് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് ഉണ്ടെങ്കിലും അത് കണക്കിലെടുക്കാതിരിക്കാനാണ് സാധ്യത.





MathrubhumiMatrimonial