സി.പി.എം.നേതാക്കള്‍ ഒഴിഞ്ഞുനിന്നു; വി.എസ്.പ്രതികരിച്ചില്ല

Posted on: 08 Jun 2009


കൊല്ലം:ലാവലിന്‍ അഴിമതിക്കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതറിഞ്ഞശേഷം കൊല്ലത്തെത്തിയ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാതെ ഒഴിഞ്ഞുമാറി.

എകൈ്‌സസ് സ്റ്റാഫിന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി, ചടങ്ങിനുശേഷം അതിവേഗം കാറിനടുത്തേക്ക് നീങ്ങി. ഇതിനിടയില്‍ കാറിനടുത്തേക്ക് കൂട്ടമായെത്തിയ മാധ്യമപ്രവര്‍ത്തകരെ ശ്രദ്ധിക്കാതെ പൊടുന്നനെ കാറില്‍ കയറി മടങ്ങി. സാധാരണയില്‍ കവിഞ്ഞ പോലീസ് സുരക്ഷയായിരുന്നു കൊല്ലത്ത് മുഖ്യമന്ത്രിക്ക് ഒരുക്കിയത്.

പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദി വിടാനൊരുങ്ങിയപ്പോള്‍ വി.എസ്.അനുകൂല മുദ്രാവാക്യങ്ങള്‍ മുഴങ്ങി. ധീരാ ധീരാ വി.എസ്സേ, ലക്ഷംലക്ഷം പിന്നാലെ... മുഖ്യമന്ത്രി കൈയുയര്‍ത്തി അഭിവാദ്യം നല്‍കി.

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലോ ടൗണ്‍ഹാളിന് സമീപത്തോ ഒരു സി.പി.എം.നേതാവുപോലും വന്നില്ല. ജില്ലാ സെക്രട്ടറിയടക്കം സി.പി.എം.ജില്ലാ നേതാക്കളുടെ അസാന്നിധ്യം സമ്മേളനസ്ഥലത്ത് ചര്‍ച്ചയായി. സമ്മേളനത്തില്‍ പ്രാസംഗികനായിരുന്നു സി.പി.എം.ജില്ലാ സെക്രട്ടറി. മുഖ്യമന്ത്രി വേദി വിടുന്നതിന് അല്പംമുമ്പ് മാത്രമാണ് അയിഷാപോറ്റി എം.എല്‍.എ. ചടങ്ങിനെത്തിയത്.



MathrubhumiMatrimonial