സി. പി. എം നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നു

Posted on: 08 Jun 2009

പി. ബസന്ത്‌



തിരുവനന്തപുരം: അഴിമതി കേസ്സുകളില്‍ സി. പി. എം എടുക്കുന്ന നിലപാടിന ് രാഷ്ട്രീയരംഗം കാതോര്‍ത്തിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ദേശീയതലത്തിലും സംസ്ഥാനത്തും ഉയര്‍ന്ന ആരോപണങ്ങളില്‍ രാഷ്ട്രീയ ധാര്‍മികതയ്ക്ക് വേണ്ടിയുള്ള സി. പി. എമ്മിന്റെ നിലപാടുകള്‍ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും ലഭ്യമാക്കിയ പ്രതിച്ഛായ ഏറെയായിരുന്നു. എന്നാല്‍, ലാവലിന്‍ കേസ് ഉടലെടുത്തതോടെ, അഴിമതിയെ സാങ്കേതികമായി സമീപിക്കുകയെന്ന നിലപാടിലേക്ക് പാര്‍ട്ടി മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇന്നലെകളില്‍ രാഷ്ട്രീയ ധാര്‍മികതയ്ക്ക് വേണ്ടി നിലകൊണ്ട പാര്‍ട്ടി, സാങ്കേതിക പ്രശ്‌നങ്ങളില്‍ കടിച്ചു തൂങ്ങി, പാര്‍ട്ടി സെക്രട്ടറിക്കെതിരെയുള്ള ആരോപണത്തെ ചെറുക്കാന്‍ ഇറങ്ങുകയായിരുന്നു എന്ന ആരോ പണത്തെ ചെറുക്കാനാവാത്ത സ്ഥിതി യില്‍ എത്തി.

പിണറായി വിജയനെ പ്രതി ചേര്‍ത്ത നടപടി രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച,് എതിരാളികള്‍ക്കെതിരെ അവര്‍ കുറ്റാ രോപണവും ചൊരിഞ്ഞു. കോണ്‍ഗ്രസുകാരനായ ജി. കാര്‍ത്തികേയനെ കേസ്സില്‍ നിന്നൊഴിവാക്കി, കോടികളുടെ കണക്കില്‍ പിശകുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വന്നത് ഇതിന്റെ ഭാഗ മായിട്ടായിരുന്നു. കോടതിയില്‍ തെളിയിക്കേണ്ട നിരപരാധിത്വം പാര്‍ട്ടി സംവിധാനത്തില്‍ തെളിയിച്ചാല്‍ മതിയെന്ന നിലപാടും അവര്‍ കൈക്കൊണ്ടു. നിയമപരമായും രാഷ്ട്രീയപരമായും കേസ്സിനെ നേരിടുമെന്ന് പരസ്യമായി പറയുമ്പോഴും, അകത്തളങ്ങളില്‍ കേസ്സിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളായിരുന്നു സി. പി. എം ഔദ്യോഗിക നേതൃത്വം നടത്തിയിരുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്‍മേല്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കി. ഇത് വിവാദമായപ്പോള്‍ അതില്‍ നിന്ന് തലയൂരാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് പറഞ്ഞു നിഷേധക്കുറിപ്പ് പുറത്തിറക്കി.
ഒരു അഴിമതി കേസുയര്‍ത്തി ഒരു പാര്‍ട്ടിയെ മുഴുവനായി കുറ്റപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍,വിഷയമതല്ല. ഇത്തരം ആരോപണങ്ങളുണ്ടായാല്‍ അതിനെ ഒരു ബഹുജന പ്രസ്ഥാനം നേരിടുന്നത് എങ്ങനെയെന്ന ചോദ്യത്തിനാണ് കേരളത്തിന്റെ മനസ്സാക്ഷി ഉത്തരം കാത്തിരിക്കുന്നത്. സാങ്കേതികത്വത്തിന്റെ മറവില്‍ ഒളിക്കാനാണ് പാര്‍ട്ടി നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നത്. നവീകരണ കരാറിന് പകരം മലബാര്‍ ക്യാന്‍സര്‍ സെന്ററിന് പണം വാങ്ങിയത് തെറ്റാണോ എന്ന ചോദ്യമാണ് സി. പി. എം ആവര്‍ത്തിച്ചു കേരളത്തിലെ ജനങ്ങളോട് ചോദിക്കുന്നത്. ആഗോളീകരണ വികസന സങ്കല്‍പ്പത്തില്‍ കമ്മീഷന്‍ ഒരു ഘടകമായിരിക്കാം. അതു പണമായിട്ടായാലും ആശുപത്രിയായിട്ടായാലും ആഗോളീകരണത്തില്‍ ഊന്നിയ വികസന സങ്കല്‍പ്പവും ഊഹമൂലധനവുമാണ് സി. പി. എമ്മിനും ഇപ്പോള്‍ പ്രിയമെന്ന ആക്ഷേപം ശക്തമായി കടന്നുവന്നിരിക്കുന്നു.
ലാവലിന്‍ കേസ്സില്‍ സി. പി. എം സ്വീകരിച്ച നിലപാട് ഇനി മറ്റെല്ലാ കേസ്സിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയപ്രേരിതമെന്ന നിലപാട് മറ്റ് പാര്‍ട്ടികളും സ്വീകരിച്ചാല്‍ സി. പി. എമ്മിന് മറുപടി പറയാന്‍ പറ്റില്ല.





MathrubhumiMatrimonial