കുറ്റപത്രം നല്‍കിയാലും വിചാരണയ്ക്ക് നാലുവര്‍ഷം കഴിയണം

Posted on: 08 Jun 2009


കൊച്ചി: ലാവലിന്‍ കേസില്‍ ഒന്‍പതാം പ്രതിയായ മുന്‍ വൈദ്യുതി മന്ത്രി പിണറായി വിജയന് എതിരെ സിബിഐക്ക് ഉടനെ കുറ്റപത്രം നല്‍കാം. സിബിഐ കേസുകള്‍ വിചാരണ ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ലാവലിന്‍ കേസ് വിചാരണ ചെയ്യുക.

എന്നാല്‍ കേസിന്റെ വിചാരണ തുടങ്ങാന്‍ ഏറ്റവും ചുരുങ്ങിയത് നാലുവര്‍ഷം എടുക്കും. അത് ചിലപ്പോള്‍ നീളുകയും ചെയ്യാം. കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്യുന്ന മുറയ്ക്കാണ് വിചാരണ തുടങ്ങുക. ഇടയ്ക്കുവെച്ച് ഒരു കേസ് മാത്രം എടുത്ത് വിചാരണ ചെയ്യാറില്ല. അല്ലെങ്കില്‍ കേസില്‍ പ്രതികള്‍ ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ച് വേഗത്തില്‍ കേസ് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് നേടിയിരിക്കണം. എന്നാല്‍ വിചാരണ വേഗത്തിലാക്കാം.
2005-ല്‍ സിബിഐ കുറ്റപത്രങ്ങള്‍ ഫയല്‍ ചെയ്തിട്ടുള്ള കേസുകളാണ് ഇപ്പോള്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ വിചാരണ നടന്നുവരുന്നത്. 1999-ല്‍ കുറ്റപത്രം നല്‍കിയ ഒരു കേസിന്റെ വിചാരണ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ. പിണറായി വിജയന്‍ പ്രതിയായ കേസ്, മറ്റ് തടസ്സങ്ങള്‍ ഇല്ലെങ്കില്‍ വിചാരണ തുടങ്ങാന്‍ 2013 വരെയെങ്കിലും ചുരുങ്ങിയത് കാത്തിരിക്കണം. സിബിഐയുടെ ഭാഗത്തുനിന്ന് ഏതാണ്ട് 150-ഓളം സാക്ഷികളുണ്ട്. അതേസമയം വിചാരണ തുടങ്ങി ഒരു വര്‍ഷമായി സ്തംഭനാവസ്ഥ നേരിടുന്ന ഒരു കേസും സിബിഐ കോടതിയിലുണ്ട്. ചേകന്നൂര്‍ മൗലവി കൊലക്കേസില്‍ വിദേശത്തുള്ള ഒരു സാക്ഷിയെ കിട്ടാത്തതിനാലാണ് വിചാരണ മുടങ്ങിക്കിടക്കുന്നത്. പ്രതികള്‍ സാക്ഷിയെ സ്വാധീനിച്ചതിനാല്‍ കോടതിയില്‍ മൊഴി നല്‍കാന്‍ എത്തുന്നില്ലെന്നാണ് സിബിഐ പറയുന്നത്. സാക്ഷിയെ കണ്ടെത്താന്‍ സിബിഐക്കും കഴിയുന്നില്ല. നിര്‍ണായക തെളിവ് നല്‍കാന്‍ കഴിയുന്ന ഈ സാക്ഷിയില്ലാതെ വിചാരണ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് ജഡ്ജിയായിരുന്ന ചന്ദ്രശേഖര പിള്ള ഉത്തരവിട്ടത്. 16 വര്‍ഷംമുമ്പ് നടന്ന കെ.ജി. മുന്ന കൊലക്കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല. 40-ഓളം വര്‍ഷം മുമ്പ് നടന്ന നക്‌സലൈറ്റ് വര്‍ഗീസ് വധക്കേസില്‍ കുറ്റപത്രം നല്‍കിയതാണെങ്കിലും വിചാരണ മുടങ്ങിക്കിടക്കുന്നു. മുന്‍ ഡിജിപി വിജയനും മുന്‍ ഐജി ലക്ഷ്മണയുമാണ് ഈ കേസിലെ പ്രതികള്‍. സിസ്റ്റര്‍ അഭയ കൊലക്കേസിലെ പ്രതികള്‍ നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റപത്രം ഉടന്‍ നല്‍കിയാലും ഈ കേസിലും വിചാരണ തുടങ്ങാന്‍ ചുരുങ്ങിയത് നാലുവര്‍ഷമെങ്കിലും വേണ്ടിവന്നേക്കും.




MathrubhumiMatrimonial