
രാജ്ഭവന്‍ പൂര്‍ത്തിയാക്കിയത് 'ഹൈടെന്‍ഷന്‍' ദൗത്യം
Posted on: 08 Jun 2009
ശരത് കൃഷ്ണ

വെള്ളയമ്പലത്തെ മനോഹരമായ വഴിയരികില്‍ ശാന്തമായി നിലകൊള്ളുകയായിരുന്നു രാജ്ഭവന്‍ ഇക്കാലമത്രയും. കേരളത്തിന്റെ 'പ്രഥമ പൗരന്മാര്‍' വാര്‍ത്തകളില്‍ നിന്ന് എപ്പോഴും ഒഴിഞ്ഞു നിന്നു.പക്ഷേ വിവാദത്തിന്റെ വൈദ്യുതാഘാതം തീര്‍ത്ത ലാവലിന്‍ കേസ് ഗവര്‍ണറുടെ ഓഫീസിനും ഹൈടെന്‍ഷന്‍ സമ്മാനിച്ചു.ചരിത്രത്തിലാദ്യമായി ജനശ്രദ്ധയുടെ കണ്ണുകളത്രയും രാജ്ഭവനിലേക്ക് തിരിഞ്ഞ നാളുകള്‍ക്കൊടുവിലാണ് മഹാരാഷ്ട്രക്കാരനായ ആര്‍.എസ്. ഗവായി കേരളം കാത്തിരുന്ന വിധിയില്‍ ഒപ്പുവെച്ചത്്.
ലാവലിന്‍ കേസില്‍ സി.ബി.ഐ പ്രോസിക്യൂഷന്‍ അനുമതി തേടിയപ്പോള്‍ തുടങ്ങിയതാണ് ഗവര്‍ണറുടെ ഓഫീസിന്റെ കഠിനാധ്വാനം. മൂന്നു വലിയ പെട്ടികളിലായി കിട്ടിയ രേഖകളത്രയും പരിശോധിക്കുകയായിരുന്നു ആദ്യ വെല്ലുവിളി.ഇതിനൊപ്പം നിയമജ്ഞന്മാരുമായുള്ള ചര്‍ച്ചയും ഗവര്‍ണര്‍ ആരംഭിച്ചു.ബാംഗ്ലൂര്‍,ഹൈദരാബാദ്,ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ വിദഗ്ദ്ധരെ നേരില്‍ കണ്ട് അഭിപ്രായമാരായാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തന്നെ അദ്ദേഹം നിയോഗിച്ചു.
ആക്ഷേപങ്ങള്‍ക്കിടനല്‍കാത്ത അന്തിമതീരുമാനമാണ് ഗവര്‍ണര്‍ ആഗ്രഹിച്ചത്.അതുകൊണ്ടുതന്നെ,സംശയമുള്ള കാര്യങ്ങളിലെല്ലാം അദ്ദേഹം വിശദീകരണം തേടി. പക്ഷേ ഇതിനിടയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയും ഗവര്‍ണറുടെ മകന്‍ രാജേന്ദ്ര ഗവായി മഹാരാഷ്ട്രയിലെ അമരാവതിയില്‍ സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തതോടെ അഭ്യൂഹങ്ങളുടെ അണക്കെട്ട് തുറന്നു.
രാജേന്ദ്രക്ക് സി.പി.എം.പി ന്തുണ നല്‍കുന്നു എന്ന വാര്‍ത്തയാണ് ആദ്യം പ്രചരിച്ചത്.തൊട്ടുപിന്നാലെ സി.പി.എം മഹാരാഷ്ട്ര ഘടകം സെക്രട്ടറി അശോക് ദാവ്‌ലെ ഇത് നിഷേധിച്ചു. കേരളത്തിലെ പാര്‍ട്ടിസെക്രട്ടറിയുടെ കേസില്‍ അങ്ങനെ മഹാരാഷ്ട്രയിലെ പാര്‍ട്ടി സെക്രട്ടറിക്ക് പ്രതികരിക്കേണ്ടി വന്നു.
ഇതോടെ ചാരക്കണ്ണുകളെ ഭയന്ന്് സ്വന്തം നാട്ടിലേക്കുള്ള യാത്രകള്‍ തന്നെ ഉപേക്ഷിക്കേണ്ട ഗതികേടിലായി ഗവര്‍ണര്‍.ഇതുമൂലം മൂന്ന് അടുത്ത ബന്ധുക്കളുടെ വിവാഹത്തില്‍ അദ്ദേഹത്തിന് പങ്കുകൊള്ളാനായില്ല.
രാജ്ഭവന്‍ ഉദ്യോഗസ്ഥരുടെ ചലനങ്ങളും തിരുവനന്തപുരത്ത് ചര്‍ച്ചയായി.ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ ഇടയ്ക്ക് മുംബൈക്ക് പോയതിനെ ചിലര്‍ ലാവലിന്‍ ചര്‍ച്ചകളോട് കൂട്ടിവായിച്ചു.യഥാര്‍ത്ഥത്തില്‍ മകന്റെ പഠനസംബന്ധമായ ആവശ്യങ്ങള്‍ക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര!!
ഓരോ ദിവസവും രാജ്ഭവന്‍ കേന്ദ്രീകരിച്ച് മാധ്യമങ്ങള്‍ പുതിയ കഥകള്‍ മെനഞ്ഞപ്പോള്‍ അപൂര്‍വ്വമായി മാത്രമുള്ള ഒരു നടപടിക്ക് ഗവര്‍ണര്‍ നിര്‍ബന്ധിതനായി.ലാവലിന്‍ കേസില്‍ എല്ലാ വശങ്ങളും പഠിച്ചശേഷം മാത്രമേ അവസാനതീരുമാനമുണ്ടാകൂ എന്ന് വ്യക്തമാക്കി അദ്ദേഹം പത്രക്കുറിപ്പിറക്കി. മാധ്യമങ്ങള്‍ വ്യത്യസ്തതരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതുകൊണ്ടാണ് ഈ വിശദീകരണമെന്ന് അതില്‍ പ്രത്യേകം പറഞ്ഞിരുന്നു.
യു.ഡി.എഫ് നിവേദകസംഘം രണ്ടാംവട്ടം ഗവര്‍ണറെ കാണാനെത്തിയപ്പോള്‍ ആദ്യമായി രാജ്ഭവന്റെ കരിങ്കല്‍ഗേറ്റിനുമുന്നില്‍ ചാനല്‍ലൈവുകളുടെ കുടകള്‍ വിടര്‍ന്നു. മുളച്ചുപൊന്തിയ ഒട്ടേറെ മൈക്കുകള്‍ക്കു മുന്നില്‍ നിന്ന്് ഉമ്മന്‍ചാണ്ടിയും കെ.എം. മാണിയും മലയാളത്തിലും ഇംഗ്ലീഷിലും മറുപടി പറഞ്ഞ് കുഴഞ്ഞു. തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞതോടെ ഏതുനിമിഷവും പ്രോസിക്യൂഷന്‍ അനുമതിയുണ്ടാകും എന്ന ധാരണ പരന്നു.ഓരോ വൈകുന്നേരവും തലസ്ഥാനം ആകാംക്ഷയില്‍ അടക്കം പറഞ്ഞു.
ഒടുവില്‍ ഞായറാഴ്ച ഉച്ചയോടെ ഗവര്‍ണറുടെ സുപ്രധാന തീരുമാനം പുറത്തു വന്നപ്പോള്‍ നാലുമാസത്തെ അഗ്‌നിപരീക്ഷണം കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ നിശ്വസിക്കുകയായിരുന്നു രാജ്ഭവന്‍ മുഴുവന്‍.
