വിചാരണ പൊതുതാത്‌പര്യം സംരക്ഷിക്കാന്‍ -ഗവര്‍ണര്‍

Posted on: 07 Jun 2009

ജി. ഷഹീദ്‌



കൊച്ചി:ലാവലിന്‍ കേസില്‍ ഒന്‍പതാം പ്രതിയായ പിണറായി വിജയനെ കോടതി വിചാരണ ചെയ്യേണ്ടത് പൊതു താത്പര്യം സംരക്ഷിക്കാന്‍ അനിവാര്യമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 40- ഓളം പേജുകള്‍ അടങ്ങിയതാണ് ഗവര്‍ണറുടെ ഉത്തരവ്.
വിശദമായി സിബിഐ ഹാജരാക്കിയ തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് പിണറായി വിജയനെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കിയ മന്ത്രിസഭയുടെ തീരുമാനം യുക്തിക്ക് നിരക്കാത്തതാണെന്ന നിഗമനത്തില്‍ ഗവര്‍ണര്‍ എത്തിയത്. അതനുസരിച്ചാണ് പ്രോസിക്യൂഷനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
ഭീമമായ ഈ അഴിമതി കേസിലെ ഒരു പ്രതി വിചാരണ നേരിടാതെ സര്‍ക്കാര്‍ താത്പര്യപ്രകാരം രക്ഷപ്പെടുന്നത് പൊതു താത്പര്യത്തിന് വിരുദ്ധമാണെന്നുള്ള നിയമോപദേശം ഗവര്‍ണര്‍ അംഗീകരിച്ചു. സിബിഐയുടെ തെളിവുകളും രേഖകളും സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടാണ് പിണറായിയെ പ്രോസിക്യൂഷനില്‍ നിന്ന് ഒഴിവാക്കിയ മന്ത്രിസഭാ തീരുമാനവുമായി ഗവര്‍ണര്‍ ശക്തമായി വിയോജിച്ചത്.

സിബിഐ ഹാജരാക്കിയിട്ടുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യവുമായി പിണറായിക്കുള്ള പങ്ക് മൂടിവെക്കാന്‍ കഴിയില്ലെന്നും ഇത്തരം അഴിമതി കേസുകളിലെ പ്രതികള്‍ എത്ര ഉന്നതരായാലും വിചാരണ നേരിടണമെന്നുള്ള പൊതു താത്പര്യത്തിന് മുന്‍ഗണന നല്‍കിക്കൊണ്ടാണ് ഗവര്‍ണറുടെ തീരുമാനം. 2004-ലെ സുപ്രീം കോടതിവിധി അനുസരിച്ചുള്ള മാര്‍ഗരേഖകള്‍ പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കണമെന്നുള്ള നിയമോപദേശം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വിലയിരുത്തി.
223 പേജുകളുള്ള സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് വളരെ വിശദമായി ഗവര്‍ണര്‍ പരിശോധിച്ചു. സാക്ഷിമൊഴികളുമായി അവ ഗവര്‍ണര്‍ ഒത്തുനോക്കുകയും വിശദീകരണം ആവശ്യമുള്ളവയില്‍ സിബിഐയുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു.
ലാവലിന്‍ കേസ് സംസ്ഥാന വിജിലന്‍സാണ് ആദ്യം അന്വേഷിച്ചത്. വിജിലന്‍സില്‍ നിന്ന് കേസ് എടുത്തുമാറ്റി സിബിഐ അന്വേഷണം അനിവാര്യമാണെന്ന് 2007 ജനവരിയില്‍ ഹൈക്കോടതി വിധിച്ചു. ഈ കേസില്‍ പിണറായി വിജയനെ പോലുള്ള പ്രതികളുടെ വിചാരണയും അനിവാര്യമാണെന്നുള്ളതിന് സിബിഐ ഹാജരാക്കിയ തെളിവുകളില്‍ നിന്ന് ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നല്‍കിയത്.

രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ ഈ കേസില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ സിബിഐ പിണറായിക്ക് എതിരെ ആരോപിക്കുന്നത് തെളിയിക്കുന്നതിനായി വിചാരണ കൂടിയേ തീരൂ. വിചാരണ കൂടാതെ ഒരു പ്രതിയെ കുറ്റവിമുക്തനാക്കുന്നത് നീതിനിഷേധമാണ്. ലാവലിന്‍ കേസിലെ വന്‍ സ്രാവുകളെ ഒഴിവാക്കി ചെറിയ മീനുകളെ അന്വേഷണ ഏജന്‍സി പിടികൂടുന്നതില്‍ അര്‍ഥമില്ലെന്നുള്ള ധ്വനി അന്വേഷണം സിബിഐക്ക് കൈമാറിയപ്പോള്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഉദ്യോഗസ്ഥരെ ബലിയാടാക്കിയ 'വന്‍ സ്രാവ്' തന്നെയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹത്തെ പ്രതിയാക്കാനുള്ള തെളിവുകള്‍ ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ മുമ്പാകെ സിബിഐ ബോധിപ്പിച്ചിരുന്നു. അത് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഗവര്‍ണറുടെ നടപടി.




MathrubhumiMatrimonial