
ഇനി വിചാരണ
Posted on: 07 Jun 2009
ജി. ശേഖരന്‍നായര്‍

തിരുവനന്തപുരം: രാഷ്ട്രീയകേരളം ഉറ്റുനോക്കിയിരുന്ന എസ്.എന്‍.സി. ലാവലിന്‍ കേസ്സില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് അനുമതി നല്‍കി.
ലാവലിന്‍ കേസ്സില്‍ ഒന്‍പതാം പ്രതിയായ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളിക്കൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ ത്തന്നെ വന്‍ചലനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന സുപ്രധാന തീരുമാനം ഗവര്‍ണര്‍
കൈക്കൊണ്ടത്. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം അതേപടി
അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം ഗവര്‍ണറെ അറിയിച്ചിരുന്നത്.
എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ തൃപ്തനാകാത്ത ഗവര്‍ണര്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള നിയമജ്ഞന്മാരുടെ ഉപദേശം തേടിയും സമാനസ്വഭാവത്തിലുള്ള കേസുകളിലെ സുപ്രീംകോടതി വിധികള്‍
കണക്കിലെടുത്തുമാണ് സ്വന്തം നിഗമനത്തില്‍ എത്തിയത്. മന്ത്രിസഭായോഗത്തില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉറച്ച നിലപാടിനും ഫലത്തില്‍ ഭരണത്തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന് നല്‍കിയ ഒരു ഗുഡ്‌സര്‍വീസ് കൂടിയായി ഈ തീരുമാനം.
അതേസമയം സുപ്രധാനമായ ഒരു തീരുമാനം എടുക്കുന്നതിനുമുന്‍പ് അഡ്വക്കേറ്റ് ജനറല്‍ ടെലിഫോണിലൂടെ ഈ വിഷയത്തെക്കുറിച്ച് ബാഹ്യശക്തികളുമായി ആശയവിനിമയം നടത്തിയ വിവരങ്ങളും സി.ബി.ഐ. ഗവര്‍ണറെ ബോധ്യപ്പെടുത്തിയിരുന്നു.
ഗവര്‍ണറുടെ തീരുമാനത്തില്‍ മുഖ്യമന്ത്രി അഭിപ്രായ പ്രകടനം നടത്തിയില്ലെങ്കിലും ഇതിനെ രാഷ്ട്രീയമായും നിയമപരമായും
നേരിടുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ. ഗവര്‍ണറുടെ അനുമതി ആവശ്യപ്പെട്ടത്. നാടകീയമായിട്ടായിരുന്നു സി.ബി.ഐ. ഉദ്യോഗസ്ഥനെ
ഗവര്‍ണര്‍ ഞായറാഴ്ച രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയത്. ഉച്ചയോടെ സി.ബി.ഐയുടെ അഡീഷണല്‍ എസ്.പി. പ്രേംകുമാര്‍
രാജ്ഭവനില്‍ എത്തുകയും ഗവര്‍ണറില്‍ നിന്ന് റിപ്പോര്‍ട്ട് നേരിട്ടു വാങ്ങുകയും ചെയ്തു. പ്രേംകുമാര്‍ ഒരു മണിക്കൂറോളം രാജ്ഭവനില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ടുമായി ഇറങ്ങിയ പ്രേംകുമാര്‍ രാജ്ഭവനുപുറത്ത് തടിച്ചുകൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരോട്
എന്തെങ്കിലും പറയാന്‍ കൂട്ടാക്കാതെ കാറില്‍ പാഞ്ഞുപോവുകയായിരുന്നു. 40 പേജുള്ള റിപ്പോര്‍ട്ട് സി.ബി.ഐ. ജോയിന്റ് ഡയറക്ടര്‍ കന്തസ്വാമിയുടെ പേരില്‍ മുദ്രവെച്ച കവറിലാണ് നല്‍കിയിരിക്കുന്നത്.
ഗവര്‍ണറുടെ തീരുമാനം പ്രത്യേകദൂതന്‍ വഴി സി.ബി.ഐയുടെ ചെന്നൈ ഓഫീസിലെത്തിക്കുമെന്ന് സി.ബി.ഐ. കേന്ദ്രങ്ങള്‍ പറഞ്ഞു. സി.ബി.ഐ.യുടെ ചെന്നൈയിലെ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം പൂര്‍ത്തിയാക്കി വിചാരണയ്ക്കുള്ള അനുമതിക്കായി ഗവര്‍ണറെ സമീപിച്ചത്. ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നില്ലെങ്കില്‍ സി.ബി.ഐ.യുടെ
'പ്രസ്റ്റീജിയസ്' കേസുകളില്‍ ഒന്നായ ലാവലിന്‍ കേസ് പ്രശ്‌നത്തിലാകുമായിരുന്നു.
പിണറായിക്കൊപ്പം മുന്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ
കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെയും വിചാരണ ചെയ്യാന്‍ സി.ബി.ഐ.
അനുമതി തേടിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. മുന്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍മാരായ ആര്‍. ശിവദാസന്‍, പി.എ. സിദ്ധാര്‍ഥമേനോന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗയ്യര്‍, മുന്‍ അക്കൗണ്ട്‌സ് മെമ്പര്‍ കെ.ജി. രാജശേഖരന്‍നായര്‍, ലാവലിന്‍ വൈസ് പ്രസിഡന്റ് ക്ലോസ്സ്ട്രന്റ്, ലാവലിന്‍ കമ്പനി എന്നിവരാണ് മറ്റുപ്രതികള്‍.
