
മാധവിക്കുട്ടിയുടെ ജീവിതം ഗ്രീക്കുദുരന്തനാടകം പോലെ - പി. പരമേശ്വരന്‍
Posted on: 03 Jun 2009

സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ അസാമാന്യ വൈഭവം, സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള തീവ്രാഭിലാഷം, അതിരുകളില്ലാത്ത സ്‌നേഹോന്മാദം മുതലായവ കൊണ്ട് അനുഗൃഹീതയായിരുന്ന മാധവിക്കുട്ടി പലപ്പോഴും വികാരാവേശത്തിന് അടിമപ്പെട്ടുപോയിരുന്നു.ആളുകളെയും അവസരങ്ങളെയും കൃത്യമായി വിലയിരുത്തുന്നതില്‍ അവര്‍ക്ക് പിഴവു പറ്റിയിരുന്നു.''എടുത്ത തീരുമാനങ്ങളില്‍ പലപ്പോഴും അവര്‍ ചഞ്ചലചിത്തയായിരുന്നു. അത് അവരുടെ ആത്മസുഹൃത്തുക്കളെയും ആരാധകരെയും കഠിനമായി വേദനിപ്പിച്ചിട്ടുണ്ട്. അസ്വസ്ഥവും വ്യഥിതവുമായിരുന്ന അവരുടെ ആത്മാവ് അന്ത്യംവരെ, എത്തിപ്പിടിക്കാന്‍ കഴിയാത്ത എന്തോ മഹാസങ്കല്പത്തെ തേടി അലയുകയായിരുന്നു. ഗ്രീക്കുദുരന്തനാടകങ്ങളെ പോലെ, അവരുടെ ജീവിതവും മരണവും ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ സഹതാപത്തിലും സങ്കടത്തിലും കൂടി ആത്മശുദ്ധീകരണത്തിനും ആത്മനിരീക്ഷണത്തിനും പ്രേരിപ്പിക്കും എന്നതിന് സംശയമില്ല'' - പരമേശ്വരന്‍ അഭിപ്രായപ്പെട്ടു.
അവരുടെ ശവശരീരം സംസ്‌കരിക്കേണ്ടത്, സ്വന്തം കഥകളിലൂടെ അവര്‍ ശാശ്വതീകരിച്ച പരിസരങ്ങളില്‍, പിറന്നുവീണ തറവാട്ടിലെ മണ്ണില്‍ത്തന്നെ ആയിരിക്കണമെന്ന പ്രൊഫ. അഴീക്കോടിന്റെ അഭിപ്രായം സുചിന്തിതവും ഔചിത്യപൂര്‍ണവുമായിരുന്നുവെന്നും പരമേശ്വരന്‍ അഭിപ്രായപ്പെട്ടു. പക്ഷേ, അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് സര്‍വസാധാരണമായ ഒരന്ത്യമാകുമായിരുന്നു. ദുരന്തനാടകത്തിന്റെ തീക്ഷ്ണത പാടേ നഷ്ടപ്പെട്ടുപോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
