ഇര്‍ഷാദിനും ഇംതിയാസിനും കമല പണ്ടേ അമ്മ

Posted on: 03 Jun 2009

എം.ഹരികുമാര്‍



തിരുവനന്തപുരം: ഡാര്‍ജിലിങ് സര്‍വകലാശാലയിലെ ഇംഗ്ലീഷ് വകുപ്പുമേധാവിയായ പ്രൊഫസര്‍ ഇര്‍ഷാദ് ഗുലാം അഹമ്മദും അനുജന്‍ കല്‍ക്കത്ത സര്‍വകലാശാലയിലെ നിയമവകുപ്പുമേധാവി പ്രൊഫസര്‍ ഇംതിയാസ് അഹമ്മദും ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയത് തങ്ങളെ പ്രസവിക്കാത്ത അമ്മയ്ക്ക് അന്തിമാഞ്ജലിയര്‍പ്പിക്കാനായിരുന്നു. കവിതയിലൂടെ അറിഞ്ഞ അമ്മയുടെ ഖബറിടത്തില്‍ ആ സഹോദരന്മാര്‍ നിശ്ശബ്ദം പ്രണമിച്ചു. ഇസ്‌ലാമിന്റെ മാര്‍ഗം സ്വീകരിക്കുന്നതിനും എത്രയോ മുമ്പേ കമലാസുരയ്യ സ്വീകരിച്ച ദത്തുപുത്രന്മാരായിരുന്നു ഇര്‍ഷാദും ഇംതിയാസും. മതങ്ങള്‍ക്കപ്പുറമുള്ള കവിതയുടെ സ്ലേഹവാത്സല്യങ്ങളാണ് മുപ്പത്തഞ്ചു വര്‍ഷം മുമ്പ് അവരെ കമലാദാസ് എന്ന ഇംഗ്ലീഷിലെഴുതുന്ന മലയാളി കവയിത്രിയിലേക്ക് വലിച്ചടുപ്പിച്ചത്.

മാധവിക്കുട്ടിക്ക് ചരമോപചാരമര്‍പ്പിക്കാന്‍ കടലിനപ്പുറത്തുനിന്നും ഒരാളെത്തി. അവരുടെ കാനഡക്കാരിയായ ജീവചരിത്രകാരിയും നിരൂപകയുമായ മെറിലി വൈസ്‌ബോര്‍ഡിന്റെ മകള്‍ ക്ലിയോ പാസ്‌കല്‍.

മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ കമലയുടെ കവിതകള്‍ വായിച്ച് ആരാധന മൂത്ത് കുടുംബത്തിലെ നിത്യസന്ദര്‍ശകയായിത്തീര്‍ന്നു ഇര്‍ഷാദും അനിയന്‍ ഇംതിയാസും. പിന്നീട് അവരുടെ ദത്തുപുത്രന്മാരായി മാറി.
കമല ഇര്‍ഷാദിന് 'സാര്‍വലൗകികയായ അമ്മ'യാണ്. അവരുടെ സ്‌നേഹം എല്ലാ വേര്‍തിരിവുകളെയും മാറ്റി സ്വച്ഛന്ദം പ്രവഹിക്കുന്ന നദി പോലെയാണെന്ന് പ്രൊഫസര്‍ ഇര്‍ഷാദ് അടക്കിപ്പിടിച്ച വേദനയോടെ അനുസ്മരിച്ചു.1975 മുതല്‍ കമലയുടെ മുംബൈയിലെയും കല്‍ക്കത്തയിലെയും കൊച്ചിയിലെയും വീടുകളില്‍ ഇര്‍ഷാദും കുടുംബവും വന്ന് താമസിച്ചിരുന്നു.

പ്രൊഫസര്‍ ഇംതിയാസ് അഹമ്മദിനും കമല അമ്മയാണ്. എല്ലാവര്‍ഷവും ഇരുവരും അമ്മയുടെ വീട്ടില്‍വന്ന് വിരുന്നുപാര്‍ക്കാറുണ്ട്.
ഡാര്‍ജിലിങ്ങിലെ സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പലായ ഡോ. ലളിതാ റായ് അഹമ്മദാണ് ഇര്‍ഷാദിന്റെ ഭാര്യ. ഇരുവരും പുണെയിലെ വീട്ടിലും കബറടക്കിയ പാളയത്തുമെത്തി തങ്ങളുടെ സ്‌നേഹവായ്പ് മറയില്ലാതെ സ്‌നേഹഗായികയ്ക്ക് നല്‍കിയാണ് ഡാര്‍ജിലിങ്ങിലേക്ക് മടങ്ങിയത്.

ജീവചരിത്രകാരിയ അമ്മ മെറിലിയുടെ പ്രതിനിധിയായാണ് ക്ലിയോ പാസ്‌കല്‍ കമലയ്ക്ക് അന്തിമാഞ്ജലി അര്‍പ്പിക്കാനെത്തിയത്.കമലയുടെ കൃതികള്‍ക്ക് കാനഡയിലും നിരവധി ആരാധകരുണ്ടെന്ന് ക്ലിയോ പറയുന്നു.രണ്ടുതവണ കാനഡയിലെ മോണ്‍ട്രിയലിലെ വീട്ടില്‍ കമലാസുരയ്യ എത്തിയത് ക്ലിയോ അനുസ്മരിച്ചു.
സ്‌നേഹഗായികയായ കമലയുടെ കൃതികള്‍ നോബല്‍സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ലഭിച്ചില്ലല്ലോ എന്ന നിരീക്ഷണത്തെപ്പറ്റി ക്ലിയോ വാചാലയായി. ''ഇത്തരം സമ്മാനങ്ങള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. നോബല്‍ സമ്മാനം കിട്ടിയ ഏതൊരു കവിക്കും കിട്ടിയതിനേക്കാള്‍ ഒരു പ്രിയത കമലയ്ക്കുണ്ടെന്ന് ഞാനിന്ന് കണ്ടതാണ്. അന്താരാഷ്ട്ര സമ്മാനങ്ങള്‍ക്ക് അപ്പുറമാണ് കമലയുടെ കൃതികളുടെ മൂല്യം. 'സമ്മര്‍ ഇന്‍ കല്‍ക്കത്ത' വായിക്കുന്നതുവരെ ഞാന്‍ കറുപ്പും വെളുപ്പും മാത്രം നിറഞ്ഞ ലോകത്തായിരുന്നു. ആ കൃതി എന്നില്‍ നിറങ്ങള്‍ നിറച്ചു'' - ക്ലിയോ പറഞ്ഞു.ക്ലിയോ പാസ്‌കലിന്റെ അമ്മ കമലാദാസിന്റെ ജീവചരിത്രം എഴുതി പൂര്‍ത്തീകരിച്ചിരിക്കുകയാണ്. അത് ഉടനെ പ്രസിദ്ധീകരിക്കും.

അമ്മയ്ക്ക് യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ കമലയെ ഒരുനോക്ക് കാണാനായാണ് ക്ലിയോ പാസ്‌കല്‍ പുണെയിലെ ആസ്​പത്രിയിലെത്തിയത്. പിന്നീട് മൃതദേഹത്തെ തിരുവനന്തപുരം വരെ അനുഗമിച്ചു. എസ്.സി.എം.എസില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ വിസിറ്റിങ് പ്രൊഫസറായ ക്ലിയോ പാസ്‌കല്‍ ബി.ബി.സി.യിലെ പത്രപ്രവര്‍ത്തക കൂടിയാണ്.



MathrubhumiMatrimonial